മലപ്പുറം: വേങ്ങരയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി മുസ്ലിം ലീഗില്‍ ചേരിതിരിവ് രൂക്ഷമാകുന്നുവെന്ന് റിപ്പോർട്ടയുകൾ. സ്ഥാനാര്‍ത്ഥികളാകാന്‍ കൂടുതല്‍ പേര്‍ രംഗത്തുവന്നതും കെപിഎ മജീദും കെഎന്‍എ ഖാദറും സ്വീകാര്യരല്ലെന്ന നിലപാട് ഒരു വിഭാഗം സ്വീകരിച്ചതും ചേരി തിരിവ് രൂക്ഷമാക്കിയെന്ന് മീഡിയാ വൺ റിപ്പോർട്ട് ചെയ്യുന്നു. പരസ്യ വിമര്‍ശം നടത്തിയ എംഎസ്എഫ് നേതാവിനെതിരെ പാര്‍ട്ടി നടപടിയെടുത്തത് കൂടുതല്‍ വിമത ശബ്ദങ്ങളുണ്ടാകുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണാണ് വിലയിരുത്തൽ.

നിലവിലെ മുസ്ലിം ലീഗിന്‍റെ പതിനെട്ട് എംഎല്‍എമാരുടെയും പ്രായം നാല്‍പത് വയസ്സിന് മുകളിലാണ്. അതുകൊണ്ടു തന്നെ വേങ്ങരയില്‍ ഒരു യുവാവിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് യൂത്ത് ലീഗും എംഎസ്എഫും ആവശ്യപ്പെടുന്നത് .ഇരു സംഘടനകളും ഇക്കാര്യം ഔദ്യോഗികമായി തന്നെ പാണക്കാട് തങ്ങളെ അറിയിച്ചിട്ടുണ്ട്. യുവാക്കളെ അവഗണിക്കുന്നതിലുള്ള അമര്‍ഷത്തിലാണ് എംഎസ്എഫ് അഖിലേന്ത്യാ ജോയിന്‍റ് സെക്രട്ടറി എന്‍ എ കരീം പരസ്യ പ്രതികരണം നടത്തിയത്.

ജനം തോല്‍പ്പിക്കുന്നത് വരെ മല്‍സരിക്കാന്‍ പാര്‍ട്ടി അവസരം നല്‍കിയ ആള്‍ എന്നാണ് കെപിഎ മജീദിനെ കരീം പരാമര്‍ശിക്കുന്നത്. ജനകീയനല്ലെന്നാണ് കെഎന്‍എ ഖാദറിനെക്കുറിച്ചുള്ള പരാമര്‍ശം. കരീമിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പാര്‍ട്ടിയില്‍ വ്യാപക ചര്‍ച്ചകള്‍ക്ക് വഴിവെച്ചു. ഈ വികാരം പങ്കുവെച്ച് നിരവധി ലീഗ് പ്രവര്‍ത്തര്‍ സാമൂഹ്യമാധ്യമങ്ങളില്‍ രംഗത്തുവന്നു.

അപസ്വരങ്ങളില്ലാതെ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുകയെന്ന കനത്ത വെല്ലുവിളിയാണ് മുസ്ലിം ലീഗ് നേതൃത്വത്തിന് മുന്നില്‍ ഇപ്പോഴുള്ളത്. എല്‍ഡിഎഫാകട്ടെ മുസ്ലിം ലീഗിലെ വിമത നീക്കങ്ങളെ നിരീക്ഷിച്ച് സ്ഥാനാര്‍ത്ഥി നിര്‍ണയം പരമാവധി വൈകിപ്പിക്കുന്ന തന്ത്രമാണ് സ്വീകരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ