മലപ്പുറം: വേങ്ങര നിയമസഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പിന് ഒരുങ്ങുന്പോൾ മുഖ്യ എതിരാളികൾ തമ്മിൽ സാമ്യങ്ങളേറെയാണ്. മുസ്‌ലിം ലീഗിലെ കെ എൻ എ ഖാദറും സി പി എമ്മിലെ പി പി ബഷീറുമാണ് നേരിട്ട് ഏറ്റുമുട്ടുന്ന എതിരാളികൾ. ലീഗിന്റെ ഉറച്ച മണ്ഡലം ആ മണ്ഡലത്തിൽ ലീഗിന്റെ മുതിർന്ന നേതാവായ പി കെ കുഞ്ഞാലിക്കുട്ടിയോട് ഏറ്റുമുട്ടി മികച്ച പ്രകടനം കാഴ്ചവച്ച പാരമ്പര്യവുമായാണ് ബഷീർ ഇക്കുറി ഉപതിരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. ലീഗുകാർ പ്രതീക്ഷിച്ച ഈസി വാക്കോവർ കുഞ്ഞാലിക്കുട്ടിക്ക് അനുവദിക്കാൻ തയ്യാറാകാത്ത ബഷീർ ഇത്തവണ മാജിക് കാട്ടുമോ? ആരാണ് ഈ ബഷീർ?. കുഞ്ഞാലിക്കുട്ടിയുടെ പിൻഗാമായിയായി ലീഗ് കണ്ടെത്തിയിരിക്കുന്നത് കെ എൻഎ ഖാദറിനെയാണ്. ഇതിന് മുമ്പും നിയമസഭയിൽ ലീഗിനെ പ്രതിനിധീകരിച്ച് നേതാവ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മാറിനിൽക്കേണ്ടി വന്ന നേതാവിന് അധികം വൈകാതെ നിയമസഭയിലേയ്ക്ക് മത്സരിക്കാൻ കൈവന്ന അവസരം.
എതിരാളികളുടെ രണ്ടുപേരുടെയും രാഷ്ട്രീയപാരമ്പര്യത്തിൽ കമ്മ്യൂണിസം അടങ്ങയിരിക്കുന്നു. സി പി എമ്മിന്റെ നേതാവാണ് ബഷീറെങ്കിൽ സി പി ഐ നേതാവായിരുന്നു കെ എൻ എ ഖാദർ. സി പി ഐ രാഷ്ട്രീയം ഉപേക്ഷിച്ചാണ് അദ്ദേഹം മുസ്‌ലിം ലീഗിൽ ചേർന്നത്. ലീഗിലെ പ്രധാന നേതാവായി മാറിയപ്പോഴും സി പിഐയും കമ്മ്യൂണിസവും മാർക്സിസവും എല്ലാം ചേർത്തു തന്നെയാണ് ഖാദറിന്റെ പ്രസംഗവും പ്രഭാഷണവും നിലപാടുകളും ഉരുത്തിരിയുന്നത്. ഖാദറിന്റെ കന്നയിങ്കവും ലീഗിനെതിരായിരുന്നു. അന്ന് അവുക്കാദർ കുട്ടി നഹയ്ക്കെതിരായിട്ടായിരുന്നു സി പി ഐയുടെ യുവ പോരാളിയായിരുന്ന ഖാദറിന്റെ പോരാട്ടം. മത്സരത്തിൽ തോറ്റെങ്കിലും ഖാദർ രാഷ്ട്രീയ മണ്ഡലത്തിൽ തന്റെ സാന്നിദ്ധ്യം അറിയിച്ചു. ബഷീറും ആദ്യ പോരാട്ടം ലീഗിന്റെ കരുത്തനായ നേതാവിനെതിരായിരുന്നു. ഇരുകൂട്ടരും മികച്ച അഭിഭാഷകർ എന്ന പേരെടുത്തവർ. അങ്ങനെ സാമ്യങ്ങളാണ്
അടുത്ത മാസം പതിനൊന്നാണ് വേങ്ങര ഉപതിരഞ്ഞെടുപ്പ്. വാശിയേറിയ മത്സരത്തിനുളള അരങ്ങാണ് നിലവിൽ വേങ്ങരയിൽ ഒരുങ്ങിയിട്ടുളളത്. നിലവിലെ ഭൂരിപക്ഷം വർധിപ്പിക്കയെന്നത് ലീഗിന്റെ ആവശ്യമാണ്. ദേശീയ വിഷയങ്ങൾ മുതൽ പ്രാദേശിക തർക്കങ്ങൾ വരെ അണികൾ ക്യാംപെയിനായി തയ്യാറായിക്കി കഴിഞ്ഞു.
എതിരാളികൾ കൊമ്പുകോർക്കാനൊരുങ്ങുമ്പോൾ കെ എൻ എ ഖാദറും പി പി ബഷീറും ആരാണ്?
കെ എൻ എ ഖാദർ
അഭ്യൂഹങ്ങള്‍ക്കും നാടകീയ രംഗങ്ങള്‍ക്കുമൊടുവില്‍ മുസ്ലിം ലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി കെ എന്‍ എ ഖാദറിനെ പാര്‍ട്ടി വേങ്ങര നിയമസഭാ ഉപതെഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുത്തിരിക്കുന്നു. രണ്ടു തവണ എം എല്‍ എ ആയി സഭയില്‍ തിളങ്ങിയ തന്നെ 2016-ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ തഴഞ്ഞതിലുള്ള അതൃപ്തി ഉള്ളിലൊതുക്കിക്കഴിഞ്ഞ ഖാദര്‍ ഒരു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ലീഗിന്റെ ഉറച്ച മണ്ഡലത്തില്‍ നിന്നും വീണ്ടും സഭയിലെത്തുകയാണ്. മികച്ച പ്രഭാഷകനും വാഗ്മിയുമായ ഖാദറിന് കഴിഞ്ഞ തവണ വിനയായത് മണ്ഡലത്തില്‍ ജനകീയനായില്ലെന്ന അണികളുടെ ആക്ഷേപമാണ്.
എങ്കിലും എം എല്‍ എ സ്ഥാനത്തിനു പകരം പാര്‍ട്ടി മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി പദവി കയ്യിലേല്‍പ്പിച്ച് കഴിഞ്ഞ വര്‍ഷം പാര്‍ട്ടി അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നല്‍കിയ വാഗ്ദാനം നിറവേറിയ നിര്‍വൃതിയിലായിരിക്കുമിപ്പോള്‍ ഖാദര്‍. 2016-ലെ നിയമസഭാ തെരഞ്ഞെടുപ്പു മത്സര രംഗത്തു നിന്നും മാറ്റിയ ഖാദറിന് മികച്ച മറ്റൊരു അവസരം നല്‍കുമെന്നായിരുന്നു അന്ന് ഹൈദരലി തങ്ങള്‍ പറഞ്ഞത്. കാര്യങ്ങള്‍ അപ്രതീക്ഷിതമായി മാറിമറിഞ്ഞ് ഒരു വര്‍ഷത്തിനു ശേഷം ആ അവസരം വന്നപ്പോള്‍ അത് ഖാദറിനു തന്നെ ലഭിക്കുകയും ചെയ്തു.
ഇതു നാലാം തവണയാണ് 67-കാരനായ ഖാദര്‍ നിയമസഭയിലേക്ക് മത്സരിക്കുന്നത്. 1982-ല്‍ തിരൂരങ്ങാടി നിയമസഭാ മണ്ഡലത്തില്‍ സിപിഐ സ്ഥാനാര്‍ത്ഥിയായി മുസ്ലിം ലീഗിനെതിരെ മത്സരിച്ചതാണ് കെഎന്‍എ ഖാദറിന്റെ കന്നിയങ്കം. അന്ന് എതിര്‍സ്ഥാനാര്‍ത്ഥി മുന്‍ ഉപമുഖ്യമന്ത്രി കെ. അവുഖാദര്‍കുട്ടി നഹയോട് പരാജയപ്പെട്ടു. അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം 1987-ല്‍ കെഎന്‍എ ഖാദര്‍ സിപിഐ വിട്ട് ലീഗില്‍ ചേര്‍ന്നു. പിന്നീട് 2001-ലാണ് ലീഗ് സ്ഥാനാര്‍ത്ഥിയായി കോണ്ടോട്ടിയില്‍ നിയമസഭാ പോരാട്ടത്തിനിറങ്ങിയത്. ജയിക്കുകയും ചെയ്തു. 2006-ല്‍ ലീഗ് ചരിത്രത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പു പരാജയം ഏറ്റുവാങ്ങിയ തെരഞ്ഞെടുപ്പില്‍ ഖാദറിന് സീറ്റ് നല്‍കിയിട്ടില്ലായിരുന്നു. പിന്നീട് മറ്റൊരു ഇടവേളയ്ക്കു ശേഷം 2011-ല്‍ വള്ളിക്കുന്നില്‍ നിന്നു വീണ്ടും ജയിച്ച് നിയമസഭയിലെത്തി. ഈ തെരഞ്ഞെടുപ്പിനു മുമ്പ് 2008-ല്‍ നടന്ന നിയമസഭാ മണ്ഡല പുനര്‍നിര്‍ണയത്തിലെ ഖാദറിന്റെ ഇടപെടലുകള്‍ ലീഗിന്റെ രണ്ടാം വരവില്‍ നിര്‍ണായകമായിരുന്നു.
കൊണ്ടോട്ടിയില്‍ നിന്ന് വള്ളിക്കുന്നിലെത്തിയപ്പോഴേക്കും ഖാദര്‍ മാറിയിരുന്നു. പ്രഭാഷണ മികവും കാര്യങ്ങലെ ആര്‍ട്ടികുലേറ്റ് ചെയ്യുന്നതിലുള്ള തെളിമയും ഖാദറിനെ മികച്ച സാമാജികനാക്കി. വള്ളിക്കുന്നില്‍ ഒട്ടേറെ വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയെങ്കിലും ജനപ്രിയനാകുന്നതില്‍ ഒരു പരിധി വരെ ഖാദര്‍ വിജയിച്ചില്ല എന്നതാണ് കഴിഞ്ഞ തവണ തഴയപ്പെടാനിടയാക്കിയത്.
ഖാദറിന്റെ സ്ഥാനാര്‍ത്ഥിത്തിനു മുമ്പിലെ മറ്റൊരു വെല്ലുവിളിയായിരുന്നു പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്. മത്സരിക്കാനുള്ള താല്‍പര്യം മജീദ് പ്രകടിപ്പിച്ചാല്‍ പാര്‍ട്ടിയില്‍ ആരും എതിര്‍പ്പ് പ്രകടിപ്പിക്കാത്ത ഒരു സാഹചര്യമായിരുന്നു നിലവിലുണ്ടായിരുന്നത്. എന്നാല്‍ മികച്ച സംഘാടകനായ പാര്‍ട്ടി നേതാവ് എന്നതിലുപരി തെരഞ്ഞെടുപ്പു ഗോഥയില്‍ മജീദിനെ കാണാന്‍ ഇഷ്ടപ്പെടാത്ത വലിയൊരു വിഭാഗം സാധാരണക്കാരായ അണികളുടെ വികാരത്തെ മുന്‍കൂട്ടി കണ്ടറിയുന്നതില്‍ വിജയിച്ച മജീദ് താന്‍ വേങ്ങരയില്‍ മത്സരത്തിനില്ലെന്ന പ്രഖ്യാപിച്ചതോടെ ഖാദറിനു വഴി എളുപ്പമായി.
സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന്റെ അവസാന നിമിഷം വരെ നാടകീയതകള്‍ക്കിടയാക്കിയ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി യു എ ലത്തീഫായിരുന്നു മറ്റൊരു സാധ്യത. ഇന്നലെ നടന്ന യോഗത്തിലേക്ക് ലത്തീഫിനെ പെട്ടെന്ന് വിളിച്ചു വരുത്തിയതാണ് അഭ്യൂഹങ്ങള്‍ക്ക് ശക്തിപകര്‍ന്നത്. ലീഗിന്റെ പ്രധാന വോട്ട് ബാങ്കായ സമസ്ത കേരള ജംഇയത്തുല്‍ ഉലമയുടേയും പോഷക സംഘടനകളുടേയും ശക്തമായ പിന്തുണയും ലത്തീഫിനുണ്ടായിരുന്നു. എങ്കിലും ഖാദറിന്റെ നിയമസഭാ പരിചയവും മലപ്പുറം ജില്ലാ സെക്രട്ടറി എന്ന നിലയിലും യുഡിഎഫ് ജില്ലാ കണ്‍വീനര്‍ എന്ന നിലയിലും മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച മികവും കാര്യങ്ങളെ അദ്ദേഹത്തിന് അനൂകലമാക്കുകയായിരുന്നു. ഖാദര്‍ വഹിച്ച ജില്ലാ ജനറല്‍ സെക്രട്ടറി പദവി ലത്തീഫിനെ പാര്‍ട്ടി ഏല്‍പ്പിക്കുകയും ചെയ്തു.
ലീഗിനുള്ളിലെ മുസ്ലിം സംഘടനകള്‍ തമ്മിലുള്ള പോരുകളില്‍ ഒരു പക്ഷത്തും നില്‍ക്കാത്ത നേതാവാണ് ഖാദര്‍ എന്നതും അദ്ദേഹത്തെ മികച്ച സ്ഥാനാര്‍ത്ഥിയാക്കുന്നു. മജീദ് മുജാഹിദ് (സലഫി) വിഭാഗത്തെ പ്രതിനിധീകരിക്കുന്നുവെന്നത് മുന്‍ തെരഞ്ഞെടുപ്പുകളിലെല്ലാം അദ്ദേഹത്തിന് വിനയായതാണ്. ലീഗിന്റെ ഭൂരിപക്ഷം വോട്ടു ബാങ്കും പാണക്കാട് കുടുംബവും സുന്നി വിഭാഗക്കാരാണ്. അതേസമയം സുന്നി കുടുംബ പശ്ചാത്തലമുള്ള ഖാദര്‍ എല്ലാ സംഘടനകളോടും തുല്യ അകലം പാലിക്കുന്നതില്‍ അതീവ ശ്രദ്ധപുലര്‍ത്തുന്നയാളാണ്. ഇതും അദ്ദേഹത്തിന് ഗുണകരമായി.
67-കാരനായ ഖാദര്‍ മികച്ച അഭിഭാഷകന്‍ കൂടിയാണ്.
മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി, എസ്.ടി.യു സംസ്ഥാന പ്രസിഡന്റ്, റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി മെമ്പര്‍, കേരള വഖഫ് ബോര്‍ഡ് മെമ്പര്‍, കേരള ഹജ്ജ് കമ്മിറ്റി മെമ്പര്‍, നാഷണല്‍ സേവിങ് സ്‌കീം അഡൈ്വസറി കമ്മിറ്റി മെമ്പര്‍, ലൈബ്രറി കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ്, മോയീന്‍കൂട്ടി വൈദ്യര്‍ സ്മാരക കമ്മിറ്റി ചെയര്‍മാര്‍, സെറിഫെഡ് ചെയര്‍മാന്‍, പ്രഥമ മലപ്പുറം ജില്ലാ കൗണ്‍സിലിന്റെ വൈസ് പ്രസിഡന്റ്, എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ഏഴുത്തുകാരന്‍ കൂടിയായ ഖാദര്‍ നിരവധി പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. സാബിറയാണ് ഭാര്യ. ഇംതിയാസ്, നസീഫ്, അഹമ്മദ് സയാന്‍, മുഹമ്മദ് ജൗഹര്‍, അയിഷ ഫെമിന്‍ എന്നിവര്‍ മക്കളാണ്.
പി പി ബഷീർ
വേങ്ങരയില്‍ എല്‍ ഡി എഫ് രംഗത്തിറക്കിയ പി പി ബഷീര്‍ ആണ് മണ്ഡലത്തില്‍ ഇടതുപക്ഷത്തിന് ലഭ്യമായ ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥി. 2016-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ബഷീറിന്റെ മുഖം മണ്ഡലത്തില്‍ സുപരിചിതമാണ്. കഴിഞ്ഞ വര്‍ഷത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വേങ്ങരയില്‍ പി കെ കുഞ്ഞാലിക്കുട്ടിയോട് തോറ്റ ബഷീര്‍ അഭിഭാഷക വൃത്തിയില്‍ കൂടുതല്‍ ശ്രദ്ധപതിപ്പിക്കാനുള്ള ഒരുക്കത്തിലായിരുന്നു. അതിനിടെയാണ് വീണ്ടും മത്സര രംഗത്തിറക്കാന്‍ പാര്‍ട്ടി അദ്ദേഹത്തെ തെരഞ്ഞെടുത്തിരിക്കുന്നത്. സിപിഎം തിരൂരങ്ങാടി ഏരിയ കമ്മിറ്റി അംഗം കൂടിയായ ബഷീര്‍ 2008-ല്‍ രൂപീകരിച്ച വേങ്ങര മണ്ഡലത്തില്‍ ഇതുവരെ നടന്ന തെരഞ്ഞെടുപ്പുകളില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടിയ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയാണ്.
2016 തെരഞ്ഞെടുപ്പില്‍ വേങ്ങര മണ്ഡലത്തില്‍ 34,124 വോട്ടാണ് ബഷീര്‍ നേടിയത്. ഏറ്റവുമൊടുവില്‍ നടന്ന മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച ഇടതുപക്ഷ സ്ഥാനാര്‍ത്ഥിക്ക് വേങ്ങരയില്‍ നിന്ന് ലഭിച്ചത് 33,275 വോട്ടുകളായിരുന്നു. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വേങ്ങരയില്‍ നിന്ന് സ്വന്തമാക്കിയത് വെറും 17,691 വോട്ടുകളെ നേടാനിയിരുന്നുള്ളൂ. ലീഗിന്റെ ഉരുക്കു കോട്ടയായ വേങ്ങര എല്‍ ഡി എഫിലെ ഘടകകക്ഷികള്‍ പോലും വേണ്ടെന്ന് വച്ചപ്പോഴാണ് സിപിഎം തന്നെ ഏറ്റെടുത്ത് ആദ്യമായി പാര്‍ട്ടി ചിഹ്നത്തില്‍ സ്വന്തം സ്ഥാനാര്‍ത്ഥിയായ ബഷീറിനെ രംഗത്തിറക്കിയത്. ബഷീറിലൂടെ വോട്ടുനില ഇനിയും മെച്ചപ്പെടുത്താനാകുമെന്ന പ്രതീക്ഷയിലാണ് സിപിഎമ്മും എല്‍ഡിഎഫും.
മികച്ച പ്രഭാഷകന്‍ കൂടിയായ ബഷീര്‍ ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗം കൂടിയാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പിലൂടെയാണ് പാര്‍ലമെന്ററി രാഷ്ട്രീയത്തിലെത്തിയത്. 2000- 2005 കാലയളവില്‍ എ ആര്‍ നഗര്‍ പഞ്ചായത്ത് ഭരണസമിതിയില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായിരുന്നു. 2007 മുതല്‍ 2011 വരെ തിരൂര്‍ കോടതിയില്‍ അഡിഷണല്‍ ഗവ. പ്ലീഡറായും പബ്ലിക് പ്രൊസിക്യൂട്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
വേങ്ങര മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന എ ആര്‍ നഗര്‍ പഞ്ചായത്തിലെ മമ്പുറം സ്വദേശിയാണ് 50-കാരനായ ബഷീര്‍. എഴുത്തുകാരിയായ ഡോ. കെ പി ഷംസാദ് ഹുസൈനാണ് ഭാര്യ. ശ്രീ ശങ്കാരാചാര്യ സംസ്‌കൃത സര്‍വകലാശാല തിരൂര്‍ കേന്ദ്രത്തില്‍ പ്രൊഫസറാണ്. ഇനിയ ഇശല്‍ ഏക മകള്‍.