വേങ്ങര: വേങ്ങര നിയോജക മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ലീഗിന്റെ ഭൂരിപക്ഷത്തിലുണ്ടായ കുറവ് പരിശോധിക്കാൻ തീരുമാനം. വേങ്ങരയിൽ ലീഗിന്റെ വോട്ട് കുറഞ്ഞതിന് പിന്നിലെ കാരണങ്ങൾ പരിശോധിക്കുമെന്ന് ലീഗ് ദേശീയ നേതാവ് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

“വേങ്ങരയിൽ പ്രതീക്ഷിച്ച ഭൂരിപക്ഷമല്ല ലീഗിന് ലഭിച്ചത്. വലിയ തോതിൽ വോട്ട് കുറഞ്ഞിട്ടുണ്ട്. വേങ്ങരയിലെ നിഷ്പക്ഷരായ ആളുകളുടെ വോട്ടുകൾ ലീഗിന് ലഭിച്ചില്ല. ഇതിന്റെ കാരണം മലപ്പുറം ജില്ല കമ്മിറ്റി പരിശോധിക്കും. വോട്ട് ചോർന്നിട്ടുണ്ടോയെന്ന കാര്യവും അവർ പരിശോധിക്കും”, കുഞ്ഞാലിക്കുട്ടി പറഞ്ഞു.

23310 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഉപതിരഞ്ഞെടുപ്പിൽ ലീഗ് സ്ഥാനാർത്ഥി കെഎൻഎ ഖാദർ വിജയിച്ചത്. കഴിഞ്ഞ ലോക്സഭ ഉപതിരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടിക്ക് വേങ്ങര നിയോജക മണ്ഡലത്തിൽ മാത്രം 41000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചിരുന്നു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ഇതേ മണ്ഡലത്തിൽ മത്സരിച്ച് വിജയിച്ച പികെ കുഞ്ഞാലിക്കുട്ടിക്ക് 38000 ത്തിലധികം ഭൂരിപക്ഷമുണ്ടായിരുന്നു.

ചെറിയ കാലയളവിനിടെ വേങ്ങരയിൽ ലീഗിന്റെ വോട്ട് കുത്തനെ ഇടിഞ്ഞതാണ് നേതൃത്വത്തെ അങ്കലാപ്പിലാക്കിയത്. പികെ കുഞ്ഞാലിക്കുട്ടിയുടെ വ്യക്തിപ്രഭാവമാണിതെന്ന് ആദ്യം പറഞ്ഞെങ്കിലും, ഇതിന് പിന്നിലെ യഥാർത്ഥ കാരണമറിയാനുള്ള പരിശ്രമത്തിലാണ് ലീഗ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ