വേങ്ങര നിയമസഭാ തിരഞ്ഞെടുപ്പ് ഞെട്ടിക്കുന്ന അത്ഭുതങ്ങളൊന്നും സൃഷ്ടിച്ചില്ല, പതിവു പോലെ ലീഗ് വിജയത്തിന്‍റെ കോണി കയറി. അതേ സമയം എൽ ഡി എഫിനെയും സി പി എമ്മിനെയും സംബന്ധിച്ച് ചരിത്രത്തിലാദ്യമായി ലീഗീന്‍റെ ഭൂരിപക്ഷത്തിനേക്കാളേറെ വോട്ടുകൾ നേടി രണ്ടാം സ്ഥാനം മണ്ഡലത്തിൽ നിലനിർത്താനായി. മറ്റ് കാര്യങ്ങളെല്ലാം വലിയ വ്യത്യാസമില്ലാതെ കടന്നുപോയി. വേങ്ങരയൽ 2011 നിയമസഭാ തിരഞ്ഞെടുപ്പിലേത് പോലെ മൂന്നാം സ്ഥാനത്ത് എസ് ഡി പി ഐയും നാലാം സ്ഥാനത്ത് ബി ജെ പിയുമായി. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനം പിടിച്ചെടുത്ത ബി ജെ പിയിൽ നിന്നും ആ സ്ഥാനം എസ് ഡി പി ഐ തിരിച്ചു പിടിച്ചു എന്നതാണ് ഈ ഉപതിരഞ്ഞെടുപ്പിന് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നിന്നുളള വ്യത്യാസം.
കേരളത്തിലെ രാഷ്ട്രീയ കാലാവസ്ഥയിൽ വേങ്ങരയിൽ ആര് ജയിക്കും ആര് രണ്ടാം സ്ഥാനത്ത് എത്തും എന്നതിനേക്കാൾ ബി ജെ പിയും എസ് ഡി പിയും പിടിക്കുന്ന വോട്ടുകളെത്രയായിരിക്കും, അവർ അത്ഭുതങ്ങൾ സൃഷ്ടിക്കുമോ എന്നതിലായിരുന്നു സൂക്ഷ്മ രാഷ്ട്രീയം പരിശോധിക്കുന്നവർ തുടക്കം മുതൽ ശ്രദ്ധയൂന്നിയത്. എന്നാൽ വലിയ ചലനമൊന്നും സൃഷ്ടിക്കാൻ ഇരുപാർട്ടികൾക്കുമായില്ല.
Read More: വേങ്ങരയിൽ മൂന്നാം സ്ഥാനത്തിനായി മത്സരിക്കുന്നവർ
ദേശീയതലത്തില്‍ പറയുന്ന ‘കേരള-വിദ്വേഷത്തി’ന്‍റെ ആവർത്തനങ്ങളും ചരിത്രവിരുദ്ധതയുമൊക്കെ ദേശീയ നേതാക്കളെ ഉൾപ്പടെ ഇവിടെ കൊണ്ടു വന്ന് പറയിച്ചിട്ടും ബി ജെ പിക്ക് വോട്ട് കുറഞ്ഞു. വേങ്ങര മണ്ഡലത്തിൽ ജനരക്ഷാ യാത്ര നടത്തിയിട്ടും തിരഞ്ഞെടുപ്പിൽ ബി ജെ പിക്ക് രക്ഷ കിട്ടിയില്ല. ഉണ്ടായിരുന്ന വോട്ട് കുറഞ്ഞുവെന്ന് മാത്രം.
ഹാദിയ വിഷയം മുതൽ കൊടിഞ്ഞി ഫൈസൽ വധം വരെയുളള വിഷയങ്ങള്‍ ആയുധമാക്കി പോരാടിനിറങ്ങിയ എസ് ഡി പി ഐ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകളേക്കാൾ നില മെച്ചപ്പെടുത്തിയെങ്കിലും അവരുടെ ഈ മണ്ഡലത്തിലെ മികച്ച പ്രകടനം ആവർത്തിക്കാനായില്ല. മുസ്‌ലിം സ്വത്വരാഷ്ട്രീയത്തിന്‍റെയും കീഴാള രാഷ്ട്രീയത്തിന്‍റെയും ധാരകളെ പ്രതിനിധീകരിക്കുന്നുവെന്ന് അവകാശപ്പെടുന്ന എസ് ഡി പി ഐയ്ക്ക് 2014ൽ നേടിയ, അവരുടെ ഇതുവരെയുളള മികച്ച നേട്ടത്തിനൊപ്പമെത്തനായില്ല. എന്നാൽ മറ്റ് രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ നിന്നും നില മെച്ചപ്പെടുത്താൻ അവർക്കായി എന്നത് വസ്തുതയുമാണ്. മൂന്നാം സ്ഥാനത്തിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പിൽ ഈ മണ്ഡലത്തിൽ അവർക്ക് ഏറ്റവും ലഭിച്ച ഏറ്റവും ഉയർന്ന വോട്ടുമായി.
2014 ൽ മുസ്‌ലിം ലീഗിന്‍റെ കരുത്തനായ നേതാവും യു പി എ സർക്കാരിന്‍റെ വിദേശകാര്യ കേന്ദ്രസഹ മന്ത്രിയുമായിരുന്ന ഇ. അഹമ്മദ് മലപ്പുറം ലോകസഭാ മണ്ഡലത്തിൽ മത്സരിച്ചപ്പോൾ എതിരായി മത്സരിച്ച എസ് ഡി പി ഐയുടെ നസിറുദ്ദീൻ എളമരം വേങ്ങര നിയമസഭാ മണ്ഡലത്തിൽ നിന്നും നേടിയത് 9,058 വോട്ടുകളായിരുന്നു. എന്നാൽ 8,648 വോട്ടുകളാണ് ഈ ഉപതിരഞ്ഞെടുപ്പിൽ നേടാനായത്. ഹാദിയ കേസിലെ അഭിഭാഷകനായ കെ. സി നസീർ മത്സരിച്ചിട്ടും നസറുദ്ദീൻ എളമരം നേടിയ വോട്ട് നേടാനായിട്ടില്ല. അതേ സമയം കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പിലും നേടിയ വോട്ടിനേക്കാൾ കൂടുതൽ വോട്ട് നേടാൻ ഈ ഉപതിരഞ്ഞെടുപ്പിൽ എസ് ഡി പി ഐയ്ക്ക് സാധിച്ചു. 2011 ൽ വേങ്ങര നിയമസഭാ മണ്ഡലത്തിലെ ആദ്യ തിരഞ്ഞെടുപ്പിൽ എസ് ഡി പി ഐ സ്ഥാനാർത്ഥിയായ അബ്ദുൽ മജീദ് ഫൈസി 4,683 വോട്ടുകൾ നേടി മൂന്നാംസ്ഥാനത്തെത്തി. അതിന് തൊട്ടുപിന്നിൽ ബി ജെപിയുടെ സുബ്രഹ്മണ്യൻ 3,417 വോട്ടുകൾ നേടി നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 2016ൽ നടന്ന നിയസഭ തിരഞ്ഞെടുപ്പിൽ ബി ജെപിയുടെ പി. ടി. ആലിഹാജി 7,055 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്തെത്തി. എസ് ഡി പി ഐയുടെ കല്ലൻ അബൂബക്കർ 3,049 വോട്ടുകൾ നേടി നാലാം സ്ഥാനത്തായി. ഇതേ സമയം , എസ് ഡി പി ഐയുടെ രാഷ്ട്രീയ നിലപാടുകളോട് പല കാര്യങ്ങളിലും സമാനത പുലർത്തുന്ന വെൽഫെയർ പാർട്ടി സ്ഥാനാർത്ഥി സുരേന്ദ്രൻ കരിപ്പുഴ 1,864 വോട്ടും പി ഡി പി സ്ഥാനാർത്ഥി സുബൈർ സ്വബാഹി 1,472 വോട്ടും നേടിയിരുന്നു. ഇതിലെ ചെറിയൊരു ശതമാനം വോട്ട് എസ് ഡി പിഐയ്ക് ലഭിക്കുന്ന വോട്ടായിരിന്നുവെന്നും അത് വിഭജിച്ചുപോയതാണെന്നുമായിരുന്നു അന്നുണ്ടായിരുന്ന വിലയിരുത്തൽ.
നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ എസ് ഡി പി ഐയ്ക് അനുകൂലമായ പല ഘടകങ്ങളും ഉണ്ടായിരുന്നിട്ടും വേങ്ങരയിൽ എസ് ഡി പി ഐ പ്രതീക്ഷിത നേട്ടം ഉണ്ടാക്കിയില്ലെന്ന വിലയിരുത്തലാണ് മുസ്‌ലിം രാഷ്ട്രീയം നിരീക്ഷിക്കുന്നവരുടെ അഭിപ്രായം. കാൽപ്പനികമായി വലിയ നേട്ടമാണ് എന്ന് വ്യഖ്യാനിക്കാമെങ്കിലും ഇന്നത്തെ രാഷ്ട്രീയ കാലാവസ്ഥയിൽ അവർ നേടുമെന്ന് പ്രതീക്ഷിച്ച നേട്ടം അവർക്ക് ലഭിച്ചിട്ടില്ല. എസ് ഡി പി ഐയ്ക് മുൻ കൈയെടുത്ത പോപ്പുലർ ഫ്രണ്ടിനെ കേന്ദ്ര സർക്കാർ നിരോധിക്കുമെന്ന അഭ്യൂഹം, ഹാദിയ കേസ്, കൊടിഞ്ഞി ഫൈസൽ വധക്കേസ് എന്ന വിഷയങ്ങൾ മുതൽ ജെ എൻ യുവിലെ നജീബ് തിരോധാന വിഷയവും ബീഫ് വിഷയത്തിൽ ഗോരക്ഷാ അക്രമികൾ കൊലപ്പെടുത്തിയ അഖ്‌ലാക്കും ജുനൈദുമൊക്കെ വിഷയമാക്കി പോരാടിയിട്ടും അമ്പതിനായിരത്തിൽ താഴെ വോട്ടുകൾ മാത്രമാണ് ലഭിച്ചത്. മാത്രമല്ല, വെൽഫെയർ പാർട്ടിയും പി ഡി പിയും മത്സരിക്കാതിരുന്ന മനസാക്ഷി വോട്ട് രേഖപ്പെടുത്താൻ തീരുമാനിച്ച ഈ തിരഞ്ഞെടുപ്പിൽ എസ് ഡി പി യ്ക് പതിനായരത്തിന് പുറത്ത് വോട്ട് ലഭിക്കുമെന്നായിരുന്നു പലരുടെയും കണക്കുകൂട്ടൽ. ഇതിനെല്ലാമുപരി ലീഗിൽ നില നിന്നിരുന്ന അഭിപ്രായ വ്യത്യാസങ്ങളും കെ എൻ എ ഖാദറിന്‍റെ സ്ഥാനാർത്ഥിത്തോടുളള വിയോജിപ്പും ആ വോട്ടുകളും എസ് ഡി പി ഐയ്ക് ലഭിക്കുമെന്നും കണക്കുകൂട്ടിയിരുന്നു. എന്നാൽ അതും ഉണ്ടായിട്ടില്ല. ലീഗിന്‍റെ വോട്ട് കുത്തനെ കുറഞ്ഞുവെങ്കിലും അതിന്‍റെ ഗുണം കാര്യമായി എസ് ഡി പി ഐയക്ക് ലഭിച്ചിട്ടില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. കണക്കുകൾ ആ വിലയിരുത്തലിനെ സാധൂകരിക്കുന്നതുമാണ്.
70.77 ശതമാനം പേർ വോട്ട് ചെയ്ത 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പി.കെ. കുഞ്ഞാലിക്കുട്ടി 72,181വോട്ടുകൾ നേടിയപ്പോൾ ഈ ഉപതിരഞ്ഞെടുപ്പിൽ 72.12 ശതമാനമായി പോളിങ് വർധിച്ചപ്പോൾ ലീഗിന്‍റെ വോട്ട് 65, 227 വോട്ടായി കുറഞ്ഞു. ഭൂരിപക്ഷത്തിലും 38,057 വോട്ടിന്‍റെ ഭൂരിപക്ഷമാണ് കുഞ്ഞാലിക്കുട്ടി 2016 ൽ ലഭിച്ചതെങ്കിൽ അത് ഇത്തവണ 23,310, വോട്ടിന്‍റെ ഭൂരിപക്ഷം മാത്രമാണ് കെ എൻ എ ഖാദറിന് ലഭിച്ചത്. 14,747 വോട്ടിന്‍റെ കുറവ്. ഈ കുറവൊന്നും എസ് ഡി പി ഐയുടെ വോട്ടിൽ പ്രതിഫലിച്ചിട്ടില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
ഈ കണക്കുകളുടെയും വേങ്ങര മണ്ഡലത്തിന്‍റെയും തിരഞ്ഞെടുപ്പ് ചരിത്രത്തിൽ മുൻ നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടു നില മെച്ചപ്പെടുത്തി എന്നതിനപ്പുറം അത്ഭുതങ്ങളൊന്നും സൃഷ്ടിക്കാൻ എസ് ഡി പി ഐയ്ക് ഈ തിരഞ്ഞെടുപ്പിൽ സാധിച്ചിട്ടില്ല. 2016 ലെ തിരഞ്ഞെടുപ്പിൽ നഷ്ടമായ മൂന്നാം സ്ഥാനം ബി ജെപിയിൽ നിന്നും തിരിച്ചുപിടിക്കാനായി എന്നത് മാത്രമാണ് എസ് ഡി പി ഐയക്ക് ഉന്നയിക്കാവുന്ന അവകാശവാദം. പിന്നെ, വേങ്ങരയിൽ നിന്നും നിയമസഭയിലേയ്ക്ക് പാർട്ടിക്ക് ലഭിച്ച ഏറ്റവും കൂടിയ വോട്ടും. 2011ൽ 4,683 വോട്ടും 2016ൽ 3,049 വോട്ടുമാണ് എസ് ഡി പി ഐയ്ക്ക് ലഭിച്ചത്. ഇത് ഇത്തവണ 8,648 ആയി ഉയർന്നു. ഇരട്ടിയിലേറെ വോട്ട് കൂടി. എന്നാൽ നസിറുദ്ദീൻ എളമരത്തിന് ലഭിച്ച 9,058 നേക്കാൾ നേരിയ കുറവ്. അതായത് ഈ മണ്ഡലത്തിൽ എസ് ഡി പി ഐയക്ക് ഈ വോട്ട് ലഭിച്ചതിൽ അത്ഭുതപ്പെടേണ്ട കാര്യമില്ല.
ഇതേ സമയം ബി ജെപിയാണ് വളരെ ശക്തമായ ക്യാംപെയിൻ നടത്തിയിട്ടും 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നേടിയ നേട്ടത്തിൽ നിന്നും രണ്ടു തിരഞ്ഞെടുപ്പുകളിലായി പിന്നിലേയ്ക്ക് പോകുന്നത്. 7,055 വോട്ടുകളാണ് 2011ൽ ബി ജെ പിനേടി മൂന്നാം സ്ഥാനത്ത് എത്തിയത്. അതിന് മുന്പ് 2011ൽ ബിജെ പിക്ക് ലഭിച്ചത് 3,417 വോട്ട് മാത്രമായിരുന്നു. അന്നും എസ് ഡി പി ഐയ്ക് പിന്നിൽ നാലാം സ്ഥാനത്തായിരുന്നു ബി ജെ പി. അവിടെ നിന്നും ഇരിട്ടയിലേറേ വോട്ട് നേടിയാണ് ബി ജെ പി 2016ൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയത്. എന്നാൽ 2017ൽ നടന്ന ലോകസഭാ ഉപതിരഞ്ഞെടുപ്പിൽ വേങ്ങര മണ്ഡലത്തിൽ ബി ജെപിക്ക് നേടാനായത് 5952 വോട്ട്. നിയമസഭാ ഉപതിരഞ്ഞെടുപ്പായപ്പോൾ അത് വീണ്ടും കുറഞ്ഞ് 5,728 വോട്ട്. അതായത് കൂടിയ വോട്ടുകൾ ഓരോ തിരഞ്ഞെടുപ്പു കഴിയുന്തോറും കുറയുന്നുവെന്നാണ് വ്യക്തമാക്കുന്നത്.
കേരളത്തിലെ തിരഞ്ഞെടുപ്പുകളിൽ എസ് ഡി പി ഐ സാന്നിദ്ധ്യമറിയിച്ചിട്ട് നാളുകളായി. കേരളത്തിലെ തദ്ദേശസ്ഥാപനങ്ങളിൽ 49 അംഗങ്ങളുടെ പ്രാതിനിധ്യമാണ് എസ് ഡി പി ഐയ്ക്കുളളത്. എന്നാൽ കേരളത്തിലെ നിയമസഭാ, ലോകസഭാ തിരഞ്ഞെടുപ്പുകളിലൊന്നും നിർണ്ണയക ശക്തിയായി മാറാൻ എസ് ഡി പി ഐയ്ക്ക് സാധിച്ചിട്ടില്ല. ലോകസഭാ തെരഞ്ഞെടുപ്പിൽ ആകെ രണ്ട് ശതമാനം വോട്ടാണ് എസ് ഡി പി ഐയ്ക് നേടാനായത്. രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിലും ഒരു ശതമാനത്തിൽ താഴെ മാത്രം വോട്ടും.
ബി ജെ പിയുടെയും ആര്‍ എസ് എസ്സിന്റേയും രാഷ്ട്രീയത്തോട് കേരളത്തില്‍ എല്‍ ഡി ഫും യു ഡി എഫും എടുക്കുന്ന ‘മൃദു സമീപനം’ പോലും തങ്ങള്‍ക്കനുകൂലമായി മാറ്റാന്‍ എസ് ഡി പി ഐയ്ക് സാധിച്ചില്ല. എന്നാല്‍, എസ് ഡി പി ഐയ്ക് ലഭിച്ച വോട്ടു വര്‍ദ്ധനയുടെ ചെറിയൊരു ശതമാനം ഇരുമുന്നണികളോടുമുളള അകല്‍ച്ചയില്‍ നിന്നും ഉടലെടുത്തത് തന്നെയാകണം.