വേങ്ങര: വേങ്ങരയിലെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ നേട്ടം എൽ ഡി എഫിനും സി പി എമ്മിനും. സി പി എമ്മിന് വേങ്ങര മണ്ഡലത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിലെ ഏറ്റവും കൂടിയ വോട്ടാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്.

മുസ്ലിം ലീഗിന്റേയും യുഡിഎഫിന്റേയും ഉരുക്കു കോട്ടയായ വേങ്ങരയില്‍ ഒരു പതിറ്റാണ്ടിനിടെ നടന്ന ഒരു തെരഞ്ഞെടുപ്പിലും യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ഭൂരിപക്ഷ വോട്ടുകളുടെ എണ്ണത്തെ പോലും മറികടക്കാന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് കഴിഞ്ഞിട്ടില്ലെന്നതാണ് ചരിത്രം. ആ ചരിത്രമാണ് പി പി ബഷീർ ഇത്തവണ തിരുത്തിയെഴുതിയത്.  2011 ലെ തിരഞ്ഞെടുപ്പിൽ പി. കെ. കുഞ്ഞാലിക്കുട്ടിക്ക് കിട്ടിയ ഭൂരിപക്ഷം 38, 237 വോട്ടുകൾ തൊട്ടടുത്ത് വന്ന എൽ ഡി എഫിന്രെ ഐ എൻ എൽ സ്ഥാനാർത്ഥിക്ക് കിട്ടിയത് 24, 901 വോട്ട് മാത്രം. അതായത് ഭൂരിപക്ഷത്തേക്കാൾ പതിനാലായിരത്തോളം വോട്ട് കുറവ്. 2016ൽ ലീഗിന്രെ ഭൂരിപക്ഷം 38.057വോട്ടുകളായിരുന്നുവെങ്കിൽ സി പി എം സ്ഥാനാർത്ഥി നേടിയത് 34, 124 വോട്ടുകൾ. ഭൂരിപക്ഷത്തേക്കാൾ നാലായിരം വോട്ടിന്രെ കുറവ്. ലോകസഭാ തിരഞ്ഞെടുപ്പിൽ 2014ൽ ഇ. അഹമ്മദിന്രെ ഭൂരിപക്ഷം 60,323 വോട്ടായിരുന്നു വേങ്ങര മണ്ഡലത്തിൽ ലഭിച്ചത്. അന്ന് സി പി എമ്മിന്രെ പി. കെ സൈനബയക്ക് ലഭിച്ചത് വെറും 17, 691 വോട്ടുകൾ മാത്രം. ഈ നില സി പി എം മെച്ചപ്പെടുത്തിയത് കഴിഞ്ഞ ലോക സഭാ ഉപതിരഞ്ഞെടുപ്പിലായിരുന്നു. അന്ന് കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ച ഭൂരിപക്ഷം 40,529 വോട്ട്, രണ്ടാം സ്ഥാനത്തെത്തിയ സി പി എം സ്ഥാനാർത്ഥിക്ക് ലഭിച്ചത് 33, 275 വോട്ടുകൾ. ഭൂരിപക്ഷത്തേക്കാൾ ഏഴായിരത്തോളം വോട്ടിന്രെ കുറവ്. ഈ ചരിത്രപരമായ ആവർത്തനമാണ് ഈ ഉപതിരഞ്ഞെടുപ്പിൽ തിരുത്തി കുറിച്ചിരിക്കുന്നത്.

2011 ൽ ആദ്യ തിരഞ്ഞെടുപ്പ് നടന്ന മണ്ഡലത്തിൽ രണ്ടാമതെത്തിയ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഐ എന്‍ എലിന്റെ കെ പി ഇസ്മഈലിന് വെറും 24,901 വോട്ടാണ് ലഭിച്ചത്. 2016 ൽ അത് സി പി എമ്മിലെ പി . പി ബഷീർ 34,124 വോട്ടുകളായി ഉയർത്തി. യു ഡി എഫ് സർക്കാരിനെതിരായ ഭരണവിരുദ്ധ വികാരം നിലനിൽക്കെ വർധിപ്പിക്കാനായത് പതിനായിരത്തോളം വോട്ടായിരുന്നു. ഇതേ സമയം ഭരണ കക്ഷിയെന്ന നിലയിൽ ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ച സി പി എമ്മിന് 41, 917 വോട്ടായി വർധിപ്പിച്ചിക്കാൻ സാധിച്ചു. ഏഴായിരത്തിലധികം വോട്ടിന്രെ വർധനയാണ് സി പി എം നേടിയത്.

എസ് ഡി പി ഐ യെ സംബന്ധിച്ചടത്തോളം അവരുടെ ഏറ്റവും ഉയർന്ന വോട്ട് എന്നത് 2014 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നസിറുദ്ദീൻ ഇളമരത്തിന് ഈ മണ്ഡലത്തിൽ നിന്നും ലഭിച്ചതാണ്. 9058 വോട്ടുകളാണ് വേങ്ങര നിയമസഭാ മണ്ഡലത്തിൽ നിന്നും നേടിയത്. ലോക സഭാ ഉപതിരഞ്ഞെടുപ്പിൽ എസ് ഡി പി ഐ മത്സരിച്ചിരുന്നില്ല. മറ്റ് രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിലും എസ് ഡി പി ഐ നേടിയവോട്ടുകൾ 2011 ൽ 4683 വോട്ടു നേടി മൂന്നാം സ്ഥാനം നേടിയെങ്കിൽ 2016ൽ അത് 3049 വോട്ടായി കുറയുകയും നാലാം സ്ഥാനത്തേയ്ക്ക് പോവുകയും ചെയ്തു. എന്നാൽ ഈ ഉപതിരഞ്ഞെടുപ്പിൽ 8,648 വോട്ട് നേടി. വേങ്ങര നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ഇതുവരെയുളള ചരിത്രത്തിൽ എസ് ഡി പി ഐ നേടിയ ഏറ്റവും ഉയർന്ന വോട്ട്.

ലീഗിനൊപ്പം തിരിച്ചടി നേടിയ പാർട്ടിയായി ബി ജെ പി വേങ്ങര മണ്ഡലത്തിൽ മാറി. 2011ൽ 3,417 വോട്ടുകൾ നേടി നാലാം സ്ഥാനാത്തായിരുന്ന ബി ജെ പി സ്ഥാനാർത്ഥി.  2014 ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ വേങ്ങര നിയസഭാ മണ്ഡലത്തിൽ നിന്നും ബി ജെ പിയുടെ  എൻ. ശ്രീപ്രകാശ് നേടിയത് 5638 വോട്ട് നേടി നില മെച്ചപ്പെടുത്തി.   2016 ലെ തിരഞ്ഞെടുപ്പിൽ ബി ജെപിയുടെ പിടി ആലിഹാജി 7055 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്ത് എത്തി മണ്ഡലത്തിൽ മൂന്നാം സ്ഥാനം ഉറപ്പിച്ചു. പാർട്ടിയുടെ വളർച്ചയുടെ വഴിയായിട്ടാണ് അന്ന് ബി ജെ പി നേതൃത്വം ഇതിനെ വിലയിരുത്തിയത്. എന്നാൽ കഴിഞ്ഞ ലോകസഭാഉപതിരഞ്ഞെടുപ്പിൽ ബി ജെ പി വോട്ട് 5952 ആയി മാറി. ശ്രീപ്രകാശ് ആയിരുന്നു ലോകസഭാ ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ചത്.  ഇത്തവണ  ബി ജെപി സ്ഥാനാർത്ഥിയായി മത്സരിച്ച കെ. ജനചന്ദ്രന് ലഭിച്ചത് 5728 വോട്ടായി കുറഞ്ഞു. കേന്ദ്ര ഭരണത്തിലേയ്ക്കുളള കാലത്തും അതിന് തൊട്ടുപിന്നാലെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും നില മെച്ചപ്പെടുത്താൻ ബി ജെ പിക്കായെങ്കിലും തുടർന്നു നടന്ന രണ്ട് ഉപതിരഞ്ഞെടുപ്പിലും ബി ജെ പിയുടെ വോട്ട് നില കുറയുകയായണ്.

2011-ല്‍ വേങ്ങര മണ്ഡലത്തിലെ പ്രഥമ നിയമസഭാ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ 1,44,317 വോട്ടര്‍മാരാണ് ഉണ്ടായിരുന്നത്. ഇവരില്‍ 99,535 പേരും (68.97 ശതമാനം) വോട്ടു ചെയ്തപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന കുഞ്ഞാലികുട്ടി 63,138 വോട്ടുകള്‍ നേടി വിജയിച്ചു. ഭൂരിപക്ഷം 38,237. രണ്ടാമതെത്തിയ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഐ എന്‍ എലിന്റെ കെ പി ഇസ്മഈലിന് വെറും 24,901 വോട്ടുകളെ നേടാനായുള്ളൂ. 4683 വോട്ടുകള്‍ നേടി എസ് ഡി പി ഐ സ്ഥാനാര്‍ത്ഥി അബ്ദുല്‍ മജീദ് ഫൈസി മൂന്നാം സ്ഥാനത്തും 3417 വോട്ടുകളുമായി ബിജെപി സ്ഥാനാര്‍ത്ഥി നാലാമതും എത്തി.

2016-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വേങ്ങരയിലെ 1,69,616 വോട്ടര്‍മാരില്‍ 1,20,033 പേര്‍ (70.77 ശതമാനം) വോട്ടു ചെയ്തു. യുഡിഎഫ് സ്ഥാനാര്‍ത്ഥി കുഞ്ഞാലിക്കുട്ടി 72,181 വോട്ടു നേടി ഒന്നാമതെത്തിയപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സിപിഎം നേതാവ് പി പി ബഷീറിന് 34,124 വോട്ടുകളെ നേടാനായുള്ളൂ. കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം 38,057 വോട്ടുകള്‍. 7055 വോട്ടു നേടി ബിജെപി സ്ഥാനാര്‍ത്ഥി പി ടി അലി ഹാജി മൂന്നാമതും 3049 വോട്ടു നേടി എസ് ഡി പി ഐയുടെ കല്ലന്‍ അബൂബക്കര്‍ മാസ്റ്റര്‍ നാലാമതും എത്തി. ആദ്യമായി മത്സര രംഗത്തിറങ്ങിയ വെല്‍ഫയര്‍ പാര്‍ട്ടിയുടെ സുരേന്ദ്രന്‍ കരിപ്പുഴ 1864 വോട്ടുകളും പിഡിപിയുടെ സുബൈര്‍ സ്വബാഹി 1472 വോട്ടും നേടി.

2014-ല്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മലപ്പുറം മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ഇ. അഹമദിന് വേങ്ങര നിയമസഭാ മണ്ഡലത്തില്‍ നിന്ന് ലഭിച്ച ഭൂരിപക്ഷം 42,632 ആയിരുന്നു. അഹമദിന് 60,323 വോട്ട് ലഭിച്ചപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സിപിഎം സംസ്ഥാന സമിതി അംഗം പികെ സൈനബയ്ക്ക് വെറും 17,691 വോട്ടുകല്‍ മാത്രമെ നേടാനായുള്ളൂ. 9058 വോട്ടുകള്‍ നേടി എസ് ഡി പി ഐ സ്ഥാനാര്‍ത്ഥി നസറുദ്ദീന്‍ എളമരം മൂന്നാം സ്ഥാനത്തും 5638 വോട്ടുകള്‍ നേടി ബിജെപി സ്ഥാനാര്‍ത്ഥി എന്‍ ശ്രീപ്രകാശ് നാലാം സ്ഥാനത്തുമെത്തി. വെല്‍ഫയര്‍ പാര്‍ട്ടിയുടെ പി ഇസ്മയിലിന് 3210 വോട്ടുകളെ നേടാനായുള്ളൂ.

ഏറ്റവുമൊടുവില്‍ കഴിഞ്ഞ ഏപ്രിലില്‍ നടന്ന ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ വേങ്ങര മണ്ഡലത്തിലെ 1,68,475 വോട്ടര്‍മാരില്‍ 1,14,158 പേരും വോട്ടു ചെയ്തു. യുഡിഎഫ് സ്ഥാനാര്‍ത്ഥി പി കെ കുഞ്ഞാലിക്കുട്ടി 73,804 വോട്ടു നേടി മുന്നിലെത്തി. 40,529 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്ന ജയം. അഹമദിന്റെ ഭൂരിപക്ഷത്തിലും അല്‍പ്പം കുറവ്. രണ്ടാമതെത്തിയ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി എം ബി ഫൈസലിന് 33,275 വോട്ടുകളെ നേടാനായുള്ളൂ. പ്രചാരണ രംഗത്ത് മുമ്പില്ലാത്ത വിധം മുന്നേറ്റം നടത്തിയ ബിജെപിയുടെ സ്ഥാനാര്‍ത്ഥി എന്‍ ശ്രീപ്രകാശിന് വെറും 5952 വോട്ടുകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടിയും വന്നു. എസ്ഡിപിഐ, വെല്‍ഫയര്‍ പാര്‍ട്ടി, പിഡിപി തുടങ്ങിയ കക്ഷികളൊന്നും ഈ തെരഞ്ഞെടുപ്പില്‍ മത്സരിച്ചില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.