മലപ്പുറം: കുറ്റിപ്പുറം തോല്‍വിക്കു മുമ്പും ശേഷവും എന്നിങ്ങനെ രണ്ടു ഘട്ടങ്ങളായി മുസ്‌ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിയുടെ രാഷ്ട്രീയ ജീവിതത്തെ വേർതിരിക്കാം. ലീഗിന്റെ രാഷ്ട്രീയത്തെയും അളക്കുന്നതാണ് ആ കുറ്റിപ്പുറം തിരഞ്ഞെടുപ്പ് ഫലം. ലീഗിൽ നിന്നും പുറത്തുപോയ കെ.ടി.ജലീൽ സിപിഎം സ്വതന്ത്രനായി മത്സരിച്ചാണ് കുറ്റിപ്പുറത്ത് കുഞ്ഞാലിക്കുട്ടിയെ തോൽപ്പിച്ചത്. അന്നുവരെ തോൽവിയറിയാത്ത കുഞ്ഞാലിക്കുട്ടി വീണത് പരാജയത്തിന്റെ ഏറ്റവും വലിയ കുഴിയിലാണ്. ഐസ്ക്രീം പെൺവാണിഭ കേസുമായി ബന്ധപ്പെട്ട് ഉയർന്ന വെളിപ്പെടുത്തലുകളും തുടർന്നുളള ആരോപണങ്ങളുമെല്ലാം കൂടി ലീഗിനെയും കുഞ്ഞാലിക്കുട്ടിയെയും മാത്രമല്ല, യുഡിഎഫിനെ പരാജയത്തിന്റെ പടുകുഴിയിൽ വീഴ്ത്തിയ തിരഞ്ഞെടുപ്പായിരുന്നു അത്. 2006-ലെ ആ കനത്ത പരാജയത്തിനു ശേഷം പുതുതായി രൂപീകരിക്കപ്പെട്ട ഒരു മണ്ഡലത്തിലൂടെയാണ് മലപ്പുറത്തുകാരുടെ കുഞ്ഞാപ്പയുടെ രാഷ്ട്രീയ ജീവിതത്തിന്റെ രണ്ടാം ഘട്ടം തുടങ്ങുന്നത്. ശരിക്കും പറഞ്ഞാൽ വേങ്ങരയിലൂടെ വേര് പടർത്തിയാണ് കുഞ്ഞാലിക്കുട്ടിയും ലീഗും കേരള രാഷ്ട്രീയത്തിലേയ്ക്ക് തിരികെ വന്നത്. സ്വന്തം മണ്ഡലമായ വേങ്ങരയിലൂടെ 2011-ല്‍ കുഞ്ഞാലിക്കുട്ടി ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. ലീഗിനും പുനർജനി നൽകിയ തിരഞ്ഞെടുപ്പായിരുന്നു അത്. വേങ്ങരയിൽ നല്ല ഭൂരിപക്ഷത്തിൽ ജയിച്ച കുഞ്ഞാലിക്കുട്ടി വീണ്ടും യുഡിഎഫിലെ പ്രധാനിയായി. ലീഗിലെ അവസാന വാക്കും.

ലോക്‌സഭയിലേയ്ക്ക് മത്സരിക്കാനായി ഏതാനും മാസങ്ങള്‍ക്കു മുമ്പ് രാജിവയ്ക്കും വരെ വേങ്ങരയെ പ്രതിനിധീകരിച്ച് കുഞ്ഞാലിക്കുട്ടി നിയമസഭയിലുണ്ടായിരുന്നു. മലപ്പുറം ലോക്‌സഭാ എംപി ഇ.അഹമ്മദിന്റെ നിര്യാണത്തിനു ശേഷം പിന്‍ഗാമിയായി പാര്‍ട്ടി ഡല്‍ഹിയിലേക്കു തിരഞ്ഞെടുത്തയച്ചതോടെയാണ് വേങ്ങരയില്‍ ഇപ്പോള്‍ ഒരു ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. കുഞ്ഞാലിക്കുട്ടി ഇല്ലെങ്കിലും ലീഗിന് അനായാസം ജയിച്ചുകയറാവുന്ന ഉറച്ച മണ്ഡലം. ഈ ആത്മവിശ്വാസത്തിന്റെ പിന്‍ബലത്തിലാണ് മുസ്‌ലിം ലീഗും അണികളും ഈ തിരഞ്ഞെടുപ്പിനെ നേരിടുന്നത്.

മുസ്‌ലിം ലീഗിന്റെ ഉരുക്കുകോട്ടകളായ മലപ്പുറം, തിരൂരങ്ങാടി, താനൂര്‍ എന്നീ മണ്ഡലങ്ങളിലായി വ്യാപിച്ചു കിടന്ന വേങ്ങര, കണ്ണമംഗലം, അബ്ദുറഹ്മാന്‍ നഗര്‍, ഊരകം, പറപ്പൂര്‍, ഒതുക്കുങ്ങല്‍ എന്നീ ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെടുത്തി രൂപീകരിച്ചതാണ് വേങ്ങര മണ്ഡലം. 2008-ലെ നിയമസഭാ മണ്ഡല പുനര്‍നിർണയത്തോടെയാണ് ഈ പുതിയ മണ്ഡലം നിലവില്‍ വന്നത്. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ താനൂര്‍ ലീഗിനു കൈവിട്ടു പോകുകയും തിരൂരങ്ങാടിയില്‍ ഭീഷണി നേരിടുകയും ചെയ്തപ്പോഴും ലീഗിനൊപ്പം ഉറച്ചു നിന്ന മണ്ഡലമാണിത്. ഇന്നിപ്പോള്‍ ലീഗിന്റെ ഏറ്റവും വലിയ ഉരുക്കുകോട്ടകള്‍ മലപ്പുറവും വേങ്ങരയുമാണ്.

ലീഗിന്റെ ശക്തി കേന്ദ്രങ്ങളില്‍ നിന്ന് അടര്‍ത്തിയെടുത്ത മണ്ഡലമായത് കൊണ്ട് തന്നെ വേങ്ങരയില്‍ ആധിപത്യം പുലര്‍ത്താന്‍ ലീഗിന് കഴിഞ്ഞിട്ടുണ്ട്. യുഡിഎഫിന് കനത്ത തിരിച്ചടി നേരിട്ട 2016-ലെ തിരഞ്ഞെടുപ്പില്‍ പോലും കുഞ്ഞാലിക്കുട്ടിയുടേത് ഇവിടെ യുഡിഎഫിന്റെ മാനം കാത്ത മികച്ച ജയമായിരുന്നു. മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളില്‍ അഞ്ചിടത്തും യുഡിഎഫിന്റെ ഭരണമാണ്. പറപ്പൂര്‍ പഞ്ചായത്ത് ഇടതുപക്ഷത്തിനു മുന്‍തൂക്കമുള്ള ജനകീയ മുന്നണിയാണ് ഭരിക്കുന്നത്. യുഡിഎഫിനും ഇടതുപക്ഷ സ്വതന്ത്രര്‍ക്കും തുല്യ അംഗബലമുള്ള കണ്ണമംഗലം പഞ്ചായത്തില്‍ അല്‍പ്പം മുറുമുറുപ്പകളുണ്ട്. യുഡിഎഫിനെ സംബന്ധിച്ചിടത്തോളം ബാക്കിയെല്ലാം ഭദ്രം. ബിജെപിക്ക് തദ്ദേശസ്ഥാപനങ്ങളില്‍ എവിടേയും ഒരംഗം പോലുമില്ല.

വേങ്ങരയിലെ പ്രഥമ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്വതന്ത്രനായി മത്സരിച്ച ഐഎന്‍എല്‍ നേതാവ് കെ.പി.ഇസ്മായിലിനെ 38,237 വോട്ടുകള്‍ക്കാണ് പി.കെ.കുഞ്ഞാലിക്കുട്ടി തോല്‍പ്പിച്ചത്. 2016-ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും കുഞ്ഞാലിക്കുട്ടി 38,057 വോട്ടുകള്‍ക്ക് സിപിഎം നേതാവ് പി.പി.ബഷീറിനെ പരാജയപ്പെടുത്തി. ഈ രണ്ടു തിരഞ്ഞെടുപ്പുകള്‍ക്കിടയില്‍ നടന്ന 2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥി ഇ.അഹമ്മദിന് 42,632 വോട്ടുകളുടെ ഭൂരിപക്ഷം വേങ്ങരയില്‍ നിന്ന് ലഭിച്ചിരുന്നു. ജില്ലയിലെ ഏറ്റവും വലിയ ഭൂരിപക്ഷമായിരുന്നു ഇത്. അഹമ്മദിന്റെ മരണത്തെ തുടര്‍ന്ന് മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥി കുഞ്ഞാലിക്കുട്ടിക്ക് വേങ്ങരയില്‍ തന്റെ നിയമസഭാ ഭൂരിപക്ഷം മെച്ചപ്പെടുത്തി 40,529 വോട്ടുകളുടെ ഭൂരിപക്ഷം നേടാനായിരുന്നു.

ഒരിക്കലും ജയിക്കില്ലെന്നുറപ്പുള്ളത് കൊണ്ട് എല്‍ഡിഎഫ് സഖ്യകക്ഷികള്‍ പോലും ആഗ്രഹിക്കാത്ത ഈ മണ്ഡലത്തില്‍ 2016-ല്‍ സിപിഎം പാര്‍ട്ടിക്കാരനായ അഡ്വ. പി.പി.ബഷീറിനെ സ്വന്തം ചിഹ്നത്തില്‍ മത്സര രംഗത്തിറക്കി. 2011-ല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഐഎന്‍എല്ലിന്റെ ഇസ്മയില്‍ നേടിയ 24,901 വോട്ടുകള്‍ 2016-ല്‍ ബഷീര്‍ 34,124 വോട്ടുകളിലെത്തിച്ചു. ഇത് സിപിഎമ്മിനെ മാത്രമല്ല, ലീഗിനെയും ഞെട്ടിച്ചു.  ഇതിനിടെ 2014 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ പി.കെ.സൈനബയ്ക്ക് ലഭിച്ചത് വെറും 17,691 വോട്ടുകള്‍ മാത്രമായിരുന്നു. എന്നാല്‍ മേയില്‍ നടന്ന ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ എല്‍ഡിഎഫ് വോട്ടുകള്‍ 33,275 ആയി വര്‍ധിച്ചു. വേങ്ങര മണ്ഡലക്കാരനായ ബഷീറിനെ തന്നെയാണ് ഒക്ടോബര്‍ 11-നു നടക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പിലും എല്‍ഡിഎഫ് രംഗത്തിറക്കുന്നത്.

നിര്‍ണായ ശക്തികളല്ലെങ്കിലും ബിജെപിയും എസ്ഡിപിഐയും  വെല്‍ഫയര്‍ പാര്‍ട്ടിയും പിഡിപിയുമെല്ലാം വേങ്ങരയിലെ തിരഞ്ഞെടുപ്പു ഗോദയില്‍ സാന്നിധ്യമറിയിക്കാറുണ്ട്. ഇക്കൂട്ടത്തില്‍ ഇത്തവണ ആദ്യം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത് എസ്‌ഡിപിഐ ആണ്. വിവാദമുണ്ടാക്കിയ ഹാദിയ കേസിന് സുപ്രീം കോടതിയില്‍ മേല്‍നോട്ടം വഹിക്കുന്ന അഡ്വ. കെ.സി.നസീറിനെയാണ് എസ്ഡിപിഐ സ്ഥാനാര്‍ത്ഥി. 2011-ല്‍ എസ്ഡിപിഐയുടെ അബ്ദുല്‍ മജീദ് ഫൈസി 4,683 വോട്ടുകള്‍ നേടി മൂന്നാം സ്ഥാനത്തെത്തിയിരുന്നു. 3,417 വോട്ടു നേടി ബിജെപി നാലാമതും. എന്നാല്‍ 2016-ല്‍ ബിജെപിയുടെ പി.ടി.ആലി ഹാജി 7,055 വോട്ടുകള്‍ നേടി മൂന്നാമതെത്തിയിരുന്നു. എസ്ഡിപിഐക്ക് ലഭിച്ചത് 3,049 വോട്ടുകള്‍ മാത്രം. 1864 വോട്ടുകളുമായി വെല്‍ഫയര്‍ പാര്‍ട്ടിയും 1472 വോട്ടുകളുമായി പിഡിപിയും തൊട്ടുപിറകെയും.

2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ സ്ഥാനാര്‍ത്ഥി നസ്റുദ്ദീൻ എളമരം 9,058 വോട്ടി മൂന്നാം സ്ഥാനത്തെത്തിയപ്പോല്‍ ബിജെപി സ്ഥാനാര്‍ത്ഥി എന്‍ ശ്രീപ്രകാശിന് 5,638 വോട്ടുകളാണ് നേടാനായത്. 3210 വോട്ടുകളുമായി വെല്‍ഫയര്‍ പാര്‍ട്ടിയുടെ പി ഇസ്മായില്‍ പിറകെയെത്തി.

വേങ്ങര മണ്ഡലം

2017 ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍
ആകെ വോട്ടര്‍മാര്‍ 1,68,475
വോട്ടു ചെയ്തവര്‍ – 1,14,158

2016 നിയമസഭാ തിരഞ്ഞെടുപ്പില്‍
ആകെ വോട്ടര്‍മാര്‍ -1,69,616
വോട്ടു ചെയ്തവര്‍- 1,20,033

2011 നിയസഭാ തിരഞ്ഞെടുപ്പില്‍
ആകെ വോട്ടര്‍മാര്‍- 1,44,317
വോട്ടു ചെയ്തവര്‍ – 99,535

സ്ഥാനാർത്ഥികൾ, പ്രതീക്ഷകൾ, കണക്കു കൂട്ടലുകൾ

ഉപതിരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടിയുടെ പിന്‍ഗാമിയായി മുസ്‌ലിം ലീഗിന്റെ സ്ഥാനാർത്ഥിയായി കെ എൻ എ ഖാദറിനെ തീരുമാനിച്ചത്. .  കെ പി എ മജീദ്  മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയതോടെ കെ എൻ എ ഖാദറാണ് ലീഗ് പട്ടികയിൽ മുന്നിലെത്തിയത്.   പരിഗണനയിലുള്ള  ആദ്യ പേരുകാർ  സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ.മജീദും മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി കെ.എന്‍.എ.ഖാദറുമായിരുന്നു. താൻ മത്സര രംഗത്തേയ്ക്ക് ഇല്ലെന്ന് മജീദ് വ്യക്തമാക്കിയിരിക്കുന്നു.  അതിനാൽ അബ്ദുറഹിമാൻ രണ്ടത്താണിയുടെ പേരായിരുന്നു പകരം ഉയർന്നത്. ലീഗിലെ യുവതലമുറയിലൊരു പ്രധാന വിഭാഗം യൂത്ത് ലീഗ് ജനറൽ​ സെക്രട്ടറിയും എംഎസ്എഫ് മുൻ സംസ്ഥാന പ്രസിഡന്റുമായി പി.കെ.ഫിറോസിനെ സ്ഥാനാർത്ഥിയാക്കണമെന്ന അഭിപ്രായമുളളവരാണ്. പുതിയ തലമുറയ്ക്ക് പ്രാധാന്യം നൽകണമെന്ന് ആവശ്യമാണ് അവർ ഉന്നയിക്കുന്നത്.  എന്നാൽ​ ലീഗ് അന്തിമ തീരുമാനം  എടുത്തിട്ടില്ല.  ചൊവ്വാഴ്ചയാണ് ഔദ്യോഗികമായി ലീഗിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം. യുവ നേതാക്കള്‍ക്ക് അവസരം നല്‍കണമെന്ന ആവശ്യവും ലീഗ് അണികള്‍ക്കിടയില്‍ ശക്തമാണ്. എന്നാല്‍ ഇതു ഇപ്പോള്‍ പരിഗണിക്കില്ലെന്നാണു സൂചനകള്‍. യുവാക്കളെ പരിഗണിക്കണമെന്നാവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയിലാണ് പ്രചാരണം നടക്കുന്നത്. മജീദിനേയും ഖാദറിനേയും വിമര്‍ശിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട വിദ്യാര്‍ത്ഥി നേതാവ് എം.എ.കരീമിനെ പാര്‍ട്ടി ചുമതലകളില്‍ നിന്ന് കഴിഞ്ഞ ദിവസം നീക്കിയിരുന്നു.    കെ എൻ​ എ ഖാദർ സി പി ഐ പാരമ്പര്യത്തിൽ  നിന്നും വന്നയാളായതുകൊണ്ട് മുസ്ലിം സമുദായത്തിലെ വിവിധ വിഭാഗങ്ങളുടെ തർക്കത്തിന്റെ ഭാഗമല്ല. സമസ്തയ്ക്ക് ഖാദറിനോട് വിയോജിപ്പുമില്ല. അത് ഗുണകരമാകുമെന്നാണ് ലീഗിന്റെ കണക്കു കൂട്ടൽ

മുസ്‌ലിം സമുദായത്തിലെ വിവിധ വിഭാഗങ്ങളുടെ ശാക്തിക പരീക്ഷണത്തിന്റെ വേദിയാകും വേങ്ങര ഉപതിരഞ്ഞെടുപ്പ് . മുജാഹിദ്, ഇകെ, എപി സുന്നി വിഭാഗങ്ങൾ എന്നിവർ തമ്മിലുളള തർക്കമായിരിക്കും ഇതിൽ പ്രധാനം. ലിഗിന്റെ സ്ഥാനാർത്ഥിത്വം മുതൽ ഈ പ്രശ്നം പരിഹരിക്കുകയെന്നത് ലീഗിന്റെ മുന്നിൽ കീറാമുട്ടിയാണ്. സ്ഥാനാർത്ഥി നിർണയത്തിൽ ഇത് ലീഗിനെ അസ്വസ്ഥമാക്കും. ഈ ​പരിമിതികളെ മറികടന്ന് കുഞ്ഞാലിക്കുട്ടിക്ക് കിട്ടിയിരുന്ന മുൻതൂക്കം മറ്റ് സ്ഥാനാർത്ഥികൾക്ക് ലഭിക്കുന്ന കാര്യം ലീഗ് നേതാക്കൾ പോലും പ്രതീക്ഷിക്കുന്നില്ല. അതിനാൽ പുതിയ നീക്കങ്ങളാണ് ലീഗ് വഴിയൊരുക്കുന്നത്. എപി സുന്നികൾ ലീഗിന്റെ സ്ഥിരം വോട്ട് ബാങ്ക് അല്ലെങ്കിലും ഇകെ വിഭാഗവും മുജാഹിദും ലീഗിനൊപ്പമാണ് എപ്പോഴും നിലകൊണ്ടത്. എന്നാൽ കഴിഞ്ഞ കുറച്ചുകാലമായി ഈ​ രണ്ട് വിഭാഗങ്ങളും തമ്മിൽ വിയോജിപ്പുണ്ടെങ്കിലും അത് മറന്ന് ലീഗിനെ പിന്തുണച്ചിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ചുകാലമായി എപി സുന്നി വിഭാഗമുമായി ലീഗ് നേതാക്കൾ കാണിക്കുന്ന അടുപ്പം ഇരുകൂട്ടരെയും പ്രത്യേകിച്ച് ഇകെ വിഭാഗത്തെ അസ്വസ്ഥരാക്കിയിരുന്നു. അതിൽ പ്രതിഷേധിച്ചാണ് അവർ ദിനപത്രം തന്നെ ആരംഭിച്ചത്. ഇത് കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്തും മലപ്പുറം ഉപതിരഞ്ഞെടുപ്പ് കാലത്തും മറികടക്കാൻ ലിഗീന് സാധിച്ചുവെങ്കിലും അവരുടെ രോഷപ്രകടനം പൂർണമായി തണുപ്പിക്കാൻ സാധിച്ചിട്ടില്ല. വേങ്ങര ഉപതിരഞ്ഞെടുപ്പിൽ ഇകെ വിഭാഗത്തിന് കൂടെ അനുയോജ്യനായ സ്ഥാനാർത്ഥിയെ നിർത്തണമെന്ന അഭിപ്രായം ഇപ്പോൾ ഉയർന്നിട്ടുണ്ട്. ​ കെ.പി.എ.മജീദിനും പി.കെ.ഫിറോസിനും സമസ്തയുടെ ഭാഗത്ത് നിന്നും എതിർപ്പുണ്ടാകുമെന്ന് ലീഗ് നേതൃത്വത്തിന്റെ വിലയിരുത്തൽ. കെ.എൻ.എ. ഖാദർ, അബ്ദുറഹിമാൻ രണ്ടത്താണി എന്നിവരോട് സമസ്തയ്ക്ക് വിയോജിപ്പില്ല. എന്നാൽ പുരോഗമന വാദിയായ ഫിറോസിന്റെ വിമർശനങ്ങളോടുളള​ വിയോജിപ്പ് സമസ്തയ്ക്കുണ്ട്. ഇത് ചൂണ്ടിക്കാട്ടിയായിരിക്കും ഫിറോസിന്റെ സ്ഥാനാർത്ഥിത്ഥ്വത്തെ നേതൃത്വം എതിർക്കുന്ന ഒരു കാര്യം. രണ്ടാമത്തെ കാര്യം, കുഞ്ഞാലിക്കുട്ടിയെ പോലെ മുതിർന്ന നേതാവിന് പകരം വിടേണ്ടത് പക്വതയുളള നേതാവിനെയാണെന്ന വാദവുമാണ്. എന്നാൽ പുതുരക്തങ്ങൾക്ക് പാർട്ടിയിൽ പ്രാതിനിധ്യം കൊടുക്കേണ്ടതുണ്ടെന്ന വാദമാണ് എതിർ വിഭാഗം മുന്നോട്ട് വെയ്ക്കുന്നത്.

ഈ വിയോജിപ്പുകളാകും തങ്ങളുടെ വോട്ടായി മാറുകയെന്നാണ് ഇടതുപക്ഷത്തിന്റെ പ്രതീക്ഷ. എന്നാൽ​ കൊടിഞ്ഞി ഫൈസൽ, കാസർകോഡ് റിയാസ് മൗലവി, ഹാദിയ തുടങ്ങിയ വിഷയങ്ങളിൽ ഉൾപ്പടെ സംസ്ഥാന സർക്കാരിന്റെ നയങ്ങൾ ഇടതുപക്ഷത്തിന് തിരിച്ചടിയാകുമെന്നാണ് യുഡിഎഫിന്റെ വിലയിരുത്തൽ. കേന്ദ്ര നയങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ഉണ്ടായാൽ അത് തങ്ങൾക്കാവും ഗുണകരമെന്നാണ് എൽഡിഎഫ് കരുതുന്നത്. രണ്ട് സർക്കാരുകൾക്കെതിരായുമുളള വികാരം ജനങ്ങൾക്കിടയിൽ ഉണ്ടെന്നും ഇത് യുഡിഎഫിന് അനുകൂലമാകുമെന്നാണ് അവരുടെ പ്രതീക്ഷ. എന്നാൽ ലീഗിനോട് വിയോജിപ്പുളള വോട്ടുകൾ വിഭജിക്കപ്പെടുകയും അതിലൊരുവിഭാഗം തങ്ങൾക്ക് ലഭിക്കുകയും ചെയ്യുമെന്നാണ് എൽഡിഎഫിന്റെ കണക്കുകൂട്ടൽ

ബിജെപി സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ പ്രാദേശിക നേതൃത്വം രണ്ടു തട്ടിലാണ്. അതിനിടെ പാര്‍ട്ടിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി പദവിയിലുള്ള ഒരാളെത്തിയേക്കുമെന്ന അഭ്യൂഹമുണ്ട്. ഏതായാലും ഒന്നു രണ്ടു ദിവസത്തിനകം ബിജെപിയും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നതോടെ വേങ്ങരയിലെ മത്സര ചിത്രം വ്യക്തമാകും. ബുധനാഴ്ചയും വ്യാഴാഴ്ചയുമായി യുഡിഎഫും എല്‍ഡിഎഫും തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ വിളിച്ചിട്ടുണ്ട്. എല്ലാ സംസ്ഥാന നേതാക്കളേയും പ്രചാരണ രംഗത്തിറക്കാനാണ് ഇരു മുന്നണികളുടേയും ബിജെപിയുടേയും പദ്ധതി.

കഴിഞ്ഞ തവണ മത്സരിച്ച് ശ്രിപ്രകാശിനെ നിർത്തണമെന്ന വാദിക്കുന്നവർ ബിജെപിയിലുണ്ട്. ​ എന്നാൽ ഇവിടെ ഉപതിരഞ്ഞെടുപ്പ് മത്സര മോഹികളായി നിരവധി പേരാണ് ബിജെപിക്കുളളിലുളളത്. ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് മുതൽ സ്ഥാനാർത്ഥി വിഷയം ബിജെപിക്കുളളിലും നിലനിൽക്കുന്നുണ്ട്. സംസ്ഥാന തലത്തിലെ നേതാക്കളിലാരെങ്കിലും മത്സര രംഗത്തു വരുമെന്നാണ് പ്രാദേശിക തലത്തിൽ പ്രതീക്ഷിക്കുന്നത്. എന്നാൽ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ സംസ്ഥാന സ്വാധീനമുളള ആരെയും നിർത്താത്ത നേതൃത്വം നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ അതിന് തയറാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് ബിജെപിയുടെ ചില പ്രാദേശിക നേതാക്കളുടെ വിലയിരുത്തൽ. അവരുടെ അഭിപ്രായത്തിൽ ആ പ്രദേശത്ത് തുടർന്നും പ്രവർത്തിക്കാൻ കഴിയുന്ന പ്രവർത്തകർക്ക് സീറ്റ് നൽകണമെന്നാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.