മലപ്പുറം: വേങ്ങര ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. വൈകിട്ട് അഞ്ച് മണിക്കാണ് കൊട്ടിക്കലാശം. അതേസമയം, വേങ്ങര ടൗണിൽ തിരഞ്ഞെടുപ്പിന്റെ കേന്ദ്രീകൃത കൊട്ടിക്കലാശം നടത്തരുതെന്ന് പൊലീസ് നിർദ്ദേശമുണ്ട്.
ഈ സാഹചര്യത്തിൽ എല്ലാ പഞ്ചായത്തുകളിലും കൊട്ടിക്കലാശം നടക്കും. ചൊവ്വാഴ്ച നിശബ്ദ പ്രചാരണത്തിന് ശേഷം ബുധനാഴ്ചയാണ് കൊട്ടിക്കലാശം.
യുഡിഎഫ് സ്ഥാനാർഥി കെ.എൻ.എ.ഖാദർ, എൽഡിഎഫ് സ്ഥാനാർഥി പി.പി.ബഷീർ, ബിജെപി സ്ഥാനാർഥി കെ.ജനചന്ദ്രൻ എന്നിവരടക്കം ആറ് സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. അപരന്മാരില്ലാത്ത തിരഞ്ഞെടുപ്പെന്ന പ്രത്യേകതയും ഇത്തവണത്തെ തിരഞ്ഞെടുപ്പിനുണ്ട്. ഫലപ്രഖ്യാപനം 15നാണ്.
മലപ്പുറം പാർലമെന്റ് മണ്ഡലത്തിൽ നിന്ന് പി.കെ.കുഞ്ഞാലിക്കുട്ടി വിജയിച്ചതോടെയാണ് വേങ്ങരയിൽ ഉപതിരഞ്ഞെടുപ്പ് ആവശ്യമായി വന്നത്. ലോക്സഭയിലേക്ക് വിജയിച്ച കുഞ്ഞാലിക്കുട്ടി എംഎൽഎ സ്ഥാനം രാജിവച്ചിരുന്നു.