മലപ്പുറം: വേങ്ങര ഉപതിരഞ്ഞെടുപ്പ് സംസ്ഥാന സർക്കാരിന്റെ വിലയിരുത്തലാവുമെന്ന് വൈദ്യുതി മന്ത്രി എം.എം.മണി. ഒന്നേകാൽ വർഷത്തെ ഭരണ മികവ് വേങ്ങരയിൽ വോട്ടായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

“സംസ്ഥാന സർക്കാരിന്റെ പ്രവർത്തനത്തെ ഈ തിരഞ്ഞെടുപ്പു ബാധിക്കില്ല. എന്നാല്‍ ഈ ഒന്നേകാൽ വർഷം കൊണ്ടു സർക്കാർ എന്തെല്ലാം ചെയ്തെന്ന് ഞങ്ങൾ വ്യക്തമാക്കിക്കൊടുക്കും. ബിജെപിയുമായി ഇടഞ്ഞു നിൽക്കുന്ന ബിഡിജെഎസിന് ഇടതു സ്ഥാനാർഥിയെ സഹായിക്കാം”, മണി പറഞ്ഞു.

വേങ്ങര ഉപതിരഞ്ഞെടുപ്പ് ഭരണത്തിന്റെ വിലയിരുത്തലാകില്ലെന്നാണ് സിപിഎം സംസ്ഥാന ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ആവര്‍ത്തിച്ച് പറഞ്ഞത്. സര്‍ക്കാരിന്റെ പ്രവര്‍ത്തനം വേങ്ങരയില്‍ പുറത്തെടുക്കുന്നത് ഗുണകരമാവില്ലെന്ന തിരിച്ചറിവിലാണ് സിപിഎം സംസ്ഥാന നേതൃത്വം.

കഴിഞ്ഞ ഏപ്രിലില്‍ മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ ഭരണത്തിന്റെ വിലയിരുത്തല്‍ പ്രഖ്യാപനം ഏറെ വിവാദമായിരുന്നു. വിലയിരുത്തുമെന്ന് പറഞ്ഞ നേതാക്കള്‍ക്ക് ഒടുവില്‍ പിന്‍മാറേണ്ടി വന്നു. അതുകൊണ്ടു തന്നെയാണ് വേങ്ങരയില്‍ തുടക്കില്‍ തന്നെ ഇടത് ഭരണത്തിന്റെ വിലയിരുത്തലില്‍ നിന്നും സിപിഎം മാറി നിന്നത്. ഇതാണ് ഇന്നലെ മന്ത്രി എം.എം.മണി തിരുത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ