വേങ്ങര: പി.കെ.കുഞ്ഞാലിക്കുട്ടി രാജിവച്ചൊഴിഞ്ഞ വേങ്ങര മണ്ഡലത്തിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ കെ.എൻ.എ.ഖാദർ മുസ്‌ലിം ലീഗ് സ്ഥാനാർത്ഥിയാകും. ലീഗിന് ഉറച്ച വിജയ പ്രതീക്ഷയുള്ള ഇവിടെ കെ.പി.എ. മജീദ് സ്ഥാനാർത്ഥിയാകുമെന്നായിരുന്നു നേരത്തെ വന്ന റിപ്പോർട്ട്. എന്നാൽ താൻ സ്ഥാനാർഥിയാകാനില്ലെന്ന് ഇദ്ദേഹം തന്നെ പ്രഖ്യാപിക്കുകയായിരുന്നു.
അഡ്വ.പി.പി.ബഷീറാണ് ഇടതുപക്ഷ സ്ഥാനാർത്ഥി. ഇദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വം രണ്ട് ദിവസം മുൻപ് തന്നെ സിപിഎം പ്രഖ്യാപിച്ചിരുന്നു. ലീഗിന്റെ ഉറച്ച സീറ്റായതിനാൽ തന്നെ ഈ മത്സരം സംസ്ഥാന സർക്കാരിന്റെ വിലയിരുത്തലാകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നേരത്തേ പറഞ്ഞിരുന്നു.
ലീഗിൽ യുവനേതാക്കളുടെ പ്രതിഷേധത്തെ തുടർന്നാണ് കെ.പി.എ.മജീദ് പിന്മാറിയതെന്നാണ് വിവരം. തിരൂരങ്ങാടി സിപിഎം ഏരിയ കമ്മിറ്റി അംഗമായ പി.പി.ബഷീറിന്റെ സ്ഥാനാർഥിത്വം സിപിഎം പ്രഖ്യാപിച്ചതോടെ കൂടുതൽ ശക്തമായ മത്സരം കാഴ്ചവയ്ക്കാനാവും ലീഗിന്റെ ശ്രമം.