മലപ്പുറം: വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന എല്‍ഡിഎഫിന്‍റെയും യുഡിഎഫിന്‍റെയും സ്ഥാനാര്‍ഥികള്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. രാവിലെ പത്തിന് നടക്കുന്ന യുഡിഎഫ് ജില്ലാ നേതൃയോഗത്തിന് ശേഷം അഡ്വ. കെ.എ.ന്‍എ.ഖാദര്‍ പത്രിക സമര്‍പ്പിക്കും. അസിസ്റ്റന്‍റ് റിട്ടേണിങ് ഓഫീസറായ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്കാണ് ഖാദര്‍ പത്രിക സമര്‍പ്പിക്കുക.

എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ.പി.പി.ബഷീര്‍ റിട്ടേണിങ് ഓഫീസറായ മലപ്പുറം‍ ഡപ്യൂട്ടി കലക്ടര്‍ മുന്‍പാകെ പത്രിക സമര്‍പ്പിക്കും. മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ക്കൊപ്പം എത്തി രാവിലെ 11നാണ് പത്രിക സമര്‍പ്പണം നടത്തുക. എസ്ഡിപിഐ സ്ഥാനാര്‍ഥി അഡ്വ. കെ.സി.നസീറും ഇന്ന് പത്രിക സമര്‍പ്പിക്കും. ഒക്ടോബര്‍ 11ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ 22-ാം തിയതി വരെയാണ് സമയം.

പ്രധാന പാര്‍ട്ടികളില്‍ ബിജെപി മാത്രമാണ് ഇനി സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്താനുള്ളത്. ബിജെപി സ്ഥാനാര്‍ഥിയെ ഇന്നറിയാമെന്നാണ് പ്രതീക്ഷിക്കുന്നത്. യുഡിഎഫിന്റെ വേങ്ങര മണ്ഡലം കൺവെന്‍ഷന്‍ ഇന്ന് ആരംഭിക്കും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവര്‍ കൺവെൻഷനിൽ പങ്കെടുക്കുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ