മലപ്പുറം: വേങ്ങരയില്‍ ജയിക്കുന്ന സ്ഥാനാര്‍ത്ഥിയുടെ പകുതി പോലും വോട്ടുകള്‍ ഇതുവരെ നടന്ന തെരഞ്ഞെടുപ്പുകളില്‍ തൊട്ടടുത്ത എതിരാളിക്കു പോലും നേടാനായിട്ടില്ല. വലിയ ഭൂരിപക്ഷത്തില്‍ യുഡിഎഫ് ജയിക്കുന്ന മണ്ഡലത്തിലെ ചെറിയ പ്രായത്തിലെ അനുഭവം. അതിനെ അട്ടിമറിക്കാമെന്ന പ്രതീക്ഷയാണ് രണ്ടാം സ്ഥാനത്ത് എപ്പോഴും നിലയുറപ്പിച്ചിരിക്കുന്ന എൽ ഡി എഫിന്രെ പോരാട്ടത്തിന് പിന്നിൽ.

രൂപീകരണം നടന്ന് ഒരു പതിറ്റാണ്ട് തികയാന്‍ ഒരു വര്‍ഷം കൂടി ബാക്കിയുണ്ടെങ്കിലും ഇതിനകം രണ്ട് ലോക്‌സഭാ തിരഞ്ഞെടുപ്പുകളും രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളും നടന്ന വേങ്ങര ഒക്ടോബര്‍ 11-ന് ഒരു നിയമസഭാ ഉപതെരഞ്ഞെടുപ്പിനു കൂടി സാക്ഷ്യം വഹിക്കാന്‍ പോകുകയാണ്. ഇവിടെ ജയം എന്നത് എല്‍ ഡി എഫിനു പോലും ബാലികേറാമലയായി നില്‍ക്കുമ്പോള്‍ എന്തിനാണ് ബിജെപിയും എസ്‌ഡിപിഐയുമൊക്കെ ഇവിടെ മത്സര രംഗത്തിറങ്ങുന്നത് എന്ന ചോദ്യം സ്വാഭാവികം.

ജയിക്കുന്നവരേയും തോല്‍ക്കുന്നവരേയും മാറ്റി നിര്‍ത്തിയാല്‍ ഇത്തവണ വേങ്ങരയില്‍ ശരിക്കും പോരാട്ട വീറ് ബിജെപിയും എസ്‌ഡിപിഐയും തമ്മിലാണ് എന്നു പറയാം. ഇവരുടെ മത്സരം ആര്‍ക്കു വേണ്ടി, എന്തിനു വേണ്ടി എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഈ ഉപതെരഞ്ഞെടുപ്പിന്റെ അവസാനത്തോടെ ലഭിക്കുക. ഇരു കക്ഷികളും ഏതാണ്ട് തുല്യ ശക്തികളാണ് ഈ മണ്ഡലത്തില്‍. വേങ്ങര മണ്ഡലത്തിൽ ഇതുവരെ നടന്ന ഒരു തിരഞ്ഞെടുപ്പിലും പതിനായിരം വോട്ട് നേടാൻ പോലും ഇരു പാർട്ടികൾക്കും കഴിഞ്ഞിട്ടില്ല.

മണ്ഡലത്തില്‍ നിര്‍ണായക വോട്ടുകള്‍ പാര്‍ട്ടിക്കില്ലെങ്കിലും എസ്ഡിപിഐ വ്യക്തമായ ഒരു ലക്ഷ്യത്തോടെ തന്നെയാണ് മത്സരരംഗത്തിറങ്ങുന്നത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ മുസ്ലിം വിരുദ്ധ നീക്കങ്ങള്‍ക്കെതിരെ ശക്തമായ പ്രചാരണം നടത്തുകയും ഡെമോക്ലിസിന്റെ വാളുപോലെ തൂങ്ങിക്കിടക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ വിലക്കു ഭീഷണിയെ ചെറുക്കുന്ന ക്യാംപെയിന് വേദിയാക്കുക എന്നതുമാണ് എസ്‌ഡിപിഐയുടെ ലക്ഷ്യം. ഈ ഉപതിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം വന്നു ദിവസങ്ങള്‍ക്കം തന്നെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് സമയം പാഴാക്കാതെ പ്രചാരണ രംഗത്തിറങ്ങിയിരിക്കുകയാണ് എസ്‌ഡിപിഐ. സ്ഥാനാര്‍ത്ഥിയെ തിരഞ്ഞെടുത്തതിലും പാര്‍ട്ടിയുടെ ലക്ഷ്യം സുവ്യക്തമാണ്.

kc nazeer, kc naseer, vengara by election, sdpi candidate

വേങ്ങരയിലെ എസ് ‌ഡി പി ഐ സ്ഥാനാർത്ഥി കെ. സി നസീർ

വിവാദമായ മതംമാറ്റ, വിവാഹ കേസില്‍ ഉള്‍പ്പെട്ട ഹാദിയയ്ക്കും ഹൈക്കോടതി വിവാഹ ബന്ധം വേര്‍പ്പെടുത്തിയ ഭര്‍ത്താവ് ഷെഫിന്‍ ജഹാനും വേണ്ടി സുപ്രീം കോടതിയില്‍ കേസുകള്‍ കൈകാര്യം ചെയ്യുന്ന അഭിഭാഷകന്‍ കെ സി നസീറാണ് വേങ്ങരിയില്‍ എസ്‌ഡിപിഐ സ്ഥാനാര്‍ത്ഥി. മലപ്പുറത്ത് വച്ച് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമ്പോള്‍ പോലും നസീര്‍ ഹാദിയ കേസിന്റെ തിരക്കില്‍ ഡല്‍ഹിയിലായിരുന്നു. ദിവസങ്ങള്‍ക്കു ശേഷമാണ് നസീര്‍ മണ്ഡലത്തിലെത്തിയത്. 2011-ല്‍ കോട്ടക്കലിലും 2016-ല്‍ തിരൂരങ്ങാടിയിലും എസ്‌ഡിപിഐയ്ക്കു വേണ്ടി നസീര്‍ നേരത്തെ മത്സരിച്ചിട്ടുണ്ട്.

പ്രധാനമായും ഹാദിയ കേസ്, പറവൂരിലെ വിസ്ഡം മുജാഹിദുകള്‍ക്കെതിരേ സംഘപരിവാര്‍ അതിക്രമവും പോലീസ് നടപടിയും തുടങ്ങിയ വിഷയങ്ങളിൽ ഊന്നി കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകൾക്കെതിരെ ശക്തമായ പ്രചാരണം നടത്തി വോട്ടര്‍മാരെ ബോധവല്‍ക്കരിച്ച് മതേതര കക്ഷികളില്‍ നിന്ന് ഭിന്നമായി പുതിയൊരു രാഷ്്ട്രീയ പരീക്ഷണമാണ് തങ്ങള്‍ നടത്തുന്നെന്ന് എസ്‌ഡിപിഐ സംസ്ഥാന അധ്യക്ഷന്‍ അബ്ദുല്‍ മജീദ് ഫൈസി പറയുന്നു.

 

കൈവെട്ട് കേസ്, കണ്ണൂരിലെ ആയുധ പരീശീലന കേസ് തുടങ്ങിയവ ഉയര്‍ത്തിക്കാട്ടി എസ്‌ഡിപിഐയേയും മാതൃസംഘടനയായ പോപ്പുലര്‍ ഫ്രണ്ടിനേയും നിരോധിക്കാനുള്ള സജീവ നീക്കങ്ങള്‍ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ നടത്തിവരുന്നുണ്ട്. ഇതിനെതിരായ പ്രതിരോധം തീര്‍ക്കാനുള്ള മികച്ച അവസരമായാണ് ഈ തിരഞ്ഞെടുപ്പിനെ എസ്‌ഡിപിഐ കാണുന്നത്. ഈ തിരഞ്ഞെടുപ്പില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടേ മുസ്ലിം വേട്ടയാണ് ഇവരുടെ പ്രധാന പ്രചാരണ വിഷയം. മുസ്ലിം ലീഗിന് മൃഗീയ ഭൂരിപക്ഷമുള്ള ഈ മുസ്‌ലിം ഭൂരിപക്ഷ മണ്ഡലത്തില്‍ ഇവരുടെ ഇര സിദ്ധാന്തം എത്രത്തോളം ചെലവാകുമെന്നത് തിരഞ്ഞെടുപ്പു ഫലം വന്നതിനു ശേഷം വ്യക്തമാകും.

മണ്ഡലത്തിലേ എസ്‌ഡിപിഐയുടെ മികച്ച തെരഞ്ഞെടുപ്പ് പ്രകടനം 2014-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലാണ്. 9058 വോട്ടുകളാണ് പാര്‍ട്ടി അന്നു നേടിയത്. എന്നാല്‍ 2016-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വെറും 3049 വോട്ടുകളെ നേടാനായിരുന്നുള്ളൂ. മത്സരിക്കേണ്ട രാഷ്ട്രീയ സാഹചര്യമില്ലെന്നു പറഞ്ഞ് ഈ വര്‍ഷം നടന്ന മലപ്പുറം ലോക്‌സഭാ ഉപതരെഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സരിച്ചതുമില്ല. 2014-ല്‍ നേടിയതിനേക്കാള്‍ വോട്ടുകള്‍ ഇത്തവണ ലഭിക്കുമെന്നാണ് പ്രതീക്ഷ.

ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ പാര്‍ട്ടിയായ വെല്‍ഫയര്‍ പാര്‍ട്ടി ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിലെ പോലെ ഈ നിയമസഭാ ഉപതിരഞ്ഞെടുപ്പിലും മത്സരിക്കുന്നില്ലെന്നു തീരുമാനിച്ചിരിക്കുന്നു. 2014-ലെ ലോക്‌സഭാ തിരഞ്ഞടുപ്പില്‍ മത്സരിച്ച് വേങ്ങരയില്‍ നിന്ന് 3210 വോട്ടു മാത്രം നേടിയ വെല്‍ഫയര്‍ പാര്‍ട്ടി 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തുച്ഛമായ 1864 വോട്ടുകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നിരുന്നു. കേരള രാഷ്ട്രീയത്തെ പ്രത്യേകമായി എന്തെങ്കിലും നിലയ്ക്ക് സ്വാധീനിക്കുന്ന രാഷ്ട്രീയ പ്രസക്തിയില്ലാത്തതിനാലാണ് മത്സരിക്കാത്തതെന്ന് പാര്‍ട്ടി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. മത്സര രംഗം കൂടുതല്‍ വ്യക്തമായതിനു ശേഷം ആര്‍ക്കു വോട്ടു ചെയ്യണമെന്ന കാര്യം തീരുമാനിക്കുമെന്നുമാണ് വെല്‍ഫയര്‍ പാര്‍ട്ടി തിരുമാനം.

janachandran, bjp candidate, vengara by election

വേങ്ങരയിലെ ബി ജെ പി സ്ഥാനാർത്ഥി ജനചന്ദ്രൻ

വേങ്ങരയില്‍ നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും ബിജെപി മത്സരിച്ചിട്ടുണ്ട്. ബി ജെപി മുന്‍ ജില്ലാ പ്രസിഡന്റും നിലവിൽ   ദേശീയ സമിതി അംഗവുമായ  കെ ജനചന്ദ്രനാണു വേങ്ങരയില്‍ സ്ഥാനാര്‍ത്ഥി. പാര്‍ട്ടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി ജെ പി നദ്ദ ഡല്‍ഹിയിലാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. 1982 മുതല്‍ തെരഞ്ഞെടുപ്പു ഗോദയിലുള്ള ജനചന്ദ്രന്‍ മലപ്പുറത്തെ “രാജേട്ടനാണ്”. നാലു നിയമസഭാ തെരഞ്ഞെടുപ്പുകളിലും നാലു ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലും മത്സരിച്ചു പരാജയപ്പെട്ടിട്ടുണ്ട്. വേങ്ങരയിലെ ബിജെപി വോട്ടു നിലയില്‍ വലിയ വളര്‍ച്ചയൊന്നും കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ഉണ്ടായിട്ടില്ല. മാത്രവുമല്ല 2016-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേടിയ വോട്ടു പോലും 2017-ലെ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ നോടാനും കഴിഞ്ഞില്ല.

2011-ലെ നിയസഭാ തെരഞ്ഞെടുപ്പില്‍ 4683 വോട്ടുകളാണ് ബിജെപി നേടിയത്. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇത് 5638 ആയി വര്‍ധിച്ചു. 2016 നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വോട്ടില്‍ ചെറിയൊരു കുതിപ്പുണ്ടായി. 7055 വോട്ടുകളാണ് അന്നു നേടിയത്. എന്നാല്‍ 2017 ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലെത്തിയപ്പോഴേക്കും 5,952 വോട്ടുകള്‍ മാത്രമെ ബിജെപിക്കു നേടാനായുള്ളൂ. ജയത്തില്‍ യാതൊരു പ്രതീക്ഷയും ഇല്ലാത്ത പാര്‍ട്ടി നിലവിലെ അവസ്ഥ മെച്ചപ്പെടുത്താനാണു മത്സരിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടുമുണ്ട്. മൂന്നാം സ്ഥാനത്തിനു വേണ്ടി ബിജെപിയും എസ്ഡിപിഐയും തമ്മില്‍ വേങ്ങരയില്‍ മത്സരം നടക്കും. എസ്ഡിപിഐയുടെ പ്രചാരണ വിഷയങ്ങളുടെ മറുപുറമായിരിക്കും ബിജെപിക്ക് അവതരിപ്പിക്കാനുണ്ടാകുക. തീവ്രവാദ വാർത്തകളും മതംമാറ്റ വിവാദങ്ങളും ബിജെപി വേങ്ങരയിലും പ്രചാരണ വിഷയമാക്കും. ഇത്തരം വിഷയങ്ങളില്‍ ആരോപണ വിധേയമായിക്കൊണ്ടിക്കുന്ന എസ്‌ഡിപിഐ തന്നെയാകും സ്വാഭാവികമായും ബിജെപിയുടെ പ്രധാന ഉന്നം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ