കൊച്ചി: ആധുനിക സൗകര്യങ്ങളുളള ഒരു എസി ചെയർ കാർ കൂടി വേണാട് എക്‌സ്‌പ്രസിനൊപ്പം കൂട്ടിച്ചേർക്കാൻ തീരുമാനമായി. 16302, 16301 നമ്പർ തിരുവനന്തപുരം – ഷൊർണ്ണൂർ – തിരുവനന്തപുരം വേണാട് എക്സ്‌പ്രസിലാണ് അധിക കോച്ച് കൂട്ടിച്ചേർക്കുന്നത്.

താത്കാലികമായാണ് കോച്ച് കൂട്ടിച്ചേർക്കുന്നത്. തിരുവനന്തപുരത്ത് നിന്നും മധ്യകേരളത്തിലേക്കുളള യാത്രക്കാർക്ക് ഏറെ ഉപകാരപ്പെടും ഈ തീരുമാനം. ജനുവരി 25 മുതൽ ഏപ്രിൽ 25 വരെയാണ് ഈ കോച്ച് ട്രെയിനിൽ ഉണ്ടാവുക. ലാഭകരമാണെങ്കിൽ കോച്ച് തീവണ്ടിയിൽ സ്ഥിരമായി നിലനിർത്താനുളള തീരുമാനം വരും.

ഒരു വർഷം മുൻപാണ് വേണാട് എക്സ്‌പ്രസിന്റെ കോച്ചുകൾ അടിമുടി പരിഷ്കരിച്ചത്. ഇന്ത്യൻ റെയിൽവെ ട്രെയിൻ സർവ്വീസ് കാലത്തിനൊത്ത് പരിഷ്കരിക്കാൻ തീരുമാനിച്ചതിന്റെ അടയാളമായി ഇത് മാറി. ബയോ–ടോയ്‌ലറ്റുകളും, ജിപിഎസ് സൗകര്യവുമായി വേണാട് എക്സ്‌പ്രസ് കൂടുതൽ സുന്ദരികളായി മാറി.

ബക്കറ്റ് സീറ്റുകൾ, സുരക്ഷയ്ക്കായുളള സെന്റർ ബഫർ കപ്ലിങ് (സിബിസി) സംവിധാനം, ട്രെയിൻ നമ്പറും പേരും സ്റ്റേഷനുകളും വ്യക്തമാക്കുന്ന എൽഇഡി ഡിസ്പ്ലേ ബോർഡുകൾ, മൊസെയ്ക് ഡിസൈനുള്ള വിനൈൽ ഫ്ലോറിങ്, എസി കോച്ചുകളുടെ ജനലുകളിൽ മടക്കിവയ്ക്കാവുന്ന കർട്ടനുകൾ, സഞ്ചാരം എളുപ്പമാക്കുന്ന തരത്തിൽ വാഷ്ബേസിനുകൾക്കു പുതിയ ഡിസൈൻ, എൽഇഡി ലൈറ്റുകൾ, മോഡുലർ സ്വിച്ച് ബോർഡുകൾ, ലാപ്ടോപ്/മൊബൈൽ ചാർജിങ് പോയിന്റുകൾ തുടങ്ങിയവയും ട്രെയിനിലെ പുത്തൻ പരിഷ്കാരങ്ങളായിരുന്നു.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook