ആലപ്പുഴ: വി.എം.സുധീരൻ കെപിസിസി അധ്യക്ഷ സ്ഥാനം രാജിവച്ചെന്നു പറഞ്ഞാൽ കോൺഗ്രസിനു നല്ല കാലം തുടങ്ങിയെന്നാണ് അർഥമെന്നു എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശൻ. സുധീരൻ കെപിസിസി അധ്യക്ഷ സ്ഥാനം രാജിവച്ചത് നല്ല കാര്യമാണ്. സുധീരൻ പോകാതെ കോൺഗ്രസിനു നല്ല കാലം വരില്ലെന്നു ഞാൻ നേരത്തെ പറഞ്ഞിരുന്നു. നേരത്തെ തന്നെ രാജിവച്ചിരുന്നുവങ്കിൽ മാന്യമായി ഇറങ്ങിപ്പോരാമായിരുന്നെന്നും വെളളാപ്പളളി പറഞ്ഞു.

അടുത്തകാലത്തൊന്നും ബിജെപിക്ക് കേരളം ഭരിക്കാൻ സാധിക്കില്ല. എൻഡിഎയിൽ തുടരണമോയെന്ന് ബിഡിജെഎസ് പുനർചിന്തനം നടത്തണം. ബിഡിജെഎസിന് സ്ഥാനമാനങ്ങളൊന്നും കിട്ടുന്ന യാതോരു ലക്ഷണവും കാണുന്നില്ല. കേരളത്തിൽനിന്നുളള എൻഡിഎ പ്രതിനിധിക്കൊപ്പം തുഷാർ വെളളാപ്പളളി ഡൽഹിക്കു പോകാതിരുന്നത് ഇതിനാലാണെന്നും വെളളാപ്പളളി പറഞ്ഞു.

വളരെ അപ്രതീക്ഷിതമായാണ് വി.എം.സുധീരൻ കെപിസിസി പ്രസിഡന്റ് സ്ഥാനം രാജിവച്ചത്. തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് രാജിക്കാര്യം അറിയിച്ചത്. ആരോഗ്യ പ്രശ്നങ്ങൾ മൂലമാണ് സ്ഥാനം ഒഴിയുന്നതെന്നും രാജി തീരുമാനത്തിൽ ഉൾപ്പാർട്ടി രാഷ്ട്രീയമില്ലെന്നും സുധീരൻ പറഞ്ഞിരുന്നു. അടുത്തിടെ കോഴിക്കോട്ട് ഒരു പരിപാടിക്കിടെ വേദിയിൽ തെന്നിവീണ സുധീരനു വാരിയെല്ലിനു പരുക്കേറ്റിരുന്നു. തുടർന്നു കഴിഞ്ഞ കുറച്ചുദിവസമായി വിശ്രമത്തിലായിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ