ആലപ്പുഴ: ശബരിമല സമരത്തിന് പിന്നിൽ സവർണലോബിയെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തന്പ്രാക്കന്മാരെന്ന് കരുതുന്ന ചിലരാണ് തീരുമാനങ്ങൾക്ക് പിന്നിലുള്ളത്. ഒരു രാജാവും ഒരു ചങ്ങനാശ്ശേരിയും ഒരു തന്ത്രിയുമാണ് സമരത്തിനു പിന്നിലുള്ളത്. കേരളത്തിൽ ഇപ്പോഴും ചാതുർവർണ്യം നിലനിൽക്കുന്നുണ്ട്. പിന്നാക്കക്കാരെ ഉൾക്കൊള്ളാനായിട്ടില്ല. ദേവസ്വം ബോർഡുകളിലും 90 ശതമാനം ക്ഷേത്രങ്ങളിലും സവർണാധിപത്യമാണ്. എൻഎസ്എസിന്റെ സമദൂര നിലപാട് ജനങ്ങൾക്ക് ഇപ്പോൾ മനസ്സിലായെന്നും എൻഎസ്എസ് അണികൾ ബിജെപി അനുഭാവികളാണെന്നും വെള്ളാപ്പള്ളി പറഞ്ഞു..

ശബരിമലയിൽ സർക്കാർ സുപ്രീം കോടതി വിധി നടപ്പാക്കുക മാത്രമാണ് ചെയ്തത്. സുപ്രീം കോടതി വിധി നടപ്പിലാക്കാൻ സർക്കാരിന് കടമയുണ്ട്. സ്ത്രീകൾ മല കയറിയതിന് പിന്നിൽ സർക്കാരല്ല. യുവതീ പ്രവേശനത്തിൽ സർക്കാരിന് പാളിച്ച പറ്റിയിട്ടുണ്ട്. ഇത് പരിശോധിക്കണം. കോടതിയിൽ നൽകിയ പട്ടികയിൽ പിഴവ് വരുത്തിയവർക്കെതിരെ നടപടി വേണം. ശബരിമല വിഷയത്തിൽ കോൺഗ്രസിനും ബിജെപിക്കും നിലപാടില്ലെന്നും അദ്ദേഹം പറഞ്ഞു.

ലോക്സഭ തിരഞ്ഞെടുപ്പിൽ എസ്എൻഡിപി ഒരു രാഷ്ട്രീയ പാർട്ടിയെയും പിന്തുണയ്ക്കില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. എസ്എൻഡിപി അംഗങ്ങൾക്ക് ഇഷ്ടമുള്ളയാൾക്ക് വോട്ട് ചെയ്യാം. എസ്എൻഡിപിക്ക് ഒരു രാഷ്ട്രീയ പാർട്ടിയോടും മമതയും വിദ്വേഷവുമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ലോക്സഭ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് സർവ്വനാശം സംഭവിക്കും. വോട്ടുകൾ ബിജെപിയിലേക്ക് പോകും. ഇടതുപക്ഷത്തിന് ഒരു ചുക്കും സംഭവിക്കില്ല. തിരഞ്ഞെടുപ്പിൽ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി അധികാരത്തിലെത്തും. നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുമെന്നും വെള്ളാപ്പള്ളി പ്രതീക്ഷ പ്രകടിപ്പിച്ചു. അയ്യപ്പ സംഗമത്തിന് രാഷ്ട്രീയ ലക്ഷ്യം തന്നെയായിരുന്നുവെന്നും വെള്ളാപ്പള്ളി ആവർത്തിച്ചു. സംഗമത്തിന് പോകാതിരുന്ന തന്റെ തീരുമാനം ശരിയായി. മാതാ അമൃതാനന്ദമയി പങ്കെടുത്തത് കൊണ്ടാണ് അയ്യപ്പ ഭക്തസംഗമത്തിന് ജനങ്ങൾ കൂടിയതെന്നും അദ്ദേഹം പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ