കൊച്ചി: വെള്ളാപ്പള്ളി നടേശൻ പ്രതിയായ കൊല്ലം എസ്എൻ കോളേജ് സുവർണ ജൂബിലി ഫണ്ട്‌ തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിക്കാൻ ക്രൈംബ്രാഞ്ചിന് ഹൈക്കോടതി രണ്ടാഴ്ച കൂടി സമയം അനുവദിച്ചു. അന്വേഷണം തൃപ്തികരമല്ലന്നും പണ സംബന്ധമായ ചില രേഖകൾ കൈമാറണമെന്നുമുള്ള വെള്ളാപ്പള്ളിയുടെ ആവശ്യം അന്വേഷണ ഉദ്യോഗസ്ഥനോട് പരിഗണിക്കാൻ കോടതി നിർദേശിച്ചു. കേസിൽ കോടതിയലക്ഷ്യം അടക്കമുള്ള ഹർജികൾ തീർപ്പാക്കി.

കേസിൽ കുറ്റപത്രം ഉടൻ സമർപ്പിക്കാൻ കഴിഞ്ഞ മാസം 22 ന് കോടതി ഉത്തരവിട്ടിരുന്നു. അന്വേഷണ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനെ വിജിലൻസിലേക്ക് മാറ്റിയ സാഹചര്യത്തിലാണ് കുറ്റപത്രം വൈകുന്നത്.

പണ സംബന്ധമായ ചില രേഖകൾ എസ്എൻ ട്രസ്റ്റിന്റെ അക്കൗണ്ടിലും ലഡ്ജറിലും ഉണ്ടെന്നും ഇവ ആവശ്യപ്പെട്ടിട്ടും നൽകാതെ അന്വേഷണ സംഘം കുറ്റപത്രം നൽകാനൊരുങ്ങുകയാണെന്നാണ് വെള്ളാപ്പള്ളിയുടെ ആരോപണം. എക്സിബിഷൻ വരവിൽ 20 ലക്ഷം രൂപ കണക്കിലുണ്ടെന്നും ഇത് അംഗീകരിച്ചാൽ ആരോപണം നിലനിൽക്കില്ലെന്നും ഹർജിയിൽ പറയുന്നു. വെള്ളാപ്പള്ളിയുടെ ആവശ്യം അന്വേഷണ ഉദ്യോഗസ്ഥനോട്
കേൾക്കാനാണ് കോടതി നിർദേശിച്ചിട്ടുള്ളത്.

Read Also: സിബിഐ സംഘം കസ്റ്റംസ് ഓഫീസിൽ; സ്വപ്‌ന സുരേഷ് കീഴടങ്ങിയേക്കും, അസാധാരണ നടപടികൾ

സുവർണ ജൂബിലി ആഘോഷ നടത്തിപ്പിനായി വെള്ളാപ്പള്ളി ജനറൽ കൺവീനറായി 1997-98 കാലയളവിൽ പിരിച്ച 1,02,61296 രൂപയിൽ 48 ലക്ഷം വെട്ടിച്ചെന്നാണ് കേസ്. എസ്എൻ ട്രസ്റ്റ് ട്രസ്റ്റിയായിരുന്ന കൊല്ലം കടപ്പാക്കട സ്വദേശി പി.സുരേഷ് ബാബു 2004ൽ നൽകിയ സ്വകാര്യ അന്യായത്തിലാണ് സിജെഎം കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. റിപ്പോർട്ട് സമർപ്പിക്കാൻ വൈകിയതാണ് കോടതിയലക്ഷ്യ ഹർജിയിൽ
കലാശിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.