ആലപ്പുഴ: ചെക്ക് കേസിൽ ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിയെ മനഃപൂർവ്വം കുടുക്കിയതാണെന്ന് പിതാവും എസ്എൻഡിപി ജനറൽ സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശൻ. തുഷാറിനെ കള്ളം പറഞ്ഞ് വിളിച്ചു വരുത്തി കുടുക്കുകയായിരുന്നുവെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. പ്രശ്നത്തെ നിയമപരമായി നേരിടുമെന്നും ഇന്ന് തന്നെ ജാമ്യം കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
Also Read: ചെക്ക് കേസ്: തുഷാർ വെള്ളപ്പള്ളി യുഎഇയിൽ അറസ്റ്റിൽ
വെള്ളാപ്പള്ളി നടേശന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ബോയിങ് കണ്‍സ്ട്രക്ഷന്‍സിന്റെ നടത്തിപ്പ് ഉണ്ടായിരുന്ന കാലത്ത് നൽകിയ കേസിലാണ് തുഷാറിനെ ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്നലെയാണ് ബിസിനസ് പങ്കാളിക്ക് വണ്ടിച്ചെക്ക് നൽകിയെന്ന കേസിൽ തുഷാർ വെള്ളാപ്പള്ളിയെ അജ്മാനിൽ വച്ച് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ തുഷാറിനെ അജ്മാൻ ജയിലിലേക്ക് മാറ്റി.
ബിസിനസ് നഷ്ടത്തിലായതോടെ കമ്പനി കൈമാറി തുഷാർ നാട്ടിലെത്തിയിരുന്നു. എന്നാൽ നാസിലിന്റെ കമ്പനിക്ക് തുഷാർ പണം നൽകാനുണ്ടായിരുന്നു. ഇതിന് പകരമായി നൽകിയ ചെക്കിന്റെ പേരിലാണ് ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്.
Also Read: ‘കാണാമറയത്ത്’; കവളപ്പാറയിലും പുത്തുമലയിലുമായി ഇനിയും കണ്ടെത്താനുള്ളത് 16 പേരെ
അതേസമയം, തുഷാറിനെ പുറത്തിറക്കാനുള്ള ശ്രമങ്ങൾ ഊർജിതമായി തുടരുന്നുണ്ട്. അടുത്ത രണ്ടു ദിവസങ്ങൾ യുഎഇയിൽ അവധി ദിനമാണ്. ഇന്ന് പുറത്തിറങ്ങാൻ സാധിച്ചില്ലെങ്കിൽ അടുത്ത രണ്ട് ദിവസങ്ങളിലും തുഷാർ ജയിലിൽ തുടരേണ്ടി വരും. അതിനാൽ തന്നെ ഏത് വിധേനയും തുഷാറിനെ പുറത്തിറക്കാനാണ് ശ്രമം.