ആലപ്പുഴ: ബിജെപി സംസ്ഥാന നേതൃത്വത്തെ വിമര്‍ശിച്ച് എസ്എന്‍ഡിപി യോഗം സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ബിജെപിയില്‍ സവര്‍ണാധിപത്യം തുടരുന്നുവെന്നായിരുന്നു വെള്ളാപ്പള്ളിയുടെ വിമര്‍ശനം. അതുകൊണ്ട് ബിജെപിയ്ക്ക് കേരളത്തില്‍ വളരാന്‍ സാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ബിഡിജെഎസിന്റെ സഹായമില്ലാതെ ചെങ്ങന്നൂരില്‍ ബിജെപിയ്ക്ക് മികവ് പുലര്‍ത്താന്‍ കഴിയില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. നേരത്തെ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് വോട്ടു കുറയുമെന്ന് ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞിരുന്നു.

അതേസമയം, വി മുരളീധരന് എംപി സ്ഥാനം ലഭിച്ചത് വൈകിയെത്തിയ അംഗീകാരമാണെന്നും അദ്ദേഹമത് അര്‍ഹിക്കുന്നുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു. ബിജെപിയുമായി ഒരു ബന്ധവുമില്ലാത്ത പലര്‍ക്കും മുമ്പേ തന്നെ എംപി സ്ഥാനം ലഭിച്ചിട്ടുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.

എന്നാല്‍ ചെങ്ങന്നൂരില്‍ എന്‍ഡിഎയ്ക്ക് വോട്ടു കുറയുമെന്ന് പറഞ്ഞ തുഷാര്‍ ബിജെപിയുടെ നിലപാട് മുന്നണിയെ ശിഥിലമാക്കുന്നതാണെന്നും ബിജെപി നേതൃത്വം ബിഡിജെഎസിനോട് അവഗണന തുടരുകയാണെന്നും പറഞ്ഞു. താന്‍ രാജ്യസഭാ സീറ്റ് ആവശ്യപ്പെടാത്തതിനാല്‍ നിരാശയില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

കേരളത്തിലെ ഘടകകക്ഷികള്‍ക്ക് നല്‍കാമെന്ന് പറഞ്ഞ സ്ഥാനമാനങ്ങള്‍ ഇതുവരെ നല്‍കിയില്ലെന്നും ഈ കാര്യത്തില്‍ എല്‍ഡിഎഫിനേയും യുഡിഎഫിനേയും കണ്ടു പഠിക്കണമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. പിന്നാക്ക-മുന്നാക്ക ആഭിമുഖ്യങ്ങളെ കൂട്ടിച്ചേര്‍ത്ത് മുന്നോട്ട് കൊണ്ടു പോകാനുള്ള ശ്രമം ബിജെപി നടത്തുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ