ആലപ്പുഴ: കൊല്ലം എസ്‌എൻ കോളേജ് സുവർണ ജൂബിലി ഫണ്ട് തട്ടിപ്പ് കേസിൽ വെള്ളാപ്പള്ളി നടേശനെതിരെ കുറ്റപത്രം സമർപ്പിക്കാൻ ക്രൈം ബ്രാഞ്ച് ഡയറക്‌ടറുടെ അനുമതി. കുറ്റപത്രം ഇന്നു തന്നെ കൊല്ലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചേക്കും.

കേസ് ഹൈക്കോടതി നാളെ വീണ്ടും പരിഗണിക്കും. കേസിൽ കക്ഷി ചേർക്കണമെന്ന ആവശ്യവുമായി വെള്ളാപ്പള്ളിയും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളിയെ ക്രൈം ബ്രാഞ്ച് നേരത്തെ ചോദ്യം ചെയ്‌തിരുന്നു. കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തിയാണ് ക്രൈം ബ്രാഞ്ച് സംഘം വെള്ളാപ്പള്ളിയെ ചോദ്യം ചെയ്‌തത്.

വെള്ളാപ്പള്ളി നടേശനെതിരെ രണ്ടാഴ്‌ചയ്‌ക്കകം കുറ്റപത്രം സമർപ്പിക്കണമെന്ന് ഹൈക്കോടതി ജൂൺ 30 ന് ഉത്തരവിട്ടിരുന്നു. സുവർണ ജൂബിലി ആഘോഷങ്ങൾക്കായി പിരിച്ച തുകയിൽ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വെട്ടിപ്പ് നടത്തിയെന്ന കേസിൽ അന്വേഷണം പുർത്തിയാക്കാൻ പ്രത്യേക സംഘത്തിന് ഹൈക്കോടതി ഒരു മാസം കൂടി അനുവദിച്ചിട്ടുണ്ട്.

Read Also: പുറകിൽ പല കളികളുമുണ്ട്, കാലം തെളിയിക്കും; ആരോപണങ്ങൾക്ക് പാർവതിയുടെ മറുപടി

സുവർണ ജൂബിലി ആഘോഷ നടത്തിപ്പിനായി വെള്ളാപ്പള്ളി നടേശൻ ജനറൽ കൺവീനറായി 1997-98 കാലയളവിൽ പിരിച്ച 1,02,61296 രൂപയിൽ വൻ തുക വെട്ടിച്ചെന്നാണ് കേസ്. എസ്എൻ ട്രസ്റ്റ് ട്രസ്റ്റിയായിരുന്ന കൊല്ലം കടപ്പാക്കട സ്വദേശി പി.സുരേഷ് ബാബു 2004ൽ നൽകിയ സ്വകാര്യ അന്യായത്തിലാണ് സിജെഎം കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.

ക്രൈം ഡിറ്റാച്ച്‌മെന്റ് എസ്‌പി അന്വേഷണം നടത്തി കേസ് എഴുതിത്തള്ളിയിരുന്നു. ഹർജിക്കാരന്റെ തടസവാദം പരിഗണിച്ച വിചാരണ കോടതി പൊലിസിന്റെ റിപ്പോർട്ട് തള്ളി. അന്വേഷണത്തിനെതിരെ വെള്ളാപ്പള്ളി ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് ഹർജിക്കാരൻ നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് എഡിജിപിയുടെ മേൽനോട്ടത്തിൽ അന്വേഷണം പൂർത്തിയാക്കാൻ കോടതി നിർദേശിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.