തിരുവന്തപുരം: കെകെ ശൈലജയെ പുതിയ മന്ത്രിസഭയിൽനിന്ന് ഒഴിവാക്കിയത് സംബന്ധിച്ച് ഉയരുന്ന വിവാദങ്ങളിൽ അഭിപ്രായം വ്യക്തമാക്കി എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്ത ശേഷം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
“ഒരു ടീച്ചറെ എന്തിനാണ് മാലാഖയാക്കുന്നത്. ടീച്ചറുടെ മാഹാത്മ്യം എന്താണ്. അങ്ങനെയാണെങ്കിൽ അതിനേക്കാൾ കൂടുതൽ മാഹാത്മ്യം ഇല്ലേ മണി ആശാന്. മണിആശാന് എന്തായിരുന്നു കുറവ്. മണിആശാനെ പറ്റി പൊക്കാൻ ആരുമില്ലെ,” വെള്ളാപ്പള്ളി ചോദിച്ചു.
“ടീച്ചറ് നല്ല വടിവൊത്ത ഭാഷയിൽ പറയും, അതുപോലെ ഭംഗിയായി പെരുമാറും. ഒരു ടീച്ചറെന്ന നിലയിൽ ഭാഷാശുദ്ധി നല്ലവണ്ണം ഉണ്ട്. പക്ഷേ ഏത് മന്ത്രിയുടെയും പിറകിൽ ഒരു ശക്തി ഉണ്ട്. അവരെ മറക്കുന്നു അവരെപ്പറ്റി ആരും പറയാറില്ല. ത്യാഗോജ്ജ്വലമായി പ്രവർത്തിക്കുന്ന കുറേ ഉദ്യോഗസ്ഥൻമാരുണ്ട്. അവരെപ്പറ്റി ആരും പറയുന്നില്ലല്ലോ. ആ ഉദ്യോഗസ്ഥരുടെ ഉപദേശങ്ങളും നിയന്ത്രണങ്ങളും സ്വീകരിച്ചുകൊണ്ട്, നല്ല ഉദ്യോഗസ്ഥ വൃന്ദം ഉള്ളതുകൊണ്ടാണ് മന്ത്രിമാർ പ്രവർത്തിക്കുന്നത്,” വെള്ളാപ്പള്ളി പറഞ്ഞു.
“ശൈലജ ടീച്ചർ നല്ലമന്ത്രിയായിരുന്നു. ജനപ്രീതിയുള്ള മന്ത്രിയായിരുന്നു.”
“ഇപ്പോൾ പോയ തോമസ് ഐസക്കിന് എന്തായിരുന്നു കുഴപ്പം. മരുഭൂമിയിൽ വെള്ളമുണ്ടാക്കിയ ആളാണ് തോമസ് ഐസക്. അഞ്ച് പൈസയില്ലാതെ തെണ്ടിത്തിരിഞ്ഞ ഖജനാവിൽ പൈസയുണ്ടാക്കി ആ പൈസ ഏത് വകയിലെങ്കിലും ഉണ്ടാക്കി ആ പൈസയല്ലേ ഇവിടെ വികസനത്തിന് ഉപയോഗിച്ചത്. ഐസക്കിന് നിങ്ങൾ എന്താ കുറവ് കാണുന്നത്. “
“ജി സുധാകരൻ വികസനത്തിന് പ്രാധാന്യം നൽകി. ഇത്രയും വികസനങ്ങൾ ഒരു ചീത്തപ്പേരും ഉണ്ടാക്കാതെ നടത്തിയ ഒരു പ്രഗത്ഭനായ പിഡബ്ല്യുഡി മന്ത്രിയാണ്,” വെള്ളാപ്പള്ളി പറഞ്ഞു.
പുതിയ എൽഡിഎഫ് സർക്കാരിൽ പുതിയ മന്ത്രിമാരെ ഉൾപെടുത്തിയത് നല്ല കാര്യമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. വള്ളിനിക്കറിട്ട് രാഷ്ട്രീയത്തിൽ വന്നപ്പോൾ മുതൽ വടി പിടിക്കുന്ന സമയത്ത് വരെ മന്ത്രിയായി തുടരണമെന്ന ശൈലിക്ക് ഇത് മാറ്റം വരുത്തിയെന്നും അദ്ദേഹം പറഞ്ഞു.
“ആ മാറ്റം എന്നും രാഷ്ട്രീയ രംഗത്ത് വരുന്നവർക്ക് ഒരു ശുഭപ്രതീക്ഷയാണ്. അഞ്ച് കൊല്ലം മന്ത്രിയായിക്കഴിഞ്ഞാൽ അവിടെയെല്ലാം മാറ്റമുണ്ടാക്കാൻ സാധിക്കും. അത് നന്മയുടെ മാർഗമാണ്, ജനങ്ങൾ അംഗീകരിക്കുന്ന മാർഗമാണ് എന്ന് തെളിഞ്ഞ് കഴിഞ്ഞു,” വെള്ളാപ്പള്ളി പറഞ്ഞു.
കോൺഗ്രസിൽ തനിക്ക് യാതൊരു പ്രതീക്ഷയുമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. കോൺഗ്രസ് തീർന്നെന്നും അദ്ദേഹം മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
പുതിയ നേതാവ് വന്നാലും കോൺഗ്രസിന്റെ കാര്യത്തിൽ പ്രതീക്ഷയില്ലെന്നും അദ്ദേഹം പറഞ്ഞു.