ആലപ്പുഴ: ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ സഹായിക്കുന്നവരെ സഹായിക്കാനാണ് എസ് എൻ ഡി പിയുടെ തീരുമാനമെന്ന് ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശൻ വ്യക്തമാക്കി.
എസ് എൻ ഡി പി യോഗത്തോട് കൂറ് പുലർത്തുന്നവർക്ക് വോട്ട് ചെയ്യണമെന്നാണ് ചെങ്ങന്നൂർ മണ്ഡലത്തിൽ യൂണിയൻ ഘടകങ്ങൾക്ക് നിർദേശം നൽകുക. രണ്ട് യൂണിയനുകളാണ് ചെങ്ങന്നൂർ മണ്ഡലത്തിന്റെ പരിധിയിൽ വരുന്നത്. കക്ഷി രാഷ്ട്രീയത്തിനതീതമായി യോഗത്തിനോട് സഹകരിക്കുന്ന സ്ഥാനാർത്ഥിയെ സഹായിക്കുക എന്നതാണ് നിലപാട്.
സഹായിക്കുന്നവരെ സഹായിക്കുക എന്നതിനർത്ഥം മനഃസാക്ഷി വോട്ട് എന്നല്ലെന്ന് വെളളാപ്പളളി നടേശൻ വ്യക്തമാക്കി. ചെങ്ങന്നൂർ മണ്ഡലത്തിൽ എസ് എൻ ഡി പി യുടെ ചെങ്ങന്നൂർ യൂണിയനും മാവേലിക്കര യൂണിയനിലെ ഒരു പഞ്ചായത്തും ഉൾപ്പെടുന്നുണ്ട്. ഈ രണ്ട് യൂണിയനുകളോടും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഇതായിരിക്കും അവർ പ്രവർത്തകർക്ക് നൽകുന്ന നിർദേശം.
ചെങ്ങന്നൂരിലെ വിജയം നിശ്ചയിക്കുാന്‍ എസ് എൻ ഡി പിക്ക് ശക്തിയുണ്ട്. എന്നാൽ, അവകാശവാദങ്ങളൊന്നും ഉന്നയിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ ഉപതിരഞ്ഞെടുപ്പ് നടന്ന വേങ്ങരയിൽ എസ് എൻ ഡി പി മനഃസാക്ഷി വോട്ട് രേഖപ്പെടുത്താനാണ് അണികളോട് ആവശ്യപ്പെട്ടത്.
അതേ സമയം ബി ഡി ജെ എസിന്റെ പിന്തുണ ബി ജെ പി സ്ഥാനാർത്ഥിക്കാണെന്ന് വ്യക്തമാക്കിയിരുന്നു. ബി ജെ പിയിൽ നിന്നും ബി ഡി ജെ എസ്സിനേറ്റ മുറിവ് ഉണങ്ങില്ലെന്ന് നേരത്തെ വെളളാപ്പളളി പറഞ്ഞിരുന്നു. ബി ജെ പി മുന്നണിയിൽ നിന്നും വിട്ട് ബി ഡി ജെ എസ് സ്വന്തം സ്ഥാനാർത്ഥിയെ നിർത്തി ശക്തി തെളിയിക്കണമെന്നും വെളളാപ്പളളി ആവശ്യപ്പെട്ടിരുന്നു.