ആലപ്പുഴ: മെഡിക്കൽ കോളജ് അനുവദിക്കാൻ ബിജെപി കേരള നേതാക്കൾ കോഴ വാങ്ങിയെന്ന ആരോപണം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അപമാനമാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കള്ളന്‍ കപ്പലില്‍ തന്നെയുണ്ടെന്നും റിപ്പോര്‍ട്ട് പുറത്തെത്തിയതിനു പിന്നില്‍ കോഴ കിട്ടിയവരും കിട്ടാത്തവരും തമ്മിലുള്ള തര്‍ക്കമാണെന്നും അദ്ദേഹം ആരോപിച്ചു.

‘കോടികൾ മറിഞ്ഞെന്ന് നാട്ടുകാർ വിശ്വസിക്കുന്നു. സംസ്ഥാനത്തെ ബി.ജെ.പിയിൽ വലിയ കളികളാണ് നടക്കുന്നത്. സ്വന്തം താൽപര്യം സംരക്ഷിക്കാനാണ് പലരും ശ്രമിക്കുന്നത്. നേതാക്കൾ തമ്മിലുള്ള കിടമൽസരമാണ് നടക്കുന്നതെന്നും വെള്ളാപ്പള്ളി ആരോപിച്ചു. നിരവധി പേർ പണം വാങ്ങിച്ചിട്ടുണ്ട്. പണം കിട്ടാത്തവർ ചാരപ്രവർത്തനം നടത്തി വിവരങ്ങൾ പുറത്തുവിടുന്നു. മോദിയും അമിത് ഷായും കേരള ഘടകത്തെ അഴിച്ചുപണിത് ശുദ്ധീകരിക്കണം. ഇല്ലെങ്കിൽ കേരള രാഷ്ട്രീയത്തിൽ ബി.ജെ.പി മുളക്കുകയോ വളരുകയോ ചെയ്യില്ല’ അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ബി.ജെ.പി നേതാക്കൾ ചില ഉപജാപങ്ങളെ കേന്ദ്രത്തിൽ സൃഷ്ടിച്ചിട്ടുണ്ട്. ഇക്കാര്യങ്ങൾ മോദിക്കോ അമിത് ഷാക്കോ അറിവുണ്ടായിരിക്കില്ല. പാർട്ടി വളരണമെന്ന് നേതാക്കൾക്കും താൽപര്യമില്ല. പിന്നോക്ക ആഭിമുഖ്യമുള്ള പാർട്ടിയെ സൃഷ്ടിക്കാതെ കേരളത്തിൽ ബി.ജെ.പി രക്ഷപ്പെടില്ലെന്നും വെള്ളിപ്പാള്ളി കൂട്ടിച്ചേർത്തു.

ബിഡിജെഎസ് കേരളത്തിൽ എൻഡിഎയുടെ ഘടകമാണെന്ന് അമിത് ഷാ മാത്രമാണ് പ്രഖ്യാപിച്ചത്. ഇത് അംഗീകരിക്കാൻ സംസ്ഥാന നേതാക്കന്മാർ ഇപ്പോഴും തയാറായിട്ടില്ല. ഈ നിലയിൽ ബിഡിജെഎസ് എൻഡിഎയിൽ തുടരണമോ എന്ന് അവർ തീരുമാനിക്കട്ടെ എന്നും വെള്ളിപ്പള്ളി നടേശൻ കൂട്ടിച്ചേർത്തു.

ചെർപ്പുളശ്ശേരിയിൽ മെഡിക്കൽ കോളേജ്​ അനുവദിക്കാൻ കേരളത്തിലെ ബിജെപി നേതാക്കൾ 5 കോടി രൂപ കൊഴ വാങ്ങിയെന്നാണ് കണ്ടെത്തൽ. വർക്കലയിലെ എസ്ആർ മെഡിക്കൽ കോളേജിലെ ഉടമയായ ആർ.ഷാജിയിൽ നിന്നാണ് ബിജെപി നേതാക്കൾ പണം കൈപ്പറ്റിയത്. പ്രമുഖ നേതാക്കൾ കോഴ വാങ്ങി എന്ന് ആരോപണം ഉയർന്നതിനെ തുടർന്ന് ബിജെപി സംസ്ഥാന നേതൃത്വം പ്രത്യേക അന്വേഷണ കമ്മീഷനെ നിയോഗിച്ചിരുന്നു. ഈ കമ്മീഷൻ പാർട്ടിക്ക് സമർപ്പിച്ച റിപ്പോർട്ടിലാണ് എം.ടി രമേശ് ഉൾപ്പടെയുള്ള നേതാക്കൾ പണം കൈപ്പറ്റിയതായി പറയുന്നത്. ഏഷ്യാനെറ്റ് ന്യൂസാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

പണം കൊടുത്തത് ബിജെപി സഹകരണ സെൽ കൺവീനർ ആർ.എസ്.വിനോദിനാണ് എന്ന് റിപ്പോർട്ടിൽ പറയുന്നു . പണം വാങ്ങിയെന്ന് വിനോദ് സമ്മതിച്ചതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. 5 കോടി 60 ലക്ഷം വാങ്ങിയെന്ന് അന്വേഷണ കമ്മീഷനോട് വിനോദ് സമ്മതിച്ചതായണ് റിപ്പോര്‍ട്ട് . കുഴൽപ്പണമായി തുക ദില്ലിയിലെ ഇടനിലക്കാരന് കൈമാറിയെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടിൽ ബിജെപി നേതാവ് എം ടി രമേശിന്റെയും പേരുണ്ട്. ചെർപ്പുളശ്ശേരിയിൽ മെഡിക്കൽ കോളേജ് തുടങ്ങാൻ പണം നൽകിയത് രമേശ് വഴിയെന്നാണ് റിപ്പോര്‍ട്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ