ആലപ്പുഴ: തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള കലക്കവെള്ളത്തില്‍ മിന്‍ പിടിക്കാന്‍ നോക്കിയത് ശരിയായില്ല എന്ന് എസ്‌എൻഡിപി ചെയര്‍മാന്‍ വെള്ളാപ്പള്ളി നടേശന്‍. വണ്ടിച്ചെക്ക് കേസില്‍ അറസ്റ്റിലായ തുഷാറിനെ രക്ഷിച്ചത് വ്യവസായി യൂസഫലിയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി വി.മുരളീധരനും വിഷയത്തില്‍ ഇടപെട്ടിരുന്നു എന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.
തുഷാര്‍ അറസ്റ്റിലായ വിവരമറിഞ്ഞ യൂസഫലി സ്വന്തം നിലയിലാണ് മകനെ മോചിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിച്ചത്. സ്റ്റേഷനിലെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതും പണം കെട്ടിവച്ച് തുഷാറിനെ പുറത്തിറക്കിയതും യൂസഫലിയുടെ അഭിഭാഷകരാണ്. തുഷാറിനെ ജയിലില്‍ ഇട്ടു എന്നുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ്. തുഷാറിനെതിരായ പരാതിയില്‍ എഫ്‌ഐആര്‍ ഇടുക മാത്രമാണ് ചെയ്തതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
Read Also: തുഷാറിനെ കെണിയില്‍ പെടുത്തിയത് സിപിഎം: പി.എസ്.ശ്രീധരന്‍ പിള്ള
തുഷാര്‍ അറസ്റ്റിലായ വിവരം അറിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി വി.മുരളീധരനും എന്നെ ബന്ധപ്പെട്ടിരുന്നു. ഇരുവരും വിഷയത്തില്‍ ഇടപെട്ടു. എന്നാല്‍, ബിജെപി അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ നോക്കി. ആ നടപടി ശരിയായില്ല. കുറച്ചൂടെ മാന്യവും ബുദ്ധിപരവുമായ സമീപനം ശ്രീധരന്‍ പിള്ളയുടെ ഭാഗത്തുനിന്ന് വേണ്ടതായിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടി ചെയ്ത വഞ്ചനയാണ് കേസ് എന്നൊക്കെ ശ്രീധരന്‍ പിള്ള പറഞ്ഞു. തുഷാറും പരാതിക്കാരനും ഇത് നിഷേധിച്ച കാര്യമാണെന്നും ശ്രീധരൻ പിള്ള പറഞ്ഞു.
“രാജാവിനേക്കാള്‍ വലിയ രാജഭക്തി കാണിക്കേണ്ട കാര്യം ശ്രീധരന്‍പിള്ളയ്ക്കുണ്ടോ?. അയാള്‍ വലിയ അഭിഭാഷകനൊക്കെയാണ് പക്ഷേ തലച്ചോറില്ല. ശബരിമല വിഷയം വന്നപ്പോള്‍ അത് ഗോള്‍ഡന്‍ ചാന്‍സാണ് എന്നു പറഞ്ഞയാളാണ് ശ്രീധരന്‍പിള്ള അന്നു തൊട്ട് പിള്ളയുടെ രാഷ്ട്രീയ ഗ്രാഫ് താഴോട്ടാണ്.”- വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേർത്തു.
ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയുടെ അറസ്റ്റിന് പിന്നില്‍ സിപിഎമ്മാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള നേരത്തെ പറഞ്ഞിരുന്നു. തുഷാറിനെ കെണിയില്‍ പെടുത്തിയത് സിപിഎമ്മാണെന്നാണ് തനിക്ക് കിട്ടിയ വിവരം. ഇടതുപക്ഷത്തോട് ബന്ധപ്പെട്ട ആളാണ് അറസ്റ്റിന് പിന്നില്‍ പ്രവര്‍ത്തിച്ച വ്യക്തി. തുഷാര്‍ വെള്ളാപ്പള്ളിയുടെ അറസ്റ്റ് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ്. ഇതില്‍ അന്വേഷണം വേണമെന്നും ശ്രീധരന്‍ പിള്ള ആവശ്യപ്പെട്ടു. വേട്ടക്കാരനൊപ്പവും ഇരയ്‌ക്കൊപ്പവും നില്‍ക്കുകയാണ് സിപിഎം ചെയ്തതെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. തുഷാറിനെ ജയിലിൽ നിന്ന് ഇറക്കാൻ ബിജെപി എന്തുചെയ്തെന്ന് പുറത്ത് പറയാൻ സൗകര്യമില്ലെന്നും ശ്രീധരൻ പിള്ള പറഞ്ഞു.