ആലപ്പുഴ: പാലായിലെ തിരഞ്ഞെടുപ്പ് വിജയം ഇടതു സര്‍ക്കാരിനും പിണറായി വിജയനും കിട്ടിയ അംഗീകാരമെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്ന് പറഞ്ഞവര്‍ അത് അംഗീകരിക്കണം. ജോസ് കെ.മാണിക്ക് നേതൃപാടവമില്ലെന്ന് അണികള്‍ തന്നെ പറഞ്ഞു. പാലാ ബിഷപ്പ് പോലും ജോസ് ടോം ജയിക്കണമെന്ന് ആഗ്രഹിച്ചിട്ടില്ല. അധികാരത്തിനായി തറവേല കാണിക്കുന്നവര്‍ പുറത്തുനില്‍ക്കട്ടെയെന്ന് ജനങ്ങള്‍ ചിന്തിച്ചുവെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
കേരളത്തിലെ ബിജെപി നേതൃത്വം ബിഡിജെഎസിനെ വേണ്ട പോലെ പരിഗണിക്കുന്നില്ല. പാലായിലെ തോല്‍വിയെക്കുറിച്ച് ബിജെപി തന്നെ ആദ്യം പഠിക്കട്ടെ. അരൂരില്‍ ആരു ജയിക്കുമെന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ല. അരൂരില്‍ ഭൂരിപക്ഷ സമുദായംഗം മത്സരിക്കണമെന്ന തന്റെ നിര്‍ദേശം ഒരു പാര്‍ട്ടിയും സ്വീകരിച്ചില്ല. ഷാനി മോള്‍ ഉസ്‌മാനോട് അരൂരിലെ ജനങ്ങള്‍ക്ക് സഹതാപം ഉണ്ടാകാന്‍ സാധ്യതയില്ല. ബിഡിജെഎസ് അരൂരിൽ നിന്ന് പിന്മാറിയാൽ ആർക്കു ഗുണം ചെയ്യുമെന്ന് പറയാൻ കഴിയില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
Read Also: ബിജെപി സ്ഥാനാര്‍ഥികളെ ഇന്നറിയാം; കുമ്മനത്തിനും സുരേന്ദ്രനും സാധ്യത
അതേസമയം, ഉപതിരഞ്ഞെടുപ്പിൽ അരൂരിൽ മത്സരിക്കുന്നില്ല എന്ന നിലപാടിലാണ് ബിഡിജെഎസ്. ഇക്കാര്യം ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. ബിഡിജെഎസ് മത്സരിക്കാത്ത പക്ഷം സീറ്റ് ബിജെപി ഏറ്റെടുക്കും. അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും ബിജെപിയായിരിക്കും സ്ഥാനാർഥിയെ നിർത്തുക.