എസ് എൻഡി പി യോഗം ജനറൽ സെക്രട്ടറി യോഗം ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശൻ രാഷ്ട്രീയ പ്രവർത്തനം നിർത്തുന്നു. ഇനി മുതൽ ബി ഡി ജെ എസ് പ്രവർത്തനങ്ങൾക്ക് പോകില്ലെന്ന് അദ്ദേഹം പറഞ്ഞു. എസ് എൻ ഡി പി പ്രവർത്തകർക്ക് മലപ്പുറം ഉപതിരഞ്ഞെടുപ്പിൽ മനസാക്ഷിവോട്ട് ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടാണ് അദ്ദേഹം ഇക്കാര്യം അറിയച്ചത്. സജീവ രാഷ്ട്രീയ പ്രവർത്തനത്തില്ലെന്ന് പറഞ്ഞ വെളളാപ്പളളി നല്ലത് ആര് ചെയ്താലും നല്ലതെന്നു പറയുമെന്നും വ്യക്തമാക്കി.
വെളളാപ്പിളളി ബി ജെപിയുമായി തെറ്റിപിരിയുമ്പോൾ അദ്ദേഹത്തിന്റെ മകനും ബി ഡി ജെ എസ് നേതാവുമായ തുഷാർ വെളളാപ്പളളി എൻ ഡി എസഖ്യത്തിനൊപ്പമാണ് നിൽക്കുന്നത്. ബി ജെ പിയുമായുളള അഭിപ്രായവ്യത്യാസമാണ് ഇപ്പോൾ വെളളാപ്പളളിയെ രാഷ്ട്രീയത്തിൽ നിന്നും പിന്മാറാൻ പ്രേരിപ്പിക്കുന്നത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്താണ് പാർട്ടി രൂപീകരിച്ചത്. ഡിസംബർ 2015ലാണ് ഭാരതീയ ധർമ്മ ജനസംഘം എന്ന പേരിൽ എസ് എൻഡി പിയുടെ നേതൃത്വത്തിൽ കേരളത്തിൽ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നത്. വെളളാപളളിയുടെ നേതൃത്വത്തിൽ കാസർകോട് മുതൽ തിരുവനന്തപുരം വരെ നടത്തിയ സമത്വമുന്നേറ്റ യാത്രയുടെ അവസാനമായിരുന്നു പാർട്ടി പ്രഖ്യാപനം. പാർട്ടി പ്രഖ്യാപനത്തിനുശേഷം മുൻ തീരുമാനപ്രകാരം ബി ജെ പി നേതൃത്വം നൽകുന്ന എൻ ഡി എയുടെ ഭാഗമായി മാറി ബി ഡി ജെ എസ്.
ഏതാനും മാസങ്ങൾക്കു മുന്പാണ് വെളളാപ്പളളിനടേശനും ബി ഡി ജെ എസും ബി ജെപിയുമായി അഭിപ്രായവ്യത്യാസമുണ്ടാകുന്നത്. തങ്ങൾക്ക് നൽകിയ വാക്ക് ബി ജെ പി പാലിച്ചില്ലെന്നായിരുന്നു വെളളാപ്പളളിയുടെ സങ്കടം. ഇത് പരസ്യമായി പറയുകയും ചെയ്തു. ബി ജെ പിയുടെ സമീപനത്തെ നിശിതമായി വെളളാപ്പളളി വിമർശിച്ചു. പിന്നീട് തുഷാർ വെളളാപ്പളളി ഡൽഹിയിൽ എത്തി ബി ജെ പി ദേശീയപ്രസിഡന്റ് അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിനുശേഷം ബി ജെ പിയുമായുളള പ്രശ്നങ്ങൾ പരിഹരിച്ചുവെന്നാണ് പൊതുവിൽ ഉണ്ടായ ധാരണ.
എന്നാൽ വെളളാപ്പളളി രാഷ്ട്രീയ പ്രവർത്തനം നിർത്തുന്നുവെന്ന് പ്രഖ്യാപിക്കുകയും എസ് എൻ ഡി പി പ്രവർത്തകർക്ക് മനസാക്ഷി വോട്ട് രേഖപ്പെടുത്താം എന്ന് പറയുകയും ചെയ്തത് പ്രശ്നങ്ങൾ പരിഹരിക്കാനുളള സമ്മർദ്ദതന്ത്രമാണെന്നു കരുതുന്നവരുമുണ്ട്. അച്ഛനും മകനും രാഷ്ട്രീയം വഴി രണ്ട് വഴിക്ക് പിരിയുകയാണോ എന്ന സംശയം ഉന്നയിക്കുന്നവരുമുണ്ട്. ഇതേ സമയം എസ് എൻ ഡി പി പഴയ നേതാക്കളായ ഗോപിനാഥനെയും വിദ്യാസാഗറിനെയും പോലെയുളളവരും ഗോകുലം ഗോപാലനെ പോലെയുളള പുതിയ നേതാക്കളുടെയും നേതൃത്വത്തിൽ പുതിയ സംഘടന രൂപീകരിക്കുന്നുണ്ട്. ബി ജെപിയുമായുളള ബന്ധം കാരണം അണികൾ അവരോടൊത്ത് പോകുമെന്ന ഭയവുമാണ് വെളളാപ്പളളിയെ കൊണ്ട് ഈ തീരുമാനമെടുപ്പിക്കുന്നത് എന്ന നിലപാടാണ് യോഗവുമായി ബന്ധമുളള ചിലരുടെ അഭിപ്രായം.
ഇതേ സമയം തന്നെ ഗോത്രമഹാസഭയിൽ നിന്നും രാഷ്ട്രീയജനസഭ രൂപീകരിച്ച് ബി ജെ പിയുടെ കുടക്കിഴീൽ ചേർന്ന സി കെ ജാനുവും ബി ജെ പി വാക്കു പാലിച്ചില്ലെന്ന് ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ എൻ ഡി എമുന്നണി വിട്ടുപോകാനോ രാഷ്ട്രീയം അവസാനിപ്പിക്കാനോ തീരുമാനിച്ചിട്ടില്ലെന്ന് ജാനു നേരത്തെ വ്യക്തമാക്കിയിരുന്നു.