കൽപറ്റ: വയനാട് വെള്ളമുണ്ടയിൽ യുവ ദമ്പതികളെ കൊലപ്പെടുത്തി കേസിൽ പ്രതി വിശ്വനാഥന് വധശിക്ഷ. കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.
2018 ജൂലൈ ആറിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. വെള്ളമുണ്ട സ്വദേശികളായ ഉമ്മർ (28), ഭാര്യ ഫാത്തിമ (20) എന്നിവരാണ് കൊല്ലപ്പെട്ടത്. മോഷണ ശ്രമത്തിനിടെ പ്രതി ഇവരെ കൊലപ്പെടുത്തുകയായിരുന്നെന്നാണ് പൊലീസ് കണ്ടെത്തി.
കേസിൽ കൽപറ്റ സെഷൻസ് കോടതിയാണു വിധി പറഞ്ഞത്. വിശ്വനാഥനാണു കൊലപാതകത്തിനു പിന്നിലെന്നു തെളിയിക്കാൻ പ്രോസിക്യൂഷനു സാധിച്ചെന്നു കോടതി പറഞ്ഞു.
തൊട്ടിൽപാലം സ്വദേശിയാണ് വിശ്വനാഥൻ. മാനന്തവാടി ഡിവൈഎസ്പി കെഎം ദേവസ്യയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമായിരുന്നു കേസ് അന്വേഷിച്ചത്. കൊല്ലപ്പെട്ട ഫാത്തിമയുടെ ഫോൺ പ്രതി വിശ്വനാഥൻ കൈക്കലാക്കിയതാണ് കേസന്വേഷണത്തിൽ പൊലീസിന് സഹായകമായത്.
ഈ ഫോൺ കാണാതയ വിവരം അറിഞ്ഞതോടെ പൊലീസ് ടവർ ലൊക്കേഷൻ വച്ച് അന്വേഷണം നടത്തി. രണ്ട് മാസത്തോളം നീണ്ട ഈ അന്വേഷണത്തിനൊടുവിൽ ഒരിക്കൽ വിശ്വനാഥൻ ഈ ഫോൺ ഓൺ ചെയ്തപ്പോൾ പൊലീസ് ടവർ ലൊക്കേഷൻ കണ്ടെത്തുകയായിരുന്നു. തുടർന്ന് 2018 സെപ്റ്റംബര്‍ 18നായിരുന്നു വിശ്വനാഥനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.