/indian-express-malayalam/media/media_files/uploads/2019/02/Velankanni.jpg)
വേളാങ്കണ്ണിയിലേക്കുള്ള തീര്‍ത്ഥാടകരുടെ തിരക്ക് വര്‍ധിക്കുന്ന കാലമാണ് ഇനി വരുന്ന ഏതാനും മാസങ്ങള്‍. വേനലവധി കാലത്ത് കുടുംബസമേതം വേളാങ്കണ്ണിയിലേക്ക് പോകുന്ന തീര്‍ത്ഥാടകരുടെ തിരക്ക് പരിഗണിച്ച് എറണാകുളത്ത് നിന്ന് പ്രത്യേക ട്രെയിന്‍ സര്‍വീസ് ഒരുക്കുകയാണ് ദക്ഷിണ റെയിവേ.
ഏപ്രില്‍, മേയ്, ജൂണ്‍ മാസങ്ങളിലാണ് പ്രത്യേക പ്രതിവാര ട്രെയിന്‍ സര്‍വീസ് ലഭ്യമാകുക. എല്ലാ ശനിയാഴ്ചയും എറണാകുളത്ത് നിന്ന് ആരംഭിച്ച് ഞായറാഴ്ച വേളാങ്കണ്ണിയിലെത്തും വിധമാണ് പ്രത്യേക നിരക്ക് ട്രെയിന്‍ സര്‍വീസ്. വേളാങ്കണ്ണി തീര്‍ത്ഥാടനം നടത്തിയ ശേഷം ഞായറാഴ്ച വൈകുന്നേരത്തോടെ എറണാകുളത്തേക്ക് തിരിക്കാന്‍ സാധിക്കും വിധമാണ് സർവീസ്.
ശനിയാഴ്ച രാവിലെ 10.15 നാണ് എറണാകുളത്ത് നിന്ന് 06015 നമ്പർ ട്രെയിന്‍ പുറപ്പെടുക. ഞായറാഴ്ച പുലര്‍ച്ചെ 4.45 ന് ട്രെയിന്‍ വേളാങ്കണ്ണിയിലെത്തും. ഏകദേശം 19 മണിക്കൂറാണ് എറണാകുളത്ത് നിന്ന് വേളാങ്കണ്ണിയിലെത്താന്‍ ഈ ട്രെയിന് വേണ്ടത്. പ്രത്യേക ട്രെയിന്‍ സര്‍വീസിനായുള്ള ബുക്കിംഗ് ശനിയാഴ്ച മുതല്‍ ആരംഭിച്ചിട്ടുണ്ട്.
ഞായറാഴ്ച പുലര്‍ച്ചെ വേളാങ്കണ്ണിയിലെത്തിയാല്‍ അന്നേദിവസം തന്നെ വൈകീട്ട് മടങ്ങിവരാനും സാധിക്കും. ഞായറാഴ്ച വൈകീട്ട് 6.50 നാണ് തിരിച്ചുള്ള 06016 നമ്പർ ട്രെയിന്‍. വൈകീട്ട് വേളാങ്കണ്ണിയില്‍ നിന്ന് പുറപ്പെട്ടാല്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30 ന് ട്രെയിന്‍ എറണാകുളത്ത് എത്തും.
ഈ ട്രെയിന്‍ റൂട്ടിനും ഏറെ പ്രത്യേകതകളുണ്ട്. എറണാകുളത്ത് നിന്ന് ആരംഭിച്ച് കോട്ടയം, ചെങ്ങന്നൂര്‍, കൊല്ലം, കൊട്ടാരക്കര, പുനലൂര്‍, തെങ്കാശി, കാരേയ്ക്കുടി, തഞ്ചാവൂര്‍, നാഗപട്ടണം റൂട്ടിലൂടെയാണ് ട്രെയിന്‍ സര്‍വീസ് നടത്തുക.
വേളാങ്കണ്ണിയിലേക്ക് പ്രതിദിന സര്‍വീസ് നടത്തുന്ന എറണാകുളം - കാരയ്ക്കല്‍ എക്‌സ്പ്രസില്‍ (16188) നിന്ന് വ്യത്യസ്തമായ റൂട്ടാണ് പ്രത്യേക ട്രെയിന്റേത്. കാരൈക്കല്‍ എക്‌സ്പ്രസ് പാലക്കാട് വഴി സര്‍വീസ് നടത്തുമ്പോള്‍ അവധിക്കാല പ്രത്യേക നിരക്ക് ട്രെയിന്‍ പുനലൂര്‍ വഴിയാണ് വേളാങ്കണ്ണിയിലെത്തുന്നത്. ഈ റൂട്ട് തന്നെയാണ് അവധിക്കാല ട്രെയിനെ ശ്രദ്ധേയമാക്കുന്നതും. പുറംകാഴ്ചകളാല്‍ സമ്പന്നമാണ് ഈ റൂട്ട്.
എറണാകുളത്ത് നിന്ന് പുറപ്പെടുന്ന ട്രെയിന് കോട്ടയം, ചങ്ങനാശേരി, തിരുവല്ല, മാവേലിക്കര, കായംകുളം, കൊല്ലം, കുണ്ടറ, കൊട്ടാരക്കര, ആവണീശ്വരം, പുനലൂര്‍, തേന്മല, ചെങ്കോട്ടൈ, തെങ്കാശി, രാജപാളയം, വിരുദുനഗര്‍, അറുപ്പുകോട്ടൈ, മാനാമധുരൈ, കാരായ്ക്കുടി, തിരുച്ചിറപ്പിള്ളി, തഞ്ചാവൂര്‍, തിരുവരൂര്‍, നാഗപട്ടിണം എന്നിവിടങ്ങളില്‍ സ്റ്റോപ്പുകളുണ്ട്. ട്രെയിനില്‍ രണ്ട് ത്രീ ടയര്‍ എസി, ആറ് സ്ലീപ്പര്‍ ക്ലാസ്, നാല് സെക്കന്റ് ക്ലാസ് കോച്ചുകള്‍ ഉണ്ടായിരിക്കും.
വേനലവധിക്ക് സര്‍വീസ് നടത്തുന്ന പ്രത്യേക ട്രെയിന്റെ നിരക്കുകള്‍ സ്ലീപ്പറിന് 485 രൂപയും, ത്രീടയര്‍ എസി ടിക്കറ്റിന് 1325.00 രൂപയുമാണ്.
എന്നാല്‍, പ്രതിദിന ട്രെയിനായ എറണാകുളം - കാരൈക്കല്‍ എക്‌സ്പ്രസിന്റെ നിരക്ക് ഇതിലും കുറവാണ്. സ്ലീപ്പറിന് 325 രൂപയും, ത്രീടയര്‍ എസി ടിക്കറ്റിന് 885 രൂപയും.
വേളാങ്കണ്ണിയില്‍ നിന്ന് ഏറെ അകലെയല്ലാത്ത മറ്റ് ശ്രദ്ധേയമായ തീര്‍ത്ഥാടന-ടൂറിസ്റ്റ് കേന്ദ്രങ്ങളും ഈ യാത്രയില്‍ സന്ദര്‍ശിക്കാവുന്നതാണ്. കാരൈക്കല്‍ - നാഗപട്ടണം ഹൈവേയില്‍ സ്ഥിതി ചെയ്യുന്ന മുസ്ലീം ആരാധനാലയമായ നാഗോര്‍ പള്ളി (നാഗോർ ദർഗ്ഗ), ഫ്രഞ്ച് കോളനിയായിരുന്ന പുതുച്ചേരി, ഡാനിഷ് കോളനിയായിരുന്ന തരംഗബാടി (ട്രാൻക്യൂബാർ), പ്രസിദ്ധ ക്ഷേത്രങ്ങളായ ചിദംബരം, കുംഭകോണം, തഞ്ചാവൂര്‍ എന്നിവിടങ്ങളിലും ഈ യാത്രയില്‍ സന്ദര്‍ശനം നടത്താം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.