തിരുവനന്തപുരം: വനവാസികള്‍ക്ക് അവശ്യസാധനങ്ങള്‍ എത്തിക്കാന്‍ വനംവകുപ്പ് വാഹനങ്ങള്‍ വിട്ടു നല്‍കുമെന്ന് വനംമന്ത്രി അഡ്വ കെ.രാജു അറിയിച്ചു. വനപാതകളില്‍ സര്‍വീസ് നടത്തിയിരുന്ന ജീപ്പുകളുടെ സര്‍വീസ് നിര്‍ത്തലാക്കിയ സാഹചര്യത്തില്‍ ഉള്‍ക്കാടുകളില്‍ താമസിക്കുന്നവര്‍ക്ക് അവശ്യസാധനങ്ങള്‍ വാങ്ങുന്നതിനും ആശുപത്രികളില്‍ പോകുന്നതിനും മറ്റും ബുദ്ധിമുട്ടുകള്‍ നേരിടുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് തീരുമാനം.

ആശുപത്രികളിലെത്തുന്നതിനും മരുന്നും ഭക്ഷ്യവസ്തുക്കളും മറ്റ് നിത്യോപയോഗ സാധനങ്ങളും വാങ്ങുന്നതിനും വനംവകുപ്പിന്റെ വാഹനങ്ങള്‍ വിട്ടു നല്‍കുന്നതിന് എല്ലാ ബന്ധപ്പെട്ട ഓഫീസര്‍മാര്‍ക്കും നിർദേശം നല്‍കിയതായും മന്ത്രി അറിയിച്ചു.

Read More: ‘സമാധാനമായിരിക്കൂ’; അതിഥി തൊഴിലാളികൾക്ക് സാന്ത്വനവുമായി ശബ്ദ സന്ദേശം

സിവില്‍സപ്ലൈസ് നല്‍കുന്ന റേഷനും മറ്റും ആനുകൂല്യങ്ങളും ഊരുകളില്‍ നേരിട്ടെത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പട്ടികവര്‍ഗ വകുപ്പുമായി ചേര്‍ന്ന് ഇതിനോടകം തന്നെ വനംവകുപ്പ് നടപ്പിലാക്കി വരികയാണ്. കോവിഡ് മുന്‍നിര്‍ത്തി ഇപ്പോള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള സൗജന്യ ഭക്ഷ്യധാന്യങ്ങളും പലവ്യജ്ഞന കിറ്റും മറ്റ് ആനുകൂല്യങ്ങളും ഊരുകളിലെത്തിക്കുന്നതിനും വിതരണം ചെയ്യുന്നതിനും സൗകര്യമൊരുക്കുന്നതിന് സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ക്കും എസ്ടി പ്രൊമോട്ടര്‍മാര്‍ക്കും അതത് പ്രദേശത്തെ റേഞ്ച് ഓഫീസര്‍മാരെ സമീപിക്കാമെന്നും മന്ത്രി അറിയിച്ചു.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തില്‍ വനവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങൾ സംസ്ഥാനതലത്തിൽ ഏകോപ്പിക്കുന്നതിന് എപിസിസിഎഫ് രാജേഷ് രവീന്ദ്രനെ ചുമതലപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.

പുറത്തുനിന്നുള്ളവര്‍ ഊരുകളിലെത്താതിരിക്കാന്‍ നിരീക്ഷണം കര്‍ശനമാക്കണമെന്നും ഉള്‍ക്കാടുകളില്‍ താമസിക്കുന്നവര്‍ക്ക് പ്രത്യേക ശ്രദ്ധയും പരിഗണനയും നല്‍കണമെന്നും മന്ത്രി ബന്ധപ്പട്ട ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിർദേശം നല്‍കുകയും ചെയ്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.