തിരുവനന്തപുരം: പുതുച്ചേരി വാഹന രജിസ്ട്രേഷൻ നികുതി വെട്ടിപ്പിൽ നടി അമല പോളിനെതിരായ കേസ് നിലനിൽക്കില്ലെന്ന് ക്രൈംബ്രാഞ്ച്. പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്ത വാഹനത്തിന്റെ കേസ്, കേരളത്തിൽ നിലനിൽക്കില്ലെന്നും, പുതുച്ചേരി ഗതാഗത വകുപ്പാണ് അമലയ്ക്കെതിരെ കേസെടുക്കേണ്ടതെന്നും ക്രൈംബ്രാഞ്ച് പറഞ്ഞു. അതേസമയം അമല പോൾ വാഹനം രജിസ്റ്റർ ചെയ്തത് വ്യാജ രേഖകൾ ഉപയോഗിച്ചാണെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി.
Read More: നികുതി വെട്ടിപ്പ്: അമല പോളിന്റെ വാദങ്ങള്‍ പൊളിയുന്നു; ചോദ്യം ചെയ്യണമെന്ന് ക്രൈംബ്രാഞ്ച്
ഓഗസ്റ്റ് നാലിന് ചെന്നൈയിലെ ട്രാന്‍സ് കാര്‍ ഡീലറില്‍ നിന്നാണ് അമല പോള്‍ 1.12 കോടി വില വരുന്ന ബെന്‍സ് എസ് ക്ലാസ് കാര്‍ വാങ്ങിയത്. ചെന്നൈയില്‍ നിന്ന് വാങ്ങിയ കാര്‍ പിന്നീട് പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തു. കേരളത്തില്‍ കാര്‍ രജിസ്റ്റര്‍ ചെയ്തിരുന്നെങ്കില്‍ 20 ലക്ഷം രൂപ നികുതി അടയ്ക്കേണ്ടി വരുമായിരുന്നു.
പോണ്ടിച്ചേരിയില്‍ നികുതി കുറവായതിനാല്‍ 1.25 ലക്ഷം രൂപ മാത്രമാണ് അമലയ്ക്ക് നികുതിയിനത്തില്‍ നല്‍കേണ്ടി വന്നത്. പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ സ്ഥിരം താമസക്കാരനായിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. എന്നാല്‍, നടിക്ക് നേരിട്ട് അറിയാത്ത എന്‍ജിനീയറിങ് വിദ്യാര്‍ഥിയുടെ തിലാസപ്പെട്ടിലെ സെന്റ് തെരേസസ് സ്ട്രീറ്റിലെ വിലാസത്തിലാണ് പോണ്ടിച്ചേരിയില്‍ കാര്‍ രജിസ്റ്റര്‍ ചെയ്തത്. ഇവര്‍ക്ക് അമല പോളിനെയോ കാര്‍ രജിസ്ട്രേഷന് നടത്തിയ വിവരമോ അറിയില്ല. ഏഴു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് വ്യാജ രജിസ്ട്രേഷന്.
Read More: ‘വിവാദ ബെൻസ്’ വിറ്റെന്ന് അമല പോൾ
എന്നാൽ നികുതിവെട്ടിപ്പ് നടത്തിയിട്ടില്ലെന്നാണ് അമല ക്രൈംബ്രാഞ്ചിന് നൽകിയിരുന്ന മൊഴി. 2013 മുതൽ താൻ സ്ഥിരമായി താമസിക്കുന്ന പുതുച്ചേരിയിലെ വിലാസത്തിലാണ് വാഹനം രജിസ്റ്റർ ചെയ്തത്. ഇതിന്റെ നടപടിക്രമങ്ങൾ എല്ലാം പൂർത്തിയാക്കിയത് തന്റെ പേഴ്സണൽ സ്റ്റാഫാണ്. നികുതി വെട്ടിപ്പ് സംബന്ധിച്ച കാര്യങ്ങളൊന്നും തനിക്ക് അറിവുള്ളതല്ലെന്നും അമല ക്രൈംബ്രാഞ്ചിനോട് വിശദീകരിച്ചിരുന്നു. ഒരു ലക്ഷം രൂപ ബോണ്ടിൽ അമല ഹൈക്കോടതിയിൽ നിന്നും മുൻകൂർ ജാമ്യവും നേടിയിരുന്നു.
അതേസമയം, വാഹന രജിസ്ട്രേഷൻ സംബന്ധിച്ച വിവാദത്തെക്കുറിച്ച് ഇന്ത്യൻ എക്സ്പ്രസിനു നൽകിയ അഭിമുഖത്തിൽ അമല പോൾ മനസ് തുറന്നിരുന്നു. “ഭൗതികമായ കാര്യങ്ങൾക്ക് പിറകെയല്ല ഞാനിപ്പോൾ. പോണ്ടിച്ചേരിയിൽ ഞാൻ ലളിതമായൊരു ജീവിതം നയിക്കുകയാണ്. ഞാൻ പ്രതിമാസം 20,000 രൂപ ചെലവഴിക്കുന്നു. എന്റെ മെഴ്സിഡസ് കാർ ഞാൻ വിറ്റു. അതെന്റെ ഈഗോയെ പോഷിപ്പിക്കുകയായിരുന്നു,” അമല പോൾ പറഞ്ഞു.