തിരുവനന്തപുരം: ആഡംബര കാറുകൾ വ്യാജ വിലാസത്തിൽ പുതുച്ചേരിയിൽ റജിസ്ട്രേഷൻ ചെയ്ത് നികുതി വെട്ടിച്ച കേസിൽ സുരേഷ് ഗോപി എംപിയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഇദ്ദേഹത്തെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. സമാനമായ മറ്റൊരു കേസിൽ നടി അമല പോളിനെയും ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തു.

രണ്ട് ആൾ ജാമ്യവും ഒരു ലക്ഷം രൂപയും കെട്ടിവച്ചാണ് സുരേഷ് ഗോപി എംപിയെ വിട്ടയച്ചത്. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സുരേഷ് ഗോപി എംപി പൊലീസ് ആസ്ഥാനത്തെ ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിയത്. ഇന്ന് രാവിലെ 11 മണിയോടെ ഡിജിപി ഓഫീസിലെത്തിയ അമല പോളിനെ പിന്നീട് ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് കൊണ്ടുപോയി ചോദ്യം ചെയ്തു.

കൃഷിയിടത്തില്‍ പോകാന്‍ വേണ്ടിയാണ് ഓഡി കാര്‍ വാങ്ങിയത് എന്നാണ് നേരത്തെ സുരേഷ് ഗോപി ക്രൈംബ്രാഞ്ചിന് നൽകിയ മൊഴി. ഇത് നുണയാണെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ചിന്റെ നടപടി. സുരേഷ് ഗോപിയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.

അതേസമയം, താൻ വാഹന റജിസ്ട്രേഷനുമായി ബന്ധപ്പെട്ട് നികുതിവെട്ടിപ്പ് നടത്തിയിട്ടില്ലെന്ന് നടി അമല പോൾ ക്രൈംബ്രാഞ്ചിന് മൊഴി നൽകി. 2013 മുതൽ താൻ സ്ഥിരമായി താമസിക്കുന്ന പുതുച്ചേരിയിലെ വിലാസത്തിലാണ് വാഹനം റജിസ്റ്റർ ചെയ്തത്. ഇതിന്‍റെ നടപടിക്രമങ്ങൾ എല്ലാം പൂർത്തിയാക്കിയത് തന്‍റെ പേഴ്സണൽ സ്റ്റാഫാണ്. നികുതി വെട്ടിപ്പ് സംബന്ധിച്ച കാര്യങ്ങളൊന്നും തനിക്ക് അറിവുള്ളതല്ലെന്നും അമല ക്രൈംബ്രാഞ്ചിനോട് വിശദീകരിച്ചു.

എന്നാൽ അമല പോളിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണനയിൽ നിൽക്കുന്നതിനാൽ ഇവരുടെ അറസ്റ്റ് അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടില്ല. അതേസമയം, ഇവരുടെ മൊഴി വിശ്വാസത്തിലെടുക്കാനും പൊലീസ് തയ്യാറായിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ