തിരുവനന്തപുരം: ട്രാഫിക് കുറ്റകൃത്യങ്ങള്‍ കണ്ടുപിടിക്കാനായി വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തുന്നതും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നതും ഒഴിവാക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ എല്ലാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും നിർദേശം നല്‍കി. കളളക്കടത്ത്, അനധികൃതമായി പണംകൈമാറല്‍, മയക്കുമരുന്ന് കടത്ത്, ആയുധക്കടത്ത് എന്നിവ സംബന്ധിച്ച് വ്യക്തമായി വിവരം ലഭിക്കുന്ന സാഹചര്യത്തിലും അലക്ഷ്യമായും അശ്രദ്ധമായും വാഹനം ഓടിക്കുമ്പോഴും മാത്രമേ വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്താവൂ എന്നും സംസ്ഥാന പൊലീസ് മേധാവി നിർദേശിച്ചു.
കഴിയുന്നതും ഇന്‍സ്‌പെക്ടര്‍ റാങ്കിലോ അതിന് മുകളിലോ ഉളള ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ മാത്രമേ ഇത്തരത്തില്‍ വാഹനം തടയാവൂ. അപകടങ്ങള്‍ ഉള്‍പ്പെടെയുളള ഹൈവേ ട്രാഫിക് സംബന്ധമായ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യേണ്ടതിന്റെ ഉത്തരവാദിത്തം അതതു മേഖലയിലെ ഹൈവേ പോലീസ് വാഹനങ്ങള്‍ക്കാണെന്ന് ജില്ലാ പൊലീസ് മേധാവിമാര്‍ ഉറപ്പുവരുത്തണമെന്നും നിർദേശിച്ചിട്ടുണ്ട്.
ചില ജില്ലകളിലെ പൊലീസ് ഉദ്യോഗസ്ഥര്‍ ട്രാഫിക് കുറ്റകൃത്യങ്ങളുടെ ചിത്രങ്ങളും വീഡിയോയും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ചിത്രീകരിച്ചുവരുന്നു. ഈ സംവിധാനം സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കണം. ഇത്തരം സംവിധാനങ്ങള്‍ ഉപയോഗിക്കുകയാണെങ്കില്‍ കുറ്റവാളികള്‍ക്കെതിരെ പഴുതില്ലാത്ത തെളിവുകളോടെ നിയമ നടപടികള്‍ സ്വീകരിക്കുന്നതിന് സാധിക്കും.
Read Also: കൊല്ലത്ത് വാഹനപരിശോധനയ്ക്കിടെ പൊലീസ് അതിക്രമം; ബൈക്ക് യാത്രക്കാരനെ ലാത്തികൊണ്ട് എറിഞ്ഞിട്ടു
ഹെല്‍മറ്റ് ഇല്ലാതെ യാത്രചെയ്യുന്നവരെയും വാഹനം നിര്‍ത്താന്‍ ആവശ്യപ്പെടുമ്പോള്‍ വിസമ്മതിക്കുന്നവരെയും അവരുടെ രജിസ്‌ട്രേഷന്‍ നമ്പര്‍ മനസിലാക്കി പിടികൂടാന്‍ കഴിയും. നിയമം അനുവദിക്കുന്നപക്ഷം ഗതാഗതം ക്രമീകരിക്കുന്നതിന് ബാരിക്കേഡുകളും സ്ഥാപിക്കാവുന്നതാണ്. നേരത്തെ നിശ്ചയിച്ച സ്ഥലങ്ങളില്‍ മുന്‍കൂട്ടി പ്രഖ്യാപിച്ച പ്രകാരം വാഹന പരിശോധന നടത്താവുന്നതാണ്.
ഹെല്‍മറ്റ് ധരിക്കാത്തതിന് ഇരുചക്രവാഹന യാത്രക്കാരെ ഒരുകാരണവശാലും ഓടിച്ചിട്ട് പിടിക്കരുതെന്നും അങ്ങനെ ചെയ്യുന്നത് യാത്രക്കാരന്റെയും പൊലീസുദ്യോഗസ്ഥന്റെയും ജീവന് ഭീഷണിയാകുമെന്നുമുളള കോടതി നിരീക്ഷണവും സംസ്ഥാന പൊലീസ് മേധാവി നിർദേശത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഡ്രൈവര്‍ വാഹനം നിര്‍ത്തുമെന്ന ധാരണയില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ റോഡിന്റെ മധ്യത്തിലേക്ക് ചാടിവീണ് തടയാന്‍ ശ്രമിക്കരുതെന്ന് കോടതി നിർദേശിച്ചിരുന്നു.
നിർദേശങ്ങള്‍ അനുസരിക്കുന്നതില്‍ വീഴ്ച വരുത്തുന്ന ഓഫീസര്‍മാര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കാനും ലോക്‌നാഥ് ബെഹ്‌റ ഉത്തരവില്‍ നിർദേശിച്ചു.