തിരുവനന്തപുരം: പച്ചക്കറി വിലക്കയറ്റത്തിന്റെ പശ്ചാത്തലത്തിൽ അയൽ സംസ്ഥാനങ്ങളിൽ നിന്ന് പച്ചക്കറികൾ കേരള വിപണിയിലിറക്കാനുള്ള നടപടി ആരംഭിച്ചു. തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലെ സർക്കാരുമായി സഹകരിച്ച് കർഷകരിൽ നിന്ന് നേരിട്ട് പച്ചക്കറികൾ കേരള വിപണിയിലിറക്കാനുള്ള നടപടി ആരംഭിച്ചതായി കൃഷിവകുപ്പ് ആരംഭിച്ചതായി ഫാം ഇൻഫൊർമേഷൻ ബ്യൂറോ അറിയിച്ചു.
ഇത്തരത്തിൽ സംഭരിക്കുന്ന പച്ചക്കറികൾ ഇന്ന് (നവംബർ 25-വ്യാഴാഴ്ച) തന്നെ വിപണിയിലെത്തിക്കാനാണ് ഹോർട്ടികോർപ്പ് തയ്യാറെടുക്കുന്നത്. കൃഷി മന്ത്രിയുടെ അദ്ധ്യക്ഷതയിൽ വിളിച്ചുകൂട്ടിയ ഉന്നതതല യോഗത്തിലാണ് തീരുമാനമായത്.
രാഴ്ചയ്ക്കുള്ളിൽ പച്ചക്കറി വില സാധാരണ നിലയിൽ ആക്കാനുള്ള സമഗ്ര പദ്ധതിയാണ് കൃഷിവകുപ്പ് തയ്യാറാക്കിയതെന്ന് കൃഷിമന്ത്രി പി പ്രസാദ് പറഞ്ഞു. കാർഷിക വിപണന മേഖലയിൽ ഇടപെടൽ നടത്തുന്ന ഹോർട്ടികോർപ്പ് വിഎഫ്പിസികെ തുടങ്ങിയ സ്ഥാപനങ്ങളുടെ നിലവിലുള്ള വിപണന സംവിധാനം അഴിച്ചുപണിയുമെന്നും കാലോചിതമായ ഇടപെടൽ വിപണയിൽ വരുത്തുന്ന തരത്തിലുള്ള സംവിധാനം രൂപകല്പന ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
നാടൻ പച്ചക്കറിയെ ആശ്രയിച്ച് വിപണിയെ പിടിച്ചുനിർത്താൻ നമുക്കാവണം. അതിനായി പ്രാദേശിക പച്ചക്കറി ഉത്പാദനം ഇനിയും വർദ്ധിപ്പിച്ചേ മതിയാകൂ. വീട്ടുവളപ്പിൽ ചെറിയതോതിലുള്ളതാണെങ്കിലും പച്ചക്കറി ഉത്പാദനം വർദ്ധിപ്പിക്കണം. അധികമായി ഉത്പാദിപ്പിക്കുന്ന പച്ചക്കറികൾ സംഭരിക്കുന്നതിന് മൊബൈൽ അപ്ലിക്കേഷൻ വികസിപ്പിക്കുമെന്നും അതിലൂടെ സംഭരിക്കുന്ന പച്ചക്കറികൾ ഏകോപിപ്പിച്ച് പൊതു വിപണിയിൽ എത്തിക്കാൻ ഹോർട്ടികോർപ്പിനെ ചുമതലപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
Also Read: എന്തറിഞ്ഞിട്ടാണ് കോടതിയിലെത്തിയത്? ഹലാല്‍ ശര്‍ക്കര വിവാദത്തില്‍ ഹര്‍ജിക്കാരന് വിമര്‍ശം
വിവിധ പച്ചക്കറികളുടെ വിലയിൽ വർധനവ് രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് ഇവ അയൽ സംസ്ഥാനങ്ങളിൽ നിന്ന് വാങ്ങുന്നതിന് സർക്കാർ നടപടി സ്വീകരിച്ചത്. തക്കാളിയുടെ വില കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ കിലോയ്ക്ക് നൂറ് രൂപയ്ക്ക് മുകളിൽ കടന്നിരുന്നു. 100 മുതൽ 120 രൂപ വരെയാണ് ചില്ലറ വിപണിയിൽ തക്കാളിയുടെ വില. മൊത്തവിപണിയിൽ ഇത് 80 രൂപയ്ക്കും 90 രൂപയ്ക്കും ഇടയിലാണ്.
മുരിങ്ങക്കായയുടെ വില കിലോയ്ക്ക് 200 രൂപയിലെത്തിയിരുന്നു. വെണ്ട, വഴുതന എന്നിവയുടെ വില 70 രൂപയിലുമെത്തിയിരുന്നു. കാലം തെറ്റിയുള്ള മഴ വിള നാശത്തിനു കാരണമായതാണ് പച്ചക്കറി വില കൂടാൻ കാരണമായത്.