തിരുവനന്തപുരം: ജനജീവിതം കൂടുതല്‍ പ്രതിസന്ധിയിലാക്കി പച്ചക്കറി വിപണിയും. തക്കാളി ഒരു കിലോയ്ക്ക് ചില്ലറ വിപണിയില്‍ 120 രൂപയ്ക്ക് മുകളിലാണ് വില. മൊത്ത വ്യാപാര വിപണിയില്‍ 90 രൂപയും. തമിഴ്നാട്ടിലും കര്‍ണാടകത്തിലും പച്ചക്കറി ക്ഷാമം രൂക്ഷമായ സാഹചര്യത്തിലാണ് വിലക്കയറ്റം. അരിയുള്‍പ്പടെയുള്ള നിത്യോപയോഗ സാധനങ്ങള്‍ക്കും വില കൂടിയിരിക്കുകയാണ്.
സപ്ലൈക്കോയിലെ പലചരക്ക് സാധനങ്ങള്‍ക്കും വില കൂട്ടിയിട്ടുണ്ട്. സബ്സിഡി ഇല്ലാത്ത ഉത്പന്നങ്ങള്‍ക്കാണ് വില കുത്തനെ വര്‍ധിപ്പിച്ചിരിക്കുന്നത്. ചെറുപയറിന് 30 രൂപയാണ് കൂട്ടിയിരിക്കുന്നത്. കുറുവ അരിക്ക് ഏഴ് രൂപയും കൂട്ടിയിട്ടുണ്ട്. സപ്ലൈക്കോയില്‍ കഴിഞ്ഞ പത്ത് ദിവസത്തിനിടെ ഇത് രണ്ടാമത്തെ തവണയാണ് വില വര്‍ധനവ് ഉണ്ടാകുന്നത്.
ചെറുപയര്‍ പരിപ്പിന് 105 രൂപയായിരുന്നത് 116 ആക്കി വര്‍ധിപ്പിച്ചു. മുളകിന് 22 രൂപയാണ് കൂട്ടിയിരിക്കുന്നത്. പരിപ്പിന് ആറ് രൂപ കൂട്ടിയതോടെ കിലോയ്ക്ക് 82 രൂപയായി വില. മുതിര 44 രൂപയിൽ നിന്ന് 50 രൂപയായി വർധിച്ചു. മല്ലിക്ക് 110 രൂപയും ഉഴുന്നിന് 104 രൂപയുമാണ് ഇന്നത്തെ വില. കടുക്, ജീരകം, മട്ട അരി, പഞ്ചസാര എന്നിവയ്ക്കും വില കൂടിയിട്ടുണ്ട്.