കോട്ടയം: കൊട്ടാരക്കല താലൂക്ക് ആശുപത്രിയില്‍ വച്ച് കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന്റെ അമ്മയെ ചേര്‍ത്തുപിടിച്ച് പൊട്ടിക്കരഞ്ഞ് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഇന്ന് രാവിലെ വന്ദനയെ അവസാനമായി ഒരു നോക്ക് കാണാന്‍ മന്ത്രിയെത്തിയപ്പോഴായിരുന്നു കോട്ടയത്തെ വീട് വികാരനിര്‍ഭരമായത്.
വന്ദനയുടെ മരണത്തെ തുടര്‍ന്ന് നടത്തിയ പ്രതികരണത്തില്‍ മന്ത്രിക്കെതിരെ വ്യാപകമായി വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ തന്റെ വാക്കുകളെ വളച്ചൊടുക്കുകയായിരുന്നെന്ന് മന്ത്രി ഫെയ്സ്ബുക്ക് കുറിപ്പിലൂടെ വിശദീകരണം നടത്തി. ഒരു പെണ്‍കുട്ടി ദാരുണമായി കൊല്ലപ്പെട്ട ദുഃഖകരമായ സാഹചര്യത്തിലെ വാക്കുകളെ വിവാദമാക്കാന്‍ ശ്രമിക്കുന്നത് എന്ത് ക്രൂരതയാണെന്നും മന്ത്രി ചോദിച്ചു.
അതേസമയം, കൊട്ടാരക്കര താലൂക്ക് ആശുപത്രിയുടെ പുതിയ ബ്ലോക്കിന് ഡോ. വന്ദന ദാസിന്റെ പേര് നല്‍കുമെന്ന് വീണ ജോര്‍ജ് അറിയിച്ചു. ഇത് സംബന്ധിച്ച് മന്ത്രി ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. വന്ദനയോടുള്ള ആദര സൂചകമായാണ് പേര് നല്‍കുന്നതെന്നും മന്ത്രിയുടെ ഓഫീസ് പുറത്തു വിട്ട പ്രസ്താവനയില്‍ പറയുന്നു.
താലൂക്ക് ആശുപത്രിയിൽ പൊലീസ് വൈദ്യപരിശോധനയ്ക്ക് എത്തിച്ച അക്രമിയുടെ കുത്തേറ്റു മരിച്ച വന്ദനയുടെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചു. ഇന്നലെ രാത്രി എട്ടു മണിയോടെയാണ് വന്ദനയുടെ മൃതദേഹം മുട്ടുചിറ പട്ടാളമുക്കിലെ വീട്ടിലെത്തിച്ചത്. വന്ദനയെ അവസാനമായി ഒരു നോക്കുകാണാന്‍ ആയിരങ്ങളാണ് മുട്ടുചിറയിലെ വീട്ടിലെത്തിയത്.
കോട്ടയം മുട്ടുചിറ നമ്പിച്ചിറക്കാലായിൽ (കാളിപറമ്പ്) കെ.ജി.മോഹൻദാസിന്റെയും വസന്തകുമാരിയുടെയും ഏക മകളായ വന്ദനയാണ് ഇന്നലെ അതിദാരുണമായി കൊല്ലപ്പെട്ടത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധയ്ക്ക് എത്തിച്ച അധ്യാപകൻ എസ്.സന്ദീപാണ് കത്രിക ഉപയോഗിച്ച് വന്ദനയെ കുത്തി കൊലപ്പെടുത്തിയത്.