/indian-express-malayalam/media/media_files/uploads/2021/07/VD-Satheeshan-FI.jpg)
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ മാറ്റം വരുത്തിയത് സിപിഎമ്മിന്റെ ജില്ലാ സമ്മേളനങ്ങള്‍ നടത്തുന്നതിന് സഹായിക്കാനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ആരോപിച്ചു. "ഇത്രയും നാള്‍ നിയന്ത്രണങ്ങള്‍ ടിപിആറിന്റെ അടിസ്ഥാനത്തിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് കാറ്റഗറി തിരിച്ചാക്കി. സിപിഎമ്മിന്റെ സമ്മേളനങ്ങള്‍ നടക്കുന്ന തൃശൂര്‍, കാസര്‍ഗോഡ് ജില്ലകള്‍ ഒരു കാറ്റഗറിയിലും ഉള്‍പ്പെടുന്നില്ല. രോഗവ്യാപന നിരക്ക് ഇരു ജില്ലകളിലും 30 ശതമാനത്തിന് മുകളിലാണ്. ഒരു ആള്‍ക്കൂട്ടവും ഉണ്ടാകാന്‍ പാടില്ല," സതീശന്‍ പറഞ്ഞു.
"പാര്‍ട്ടി സമ്മേളനങ്ങളില്‍ ആളുകള്‍ കൂടുന്നത് രോഗം വ്യാപിപ്പിക്കുന്നതിന് സഹായമാകും. തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്ത മന്ത്രിയടക്കമുള്ള നേതാക്കന്മാര്‍ക്ക് രോഗം ബാധിച്ചതാണ്. അവര്‍ ക്വാറന്റൈനില്‍ പോകാതെ ഓരോ ജില്ലകളിലും രോഗവാഹകരായി പോയി. പാര്‍ട്ടിക്ക് വേണ്ടി കോവിഡ് മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയത് അപഹാസ്യമാണ്. ഇന്ത്യയില്‍ ഒരു സംസ്ഥാനത്തും നടക്കാത്ത കാര്യമാണിത്. എന്ത് കോവിഡാണെങ്കിലും പാര്‍ട്ടി സമ്മേളനങ്ങള്‍ നടത്തുമെന്ന വാശിയാണ് സിപിഎമ്മിന്," സതീശന്‍ കൂട്ടിച്ചേര്‍ത്തു.
"സംസ്ഥാനത്ത് കൂടുതല്‍ രോഗികളുള്ള ജില്ലകളിലൊന്നായ തൃശൂരാണ് സമ്മേളനം തുടങ്ങുന്നത്. സര്‍ക്കാര്‍ പറയുന്നത് എല്ലാവരും ഹോം കെയര്‍ എടുക്കണമെന്നാണ്. എന്നിട്ട് കോവിഡ് മാനദണ്ഡം ഉണ്ടാക്കിയിരിക്കുന്നത് ആശുപത്രിയിലെത്തുന്ന രോഗികളുടെ അടിസ്ഥാനത്തിലാണ്. ആശുപത്രികളില്‍ പോകേണ്ട എന്നാണ് സര്‍ക്കാര്‍ പറയുന്നത്. അതിന്റെ കാരണം ആശുപത്രികളില്‍ സൗകര്യങ്ങളും മരുന്നുമില്ലാത്തതാണ്. മൂന്നാം തരംഗത്തില്‍ ആരോഗ്യവകുപ്പ് പൂര്‍ണമായും നിശ്ചലമാണ്. നേരിടാനായി ഒരു തയാറെടുപ്പും നടത്തിയിട്ടില്ല," സതീശന്‍ വ്യക്തമാക്കി.
Also Read: രാജ്യത്ത് 3.47 ലക്ഷം പേര്‍ക്ക് കോവിഡ്; മരണസംഖ്യ ഉയരുന്നു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.