തിരുവനന്തപുരം: ഓരോ കാലത്തെയും സാമൂഹിക സാഹചര്യങ്ങളില്‍ ജനങ്ങളുടെ അവസ്ഥ പരിഗണിച്ചു വേണം നികുതി, നിരക്ക് വര്‍ധനകള്‍ നടപ്പാക്കേണ്ടതെന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേരളത്തിലെ സാധാരണക്കാരുടെ ദുരിതങ്ങളും കഷ്ടപ്പാടുകളും മനസിലാക്കാതെ, സാമ്പത്തിക ബുദ്ധിമുട്ടിന്റെ പേര് പറഞ്ഞാണ് നികുതിയും വെള്ളക്കരവും ഒറ്റയടിക്ക് കൂട്ടിയതെന്നും സതീശന്‍ പറഞ്ഞു.
“നിയമസഭ സമ്മേളനം നടക്കുന്നതിനിടെ വെള്ളക്കരം കൂട്ടിക്കൊണ്ടുള്ള ഉത്തരവിറക്കിയത് സഭയോടുള്ള അനാദരവാണ്. സഭയെ അറിയിച്ചുകൊണ്ടായിരുന്നു ആ ഉത്തരവ് ഇറക്കേണ്ടിയിരുന്നത്. ബജറ്റിലൂടെ 4000 കോടിയുടെ അധിക ഭാരം അടിച്ചേല്‍പ്പിച്ചതിലും ഇന്ധന വില കൂട്ടിയതിലുമുള്ള പ്രതിഷേധം ജനങ്ങള്‍ പ്രകടിപ്പിക്കുന്നതിന്റെ പിറ്റേ ദിവസം തന്നെ വെള്ളക്കരവും കൂട്ടിയത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്,” സതീശന്‍ വ്യക്തമാക്കി.
എന്തൊരു ധൈര്യമാണിത്? വൈദ്യുതി ബോര്‍ഡ് ലാഭത്തിലാണെന്നു പറഞ്ഞ വൈദ്യുതി മന്ത്രിയും വൈദ്യുത ചാര്‍ജും സെസും കൂട്ടി. ഈ ഭാരമെല്ലാം സാധാരണക്കാരുടെ തലയിലേക്കാണ് എടുത്തുവയ്ക്കുന്നതെന്നും സതീശന്‍ ചൂണ്ടിക്കാണിച്ചു. കണക്കുകള്‍ നിരത്തിയായിരുന്നു വെള്ളക്കരത്തില്‍ പ്രതിപക്ഷ നേതാവിന്റെ രൂക്ഷ വിമര്‍ശനം.
ജനങ്ങള്‍ പ്രയാസപ്പെട്ട് ജീവിതം തള്ളിനീക്കുന്നതിനിടെ നിങ്ങള്‍ മാറി മാറി അവരുടെ കരണത്തടിക്കുകയാണ്. എന്നിട്ടാണ് ഒരു പൈസയല്ലേ കൂട്ടിയതെന്ന ന്യായവുമായി വരുന്നത്. ഇതു മര്യാദയാണോ?
കേന്ദ്ര സര്‍ക്കാരിന്റെ വായ്പാ വ്യവസ്ഥ അനുസരിച്ച് എല്ലാ വര്‍ഷവും വെള്ളക്കരം അഞ്ച് ശതമാനം വീതം ഉയര്‍ത്തുന്നുണ്ട്. ഇത്തരത്തില്‍ അഞ്ചു വര്‍ഷം കഴിയുമ്പോള്‍ 500 കോടിയുടെ ലാഭമുണ്ടാകും. കണക്ഷന്‍ കൂടി വര്‍ധിക്കുമ്പോള്‍ അത് 1000 കോടിയാകും. കുടിശിക പിരിച്ചെടുക്കുന്നതിലെ ജല അതോറിട്ടിയുടെ പരാജയം കൂടി സാധാരണക്കാരുടെ തലയില്‍ കെട്ടിവയ്ക്കുകയാണ്.
വെള്ളം കിട്ടാത്ത സ്ഥലങ്ങളിലും ബില്‍ കൊടുക്കുന്നുണ്ട്. ജല അതോറിറ്റിയുടെ വിതരണ നഷ്ടം 45 ശതമാനമാണ്. അതിന്റെ ഭാരവും സാധാരണക്കാരനു മേലാണ്. ഒരു പ്രൊഫഷണിലസവും ഇല്ലാത്ത പൊതുമേഖലാ സ്ഥാപനമായി ജല അതോറിറ്റി മാറി.
“സര്‍ക്കാര്‍ ശത്രുക്കളോടെന്ന പോലെ ജനങ്ങളോട് പെരുമാറുകയാണ്. നികുതി വര്‍ധനവിന്റെ പരമ്പര തന്നെ ഉണ്ടാകുകയാണ്. നിയമസഭ പോലും അറിയാതെ വെള്ളക്കരം കൂട്ടിയിട്ട് മന്ത്രി അതിനെ ന്യായീകരിക്കുകയാണ്. കൊടുക്കുന്നതിന്റെ മൂന്നിരട്ടി തുക അടുത്ത ബില്‍ മുതല്‍ കൊടുക്കേണ്ട അവസ്ഥയിലാണ് ഒരു പൈസയെന്ന് പറഞ്ഞ് ന്യായീകരിക്കുന്നത്,” സതീശന്‍ വ്യക്തമാക്കി.