scorecardresearch

ജലീലിന്റെ വിമര്‍ശനം ജുഡീഷ്യറിയോടുള്ള ഭരണകൂടത്തിന്റെ വെല്ലുവിളി: സതീശന്‍

തക്ക പ്രതിഫലം കിട്ടിയാല്‍ എന്തും ചെയ്യുമെന്നായിരുന്നു ലോകായുക്തയ്ക്കെതിരെ ജലീലിന്റെ വിമര്‍ശനം

VD Satheeshan, KT Jaleel, Lokayuktha

തിരുവനന്തപുരം: ലോകായുക്തക്കെതിരായ മുന്‍മന്ത്രി കെ. ടി. ജലീലിന്റെ വിമര്‍ശനം ജുഡീഷ്യറിയോടുള്ള ഭരണകൂടത്തിന്റെ പരസ്യമായ വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍. മുഖ്യമന്ത്രിയുടെയും ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെയും കേസ് ലോകായുക്തക്ക് മുന്നിലിരിക്കുമ്പോഴാണ് ഓര്‍ഡിനന്‍സ് കൊണ്ടുവന്ന് ആ സംവിധാനത്തെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചതെന്നും സതീശന്‍ ആരോപിക്കുന്നു.

“സര്‍ക്കാരിന്റെ ശ്രമം പാളിയപ്പോഴാണ് ലോകായുക്തയെ തന്നെ വ്യക്തിപരമായി ആക്രമിക്കാന്‍ സര്‍ക്കാര്‍ ഒരു ചാവേറിനെ ഇറക്കിയിരിക്കുന്നത്. ലോകായുക്തയുടെ അടികൊണ്ട ആളാകുമ്പോള്‍ ചാവേറിന്റെ വീര്യം കൂടും. ഇനി മുതല്‍ ഏത് ഇടതു നേതാവിനെതിരെയും കോടതി വിധികളുണ്ടായാല്‍ ഇതേ രീതിയില്‍ കൈകാര്യം ചെയ്യുമെന്ന മുന്നറിയിപ്പ് കൂടിയാണ് ജലീല്‍ നല്‍കുന്നത്,” സതീശന്‍ വ്യക്തമാക്കി.

“അസഹിഷ്ണുതയുടെ കൂടാണ് പിണറായി സര്‍ക്കാര്‍. സില്‍വര്‍ ലൈനിനെ എതിര്‍ത്ത സംസ്‌ക്കാരിക പ്രവര്‍ത്തകരെ സൈബറിടങ്ങളില്‍ കൊല്ലാക്കൊല ചെയ്യുന്നവര്‍ പ്രതികരിക്കാന്‍ പരിമിതികളുള്ള ജുഡീഷ്യറിയെ നീതിബോധമില്ലാതെ ആക്രമിക്കുകയാണ്. മുഖ്യമന്ത്രിക്കെതിരെ നടപടിയെടുത്താല്‍ കാണിച്ചുതരാമെന്ന ലോകായുക്തക്കുള്ള ഭീഷണിയാണിത്. മുഖ്യമന്ത്രി മറുപടി പറയണം,” സതീശന്‍ ആവശ്യപ്പെട്ടു.

ഫെയ്സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ലോകായുക്തയ്ക്കെതിരെ ജലീല്‍ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്. മഹാത്മാഗാന്ധിയുടെ കയ്യിൽ വിശ്വസിച്ച് കൊടുത്ത ആയുധം ഗോദ്സെയുടെ കയ്യിൽ കിട്ടിയാൽ സംഭവിക്കുന്ന ദുരന്തമാണ് ലോകായുക്താ നിയമവുമായി ബന്ധപ്പെട്ട് കേരളത്തിൽ നടന്നതെന്ന് ജലീല്‍ ആരോപിക്കുന്നു. തക്കപ്രതിഫലം കിട്ടിയാല്‍ എന്ത് കടും കൈയും ആര്‍ക്കു വേണ്ടിയും ചെയ്യുമെന്നും ജലീല്‍ വിമര്‍ശിച്ചു.

Also Read: ‘തക്ക പ്രതിഫലം കിട്ടിയാല്‍ എന്തും ചെയ്യും’; ലോകായുക്തയ്ക്കെതിരെ കെ ടി ജലീല്‍

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Vd satheeshan on kt jaleels comment on lokayuktha

Best of Express