തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് നേരിട്ട തോല്‍വിയില്‍ കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്. തിരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ ഉത്തരവാദിത്വം മുല്ലപ്പള്ളിയും, രമേശ് ചെന്നിത്തലയും, ഉമ്മന്‍ ചാണ്ടിയും ചേര്‍ന്നാണ് ഏറ്റെടുത്തത്. ആരും ഒഴിഞ്ഞു മാറുകയോ ഒളിച്ചു പോവുകയോ ചെയ്തില്ലല്ലോ എന്ന് സതീശന് ചോദിച്ചു. കെപിസിസി ആസ്ഥാനത്ത് മുല്ലപ്പള്ളിക്കൊപ്പം മാധ്യമങ്ങളെ കാണുകയായിരുന്നു പ്രതിപക്ഷ നേതാവ്.
“സമൂഹമാധ്യമങ്ങളില്‍ വേട്ടയാടപ്പെടേണ്ട വ്യക്തി അല്ല കെപിസിസി അദ്ധ്യക്ഷന്‍. കേന്ദ്രമന്ത്രിയായും, എംപിയായും പ്രവര്‍ത്തിച്ച സമുന്നതനായ നേതാവാണ് അദ്ദേഹം. അഴിമതിയുടെ കറ പുരളാത്തും ആരോപണ വിധേയനുമാകാത്ത വ്യക്തിയാണ്. രമേശ് ചെന്നിത്തല ഫേസ്ബുക്ക് കുറുപ്പിലൂടെ അദ്ദേഹത്തെപ്പറ്റി പറഞ്ഞ കാര്യങ്ങളോട് ഞാന്‍ പൂര്‍ണമായി പിന്തുണയ്ക്കുന്നു,” സതീശന് വ്യക്തമാക്കി. കെപിസിസി അദ്ധ്യക്ഷ സ്ഥാനത്തേയ്ക്ക് ആരും മാറ്റം ആവശ്യപ്പെട്ടിട്ടില്ല. അത് പാര്‍ട്ടിയുടെ അഖിലേന്ത്യ നേതൃത്വമാണ് തീരുമാനിക്കുന്നതെന്നും സതീശന് കൂട്ടിച്ചേര്‍ത്തു.
Also Read: സതീശൻ വരുമ്പോൾ വഴിമാറുന്നവർ
കെപിസിസി അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് മാറുമോ എന്ന ചോദ്യത്തിന് മുല്ലപ്പള്ളി മറുമടി നല്‍കിയില്ല. മുല്ലപ്പള്ളിക്ക് പിന്തുണയുമായി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു രമേശിന്റെ പ്രതികരണം. തിരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ സ്ഥാനം രാജി വെക്കാനുള്ള സന്നദ്ധത ഹൈക്കമാന്റിനെ അറിയിച്ചിരിക്കുകയാണ്. സമീപകാലത്ത് വളരെയേറെ തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള ഒരു വ്യക്തിത്വമാണ് മുല്ലപ്പള്ളി രാമചന്ദ്രനെന്ന് ചെന്നിത്തല പറഞ്ഞു.
വാസ്തവത്തിൽ ഇന്ന് അദ്ദേഹത്തിനെതിരെ ഉയർന്ന പല വിമർശനങ്ങളും അസ്ഥാനത്താണ്. ഒരു വ്യക്തിയെന്ന നിലയിലും നേതാവെന്ന നിലയിലും മുല്ലപ്പള്ളിയെ ശരിയായി വിലയിരുത്താൻ കേരള സമൂഹത്തിന് സാധിച്ചിട്ടില്ല എന്നുള്ളതാണ് യാഥാർത്ഥ്യം. ഒരു അപശബ്ദം പോലും ഉണ്ടാവാതെ പാർട്ടിയെ മുന്നോട്ട് നയിച്ചു. പാർട്ടി നേതാക്കന്മാരെ പൊതുസമൂഹത്തിനു മുമ്പിൽ ബുദ്ധിമുട്ടിക്കാതെ എല്ലാവരേയും ഒരുമിച്ച് കൊണ്ടുപോകാൻ ശ്രമിച്ച മുല്ലപ്പള്ളി രാമചന്ദ്രൻ എന്നും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മുതൽകൂട്ടാണ്. അനാവശ്യ ആരോപണങ്ങൾ ഉന്നയിച്ച് അദ്ദേഹത്തെ അപമാനിക്കാൻ ശ്രമിച്ച ആളുകൾ ഇന്നല്ലെങ്കിൽ നാളെ പശ്ചാത്തപിക്കും എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു.