തൃശൂര്‍: സ്വര്‍ണക്കടത്ത് കേസില്‍ ഭരണകക്ഷി ഇടപെട്ടെന്ന് കസ്റ്റംസ് കമ്മീഷണറുടെ ആരോപണം അന്വേഷിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്.
“സ്ഥലം മാറി പോയ കസ്റ്റംസ് കമ്മിഷണറാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസിനെ സ്വാധീനിക്കാന്‍ ഇടപെട്ടിട്ടുണ്ടോ എന്നതില്‍ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മും നിലപാട് വ്യക്തമാക്കണം,” സതീശന് തൃശൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.
“എല്ലാ കേന്ദ്ര ഏജന്‍സികളും തിരഞ്ഞെടുപ്പിന് ഒരു മാസം മുന്‍പ് വരെ കേസ് അന്വേഷണത്തിന്റെ പുരോഗതി മാധ്യമങ്ങളെ അറിയിച്ചിരുന്നു. അത് ഒരു സുപ്രഭാതത്തില്‍ നിര്‍ത്തി. ഇത് ബി.ജെ.പി- സി.പി.എം ഒത്തുതീര്‍പ്പ് ഫോര്‍മുലയുടെ ഭാഗമായിട്ടാണ്. ഇതിന്റെ തുടര്‍ച്ചയാണ് കൊടകര കുഴല്‍പ്പണ കേസിലും കണ്ടത്,” പ്രതിപക്ഷ നേതാവ് ആരോപിച്ചു.
നിയമസഭാ കയ്യാങ്കളി കേസില്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി രാജി വയ്ക്കുന്നില്ല എന്ന് പറയുന്നതിന് പിന്നില്‍ മറ്റെന്തോ കാരണമുണ്ടെന്നും സതീശന് പറഞ്ഞു. നിസാരമായ കോടതി പരാമര്‍ശങ്ങളുടെ പേരില്‍ പലരുടെയും രാജി ആവശ്യപ്പെട്ടയാളാണ് സീതാറാം യെച്ചൂരി. അതുകൊണ്ടാണ് ശിവന്‍കുട്ടിയുടെ വിഷയത്തില്‍ അദ്ദേഹം പ്രതികരിക്കാത്തതെന്നും സതീശന് കൂട്ടിച്ചേര്‍ത്തു.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലെ പ്രതികളെ സി.പി.എം. ഭയപ്പെടുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. “ക്രിമിനല്‍ കേസുകളിലെ പ്രതികളെ ഭയപ്പെടുന്നതു പോലെയാണ് തട്ടിപ്പ് കേസിലെ പ്രതികളെയും ഭയപ്പെടുന്നത്. പ്രതികളെ ചോദ്യം ചെയ്താല്‍ സി.പി.എം. നേതാക്കള്‍ക്കും തട്ടിപ്പിലുള്ള പങ്ക് പുറത്തുവരും,” സതീശന് പറഞ്ഞു.
Also Read: പ്രളയ സെസ് നാളെ മുതൽ ഇല്ല, ആയിരത്തോളം സാധനങ്ങൾക്ക് വില കുറയും