തിരുവനന്തപുരം: കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ കേരളത്തിലെ എല്ലാ സര്‍വകലാശാലകളിലും നടന്ന ബന്ധു നിയമനങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പരസ്യമായാണ് അര്‍ഹതയുള്ളവരുടെ നീതി നിഷേധിച്ചത്. കഴിഞ്ഞ ആറ് വര്‍ഷവും ഇത് തന്നെയാണ് നടന്നത്. ഇത്തരത്തിലുള്ള മുഴുവന്‍ ബന്ധു നിയമനങ്ങളെ കുറിച്ചും അന്വേഷിച്ച് റദ്ദാക്കാന്‍ ഗവര്‍ണര്‍ നടപടി എടുക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.
സര്‍വകലാശാലകളിലെ അധ്യാപക ജോലി സിപിഎം നേതാക്കളുടെ ബന്ധുക്കള്‍ക്കായി റിസര്‍വ് ചെയ്തിരിക്കുകയാണ്. 25 വര്‍ഷത്തെ അധ്യാപന പരിചയവും നൂറിലധികം ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്ത അധ്യാപകന് ലഭിച്ച സ്‌കോര്‍ 651 ആയിരുന്നു. എന്നാല്‍ നിയമനം നല്‍കാന്‍ തീരുമാനിച്ചയാളുടെ സ്‌കോര്‍ 156 ആണ്. ഇന്റവ്യൂവില്‍ 156 സ്‌കോറുള്ള ആള്‍ക്ക് 32 മാര്‍ക്കും 651 സ്‌കോറുള്ളയാള്‍ക്ക് 30 മാര്‍ക്കും നല്‍കിയാണ് നിയമനം അട്ടിമറിച്ചത്.
ഡോക്ടറേറ്റും അധ്യപന പരിചയവുമുള്ളവര്‍ക്ക് അവസരം നല്‍കാതെ അര്‍ഹതയില്ലാത്തവരെയാണ് സര്‍ക്കാര്‍ നിയമിക്കുന്നത്. സര്‍വകലാശാല ഭേദഗതി ബില്‍ നിയമസഭയില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നതും അധ്യാപക നിയമനത്തിന് വേണ്ടിയാണ്. ഇഷ്ടക്കാരായ ആളുകളെ വൈസ് ചാന്‍സിലര്‍മാരാക്കി അധ്യാപക നിയമനത്തില്‍ ക്രമക്കേട് നടത്തുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
നിലവില്‍ സെര്‍ച്ച് കമ്മിറ്റിയില്‍ യു.ജി.സി, സെനറ്റ്, ചാന്‍സിലറായ ഗവര്‍ണര്‍ എന്നിവരുടെ പ്രതിനിധികളാണുള്ളത്. അതിലേക്കാണ് സര്‍ക്കാര്‍ പ്രതിനിധിയേയും ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ചെയര്‍മാനെയും ഉള്‍പ്പെടുത്തുന്നത്. എന്നിട്ട് ഭൂരിപക്ഷം ലഭിക്കുന്ന ആളുടെ പേര് മാത്രമെ ഗവര്‍ണര്‍ക്ക് മുന്നിലേക്ക് ശിപാര്‍ശ ചെയ്യൂ. ഇതിലൂടെ അര്‍ഹതപ്പെട്ടവരെ ഒഴിവാക്കാനും ഇഷ്ടക്കാരെ നിയമിക്കാനും സര്‍ക്കാരിന് സാധിക്കും. അത്തരത്തില്‍ നിയമിക്കപ്പെടുന്ന വിസിമാര്‍ സര്‍ക്കാരിന് മുന്നില്‍ അടിമകളെ പോലെ നില്‍ക്കും. അതാണ് കണ്ണൂര്‍ സര്‍വകലാശാലയില്‍ നടന്നത്, സതീശന്‍ വ്യക്തമാക്കി.
ചാന്‍സലറും കണ്ണൂര്‍ സര്‍വകലാശാലയും തമ്മിലുള്ള പ്രശ്നം സര്‍ക്കാരിന്റെ മുന്നില്‍ വന്നിട്ടില്ലെന്ന് നിയമമന്ത്രി പി രാജീവ് രാവിലെ പറഞ്ഞിരുന്നു. “ചാന്‍സലര്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് നിയമങ്ങള്‍ അനുശാസിക്കും. ആ നിയമങ്ങള്‍ക്ക് അനുസരിച്ചാണോ അല്ലയോ പ്രവര്‍ത്തിക്കുന്നതെന്ന് പരിശോധിക്കേണ്ടത് സര്‍വകലാശാലയാണ്,” മന്ത്രി വ്യക്തമാക്കി.
“സംസ്ഥാനത്തിന്റെ പൂര്‍ണമായ അധികാരത്തിലുള്ളതാണ് സര്‍വകലാശാലകള്‍. ആരുടെയെങ്കിലും അധികാരം വെട്ടിക്കുറയ്ക്കുക എന്ന ലക്ഷ്യമൊന്നും സര്‍ക്കാരിനില്ല. സര്‍വകലാശാലകളുടെ പ്രവര്‍ത്തനം ചര്‍ച്ച ചെയ്യാനുള്ള അവകാശം നിയമസഭയ്ക്കും സംസ്ഥാന ഗവണ്‍മെന്റിനും ഉണ്ട്,” മന്ത്രി കൂട്ടിച്ചേര്‍ത്തു.
കണ്ണൂര്‍ സര്‍വകലാശാലയില്‍ പ്രിയാ വര്‍ഗീസിന്റെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ റദ്ദാക്കിയിരുന്നു. സര്‍വകലാശാലയില്‍ സ്വജന പക്ഷപാതം നടക്കുകയാണ്. തനിക്കു ചാന്‍സലറുടെ അധികാരമുള്ള കാലത്തോളം അത് അംഗീകരിക്കില്ലെന്നും കഴിഞ്ഞ ദിവസം ഗവര്‍ണര്‍ പറഞ്ഞിരുന്നു