Latest News

കെ റെയില്‍: ഡിപിആര്‍ പുറത്ത് വിടാത്തതെന്തെന്ന് സതീശന്‍; പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് രാഷ്ട്രീയമെന്ന് കോടിയേരി

കെ-റെയിലിനെതിരെ സമരപരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനായി യുഡിഎഫ് യോഗം ചേരുമെന്നും സതീശന്‍ വ്യക്തമാക്കി

Kodiyeri, Satheeshan

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ കെ-റെയില്‍ പദ്ധതിയുടെ ഡിപിആര്‍ എന്തുകൊണ്ടാണ് പുറത്തു വിടാത്തതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഡിപിആര്‍ പുറത്തുവിടാത്തതിന്റെ കാരണം സര്‍ക്കാര്‍ വ്യക്തമാക്കണം. പദ്ധതിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഒപ്പിട്ടിട്ടുള്ള കരാറുകള്‍ എന്തൊക്കെയാണെന്ന് അറിയിക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.

മുബൈ- അഹമ്മദബാദ് ബുള്ളറ്റ് ട്രെയിനിനെ എതിര്‍ത്തവരാണ് തിരുവനന്തപുരം-കാസര്‍ഗോഡ് അതിവേഗ ട്രെയിന്‍ നടപ്പാക്കുമെന്ന് വാശിപിടിക്കുന്നതെന്ന് സതീശന്‍ പരിഹസിച്ചു. എന്തൊരു വിരോധാഭാസമാണിതെന്ന് അദ്ദേഹം ചോദിച്ചു. കെ-റെയിലിനെതിരെ സമരപരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനായി യുഡിഎഫ് യോഗം ചേരുമെന്നും സതീശന്‍ വ്യക്തമാക്കി.

അതേസമയം കെ-റെയില്‍ സംസ്ഥാനത്തിന് ആവശ്യമായ പദ്ധതിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പദ്ധതിയില്‍ യുഡിഎഫിന്റേയും ബിജെപിയുടേയും എതിര്‍പ്പ് രാഷ്ട്രീയമാണെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. സിപിഎം പത്തനംതിട്ട ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു കോടിയേരി.

ജനങ്ങള്‍ക്ക് ഏറ്റവും വിശ്വാസമുള്ള സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. സാധ്യമാക്കാന്‍ പറ്റുന്ന കാര്യങ്ങളെ പിണറായി സര്‍ക്കാര്‍ പറയുകയുള്ളു എന്ന് ജനങ്ങള്‍ക്ക് അറിയാം. എല്ലാ വീടുകളിലും പാര്‍ട്ടി പ്രവര്‍ത്തകരെത്തി തെറ്റിദ്ധാരണകള്‍ ഇല്ലാതാക്കും. കേരളത്തില്‍ വലത് ആശയം ഉയരുന്നതിന് ചില മാധ്യമങ്ങള്‍ സഹായിക്കുന്നുണ്ടെന്നും കോടിയേരി ആരോപിച്ചു.

Also Read: നടിയെ ആക്രമിച്ച കേസ്: തുടരന്വേഷണം ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ വിചാരണക്കോടതിയില്‍

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Vd satheeshan and kodiyeri balakrishnan on k rail project

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express