scorecardresearch

മുഖ്യമന്ത്രിയുടെ ധിക്കാരത്തിന് മുന്നില്‍ തലകുനിക്കില്ല: വി.ഡി.സതീശൻ

ഒരുകാരണവശാലും പ്രതിപക്ഷവുമായി ചര്‍ച്ച നടത്തില്ലെന്ന സര്‍ക്കാരിന്റെ സമീപനം അംഗീകരിക്കാനാകില്ല. തര്‍ക്കമുണ്ടായാല്‍ സ്പീക്കര്‍ മുന്‍കൈയ്യെടുത്ത് പറഞ്ഞ് തീര്‍ക്കുന്ന പാരമ്പര്യമാണ് കേരള നിയമസഭയ്ക്കുള്ളത്

VD Satheeshan, Pinarayi Vijayan
VD Satheeshan

തിരുവനന്തപുരം: പ്രതിപക്ഷവുമായി ഒരു ചര്‍ച്ചയ്ക്കുമില്ലെന്ന സര്‍ക്കാരിന്റെ ധിക്കാരപരമായ നിലപാടാണ് നിയമസഭാ നടപടികള്‍ ഗില്ലറ്റിന്‍ ചെയ്യേണ്ട അവസ്ഥയിലേക്കെത്തിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. അടിയന്തര പ്രമേയം അവതരിപ്പിക്കാനുള്ള പ്രതിപക്ഷത്തിന്റെ പതിറ്റാണ്ടുകളായുള്ള പ്രത്യേക അവകാശം കവര്‍ന്നെടുക്കാനും പ്രതിപക്ഷത്തെ ദുര്‍ബലപ്പെടുത്താനും പ്രതിപക്ഷ സ്വരങ്ങളെ ഇല്ലാതാക്കാനും വിമര്‍ശനത്തോടുള്ള അസഹിഷ്ണുതയുമാണ് സര്‍ക്കാരിനെക്കൊണ്ട് ഈ തെറ്റ് ചെയ്യിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

വാദികളായ എം.എല്‍.എമാര്‍ക്കെതിരെ പത്ത് വര്‍ഷത്തെ തടവ് ശിക്ഷ കിട്ടുന്ന ജാമ്യമില്ലാത്ത കേസെടുത്ത് അപമാനിക്കാനുള്ള ശ്രമവും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായി. നിയമസഭയില്‍ നടന്ന സംഭവത്തില്‍ എം.എല്‍.എമാര്‍ക്ക് കിട്ടാത്ത നീതി എങ്ങനെയാണ് സാധാരണക്കാര്‍ക്ക് ലഭിക്കുന്നത്?

സര്‍ക്കാരിന്റെ കെടുകാര്യസ്ഥത കൊണ്ട് സംസ്ഥാനത്തിന് 25000 കോടി നഷ്ടപ്പെട്ട ഐ.ജി.എസ്.ടി വിഷയത്തില്‍ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസ് അനുവദിച്ചില്ല. സര്‍ക്കാരിന്റെ പിടിപ്പ് കേട് പുറത്ത് വരുമെന്ന പേടിയായിരുന്നു ഇതിന് കാരണം. കെ.എസ്.ആര്‍.ടി.സി ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി നേരിടുമ്പോള്‍ അതും സഭയില്‍ ചര്‍ച്ച ചെയ്യാന്‍ പാടില്ല. കരാറുകാരനുമായി ചേര്‍ന്ന് ബ്രഹ്‌മപുരത്ത് ജനങ്ങളെ വിഷപ്പുകയില്‍ മുക്കിക്കൊന്നതിനെതിരെ പ്രതിഷേധിച്ച ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരെയുണ്ടായ ലാത്തിച്ചാര്‍ജും സഭയില്‍ ചര്‍ച്ച ചെയ്യാന്‍ പാടില്ല. പതിനാറുകാരി പട്ടാപ്പകല്‍ അപമാനിക്കപ്പെട്ടിട്ടും സ്ത്രീസുരക്ഷയെ കുറിച്ചും ചര്‍ച്ച പാടില്ലെന്ന ധിക്കാരപരമായ നിലപാടായിരുന്നു സര്‍ക്കാരിന്. ഇതിനൊക്കെ എതിരെയാണ് പ്രതിപക്ഷം വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നടത്തിയത്.

അതിന് കേരളത്തിലെ ജനങ്ങള്‍ നല്‍കിയ പിന്തുണയില്‍ അഭിമാനമുണ്ട്. യു.ഡി.എഫ് തീരുമാനത്തിന്റെ ഭാഗമായാണ് സര്‍ക്കാരിന്റെ ധിക്കാരത്തിനും ധാര്‍ഷ്ട്യത്തിനും മുന്നില്‍ ഒരു ഒത്തുതീര്‍പ്പിനും തയാറാകാതെ പ്രതിപക്ഷം നടത്തിയ പോരാട്ടം. നടുത്തളത്തില്‍ സത്യഗ്രഹം നടത്തിയതിന് മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിപക്ഷ നേതാവിനെയും പ്രതിപക്ഷാംഗങ്ങളെയും അവഹേളിച്ചു. സഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് നടുത്തളത്തില്‍ സത്യഗ്രഹം നടക്കുന്നതെന്നാണ് ഒരു മന്ത്രി ക്രമപ്രശ്‌നം ഉന്നയിച്ചത്. സ്പീക്കറും അതിന് പിന്തുണ നല്‍കി. നടുത്തളത്തില്‍ സത്യഗ്രഹം നടത്തിയ പ്രതിപക്ഷ നേതാവ് ഏറ്റവും മോശം പ്രതിപക്ഷ നേതാവാണെങ്കില്‍ എനിക്ക് രണ്ട് മുന്‍ഗാമികള്‍ കൂടിയുണ്ടെന്ന് ഓര്‍മ്മിപ്പിക്കുന്നു.

ഇ.എം ശങ്കരന്‍ നമ്പൂതിരിപ്പാട് പ്രതിപക്ഷ നേതാവായിരുന്ന 1974 ഒക്ടോബര്‍ 21-നാണ് നടുത്തളത്തില്‍ ആദ്യമായി സത്യഗ്രഹമുണ്ടായത്. അതിന് ശേഷം 1975 ഫെബ്രുവരി 25-ന് ഇ.എം.എസിന്റെ നിര്‍ദ്ദേശപ്രകാരം പ്രതിപക്ഷാംഗങ്ങള്‍ രാത്രിമുഴുവന്‍ സഭയുടെ നടുത്തളത്തില്‍ ഇരുന്നു. 2011-ല്‍ വി.എസ് അച്യുതാനന്ദന്റെ കാലത്തും സഭയുടെ നടുത്തളത്തില്‍ ഇരുന്നിട്ടുണ്ട്. മന്ത്രിമാരും സ്പീക്കറും സഭാ ചരിത്രം ഇടയ്‌ക്കൊന്നു മറിച്ച് നോക്കണം. അവരുടെ ഏറ്റവും വലിയ നേതാവ് ഇ.എം.എസാണ് അദ്യമായി നടുത്തളത്തിലുള്ള സമരത്തിന് തുടക്കം കുറിച്ചത്. എന്നിട്ടാണ് ഇപ്പോഴത്തെ പ്രതിപക്ഷ നേതാവാണ് ഏറ്റവും മോശമെന്ന് മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞത്.

ഒരുകാരണവശാലും പ്രതിപക്ഷവുമായി ചര്‍ച്ച നടത്തില്ലെന്ന സര്‍ക്കാരിന്റെ സമീപനം അംഗീകരിക്കാനാകില്ല. തര്‍ക്കമുണ്ടായാല്‍ സ്പീക്കര്‍ മുന്‍കൈയ്യെടുത്ത് പറഞ്ഞ് തീര്‍ക്കുന്ന പാരമ്പര്യമാണ് കേരള നിയമസഭയ്ക്കുള്ളത്. പ്രതിപക്ഷവുമായി സംസാരിക്കില്ലെന്നും സഭയില്‍ എന്ത് നടക്കണമെന്ന് ഞാന്‍ തീരുമാനിക്കുമെന്നും ധിക്കാരത്തോടെ ഒരു മുഖ്യമന്ത്രി പറഞ്ഞാല്‍ അതിന് തല കുനിച്ച് കൊടുക്കാന്‍ കേരളത്തിലെ പ്രതിപക്ഷം തയാറല്ല. പ്രതിപക്ഷത്തിന്റെ ഒരു അവകാശങ്ങളും പിടിച്ചു പറിക്കാന്‍ അനുവദിക്കില്ല. ധിക്കാരത്തിന് മുന്നില്‍ കീഴടങ്ങില്ലെന്ന പ്രഖ്യാപനമാണ് പ്രതിപക്ഷം നിയമസഭയില്‍ നടത്തിയത്. കേന്ദ്രത്തിലെ സംഘപരിവാര്‍ സര്‍ക്കാരിന്റെ മറ്റൊരു രൂപമാണ് കേരളത്തിലുള്ളത്. പ്രതിപക്ഷത്തിന്റെ അവകാശങ്ങള്‍ കവര്‍ന്നെടുത്ത് എം.എല്‍.എമാര്‍ക്കെതിരെ കള്ളക്കേസെടുത്ത് ഭയപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് സതീശൻ പറഞ്ഞു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Vd satheeshan aginst pinarayi vijayan and government