scorecardresearch

‘ഞങ്ങള്‍ക്ക് പഴയ വിജയനെയും പുതിയ വിജയനെയും പേടിയില്ല’; മുഖ്യമന്ത്രിക്ക് മറുപടിയുമായി വി ഡി സതീശന്‍

ഭരണഘടനാ വിരുദ്ധമായ കരുതല്‍ തടങ്കലുമായി മുന്നോട്ട് പോയാല്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞു.

pinarayi-vijayan-vd-satheesan

തിരുവനന്തപുരം: നിയമസഭയില്‍ മുഖ്യമന്ത്രിയുടെ ‘പഴയ വിജയന്‍’ ഡയലോഗിന് മറുപടിയുമായി പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. ഞങ്ങള്‍ക്ക് പഴയ വിജയനെയും പുതിയ വിജയനെയും പേടിയില്ല. നിങ്ങളെയൊന്നും ഭയന്നല്ല ഞങ്ങള്‍ കഴിയുന്നതെന്നായിരുന്നു വി ഡി സതീശന്റെ മറുപടി. ‘മുഖ്യമന്ത്രി വീട്ടിലിരുന്നാല്‍ മതിയെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. പഴയ വിജയനാണെങ്കില്‍ അപ്പോഴേ ഇതിന് മറുപടി പറഞ്ഞിട്ടുണ്ടാകും. ഇപ്പോള്‍ അതല്ലല്ലോ. ആ മറുപടി അല്ലല്ലോ ഇപ്പോള്‍ ആവശ്യം. ഇതൊന്നുമില്ലാത്ത കാലത്ത് നിങ്ങള്‍ സര്‍വ്വ സജ്ജരായി നിന്ന കാലത്ത് ഞാന്‍ ഒറ്റത്തടിയായി നടന്നുവല്ലോ, സുധാകരനോട് ചോദിച്ചാല്‍ മതി’- എന്നായിരുന്നു പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞത്.

‘നിയമസഭയ്ക്കകത്തും പുറത്തും പ്രതിപക്ഷം സാമാധാനപരമായി സമരം ചെയ്തപ്പോള്‍ മുഖ്യമന്ത്രി അതിനെ പരിഹസിച്ചു. സത്യഗ്രഹ സമരത്തിലൂടെ വളര്‍ന്നു വന്ന ഗാന്ധിയന്‍ പൈതൃകമുള്ള പ്രസ്ഥാനമാണ് ഞങ്ങളുടേത്. അഭിമാനത്തോടെയാണ് ഞങ്ങള്‍ സത്യഗ്രഹ സമരം നടത്തിയത്. സത്യഗ്രഹ സമരം മാത്രമെ പ്രതിപക്ഷത്തിന് അറിയൂവെന്നു പറഞ്ഞ മുഖ്യമന്ത്രി ഇപ്പോള്‍ പറയുന്നത് ആത്മഹത്യാ സ്‌ക്വാഡുകളും ചാവേര്‍ സ്‌ക്വാഡുകളുമാണെന്നാണ്. മുഖ്യമന്ത്രി പുറത്തിറങ്ങിയാല്‍ ജനങ്ങള്‍ക്ക് റോഡിലൂടെ സഞ്ചരിക്കാന്‍ പറ്റാത്ത അവസ്ഥയുള്ളതുകൊണ്ടാണ് മുഖ്യമന്ത്രി വീട്ടില്‍ ഇരിക്കണമെന്ന്’ പറഞ്ഞതെന്നുമാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.

ജനാധിപത്യ രീതിയിലുള്ള പ്രതിഷേധങ്ങളും സമരങ്ങളും കേരളത്തിലുണ്ടാകും. ബജറ്റിലെ 4000 കോടിയുടെ നികുതി നിര്‍ദ്ദേശത്തിന് പിന്നാലെ വെള്ളക്കരത്തിന്റെ പേരിലുള്ള 500 കോടി ഉള്‍പ്പെടെ 4500 കോടിയുടെ ബാധ്യതയാണ് ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിച്ചിച്ചത്. അനാസ്ഥയും കെടുകാര്യസ്ഥതയും കൊണ്ട് പതിനായിരക്കണക്കിന് കോടിയുടെ നികുതി പരിച്ചെടുക്കാന്‍ സാധിക്കാത്ത സര്‍ക്കാര്‍ ആ ഭാരം സാധാരണക്കാരുടെ തലയില്‍ കെട്ടിവച്ചതിനെയാണ് പ്രതിപക്ഷം ചോദ്യം ചെയ്യുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.

നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ പ്രതിപക്ഷം ഇനിയും ചോദ്യം ചെയ്യും. അത് പ്രതിപക്ഷ ധര്‍മ്മമാണ്. സര്‍ക്കാരിന് മംഗള പത്രം എഴുതുകയല്ല പ്രതിപക്ഷത്തിന്റെ ജോലി. സമീപകാലത്തൊന്നും കാണാത്ത തരത്തിലുള്ള ക്രൂരകൃത്യങ്ങളാണ് പൊലീസ് നടത്തുന്നത്. അടിച്ചമര്‍ത്തിയും ഭയപ്പെടുത്തിയും കേസുകളില്‍ ഉള്‍പ്പെടുത്തിയും പ്രതിപക്ഷത്തെ ഭയപ്പെടുത്താന്‍ നേക്കുകയാണ്. ഭരണഘടനാ വിരുദ്ധമായ കരുതല്‍ തടങ്കലുമായി മുന്നോട്ട് പോയാല്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Vd satheeshan against pinarayi vijayan