കൊച്ചി: ലോകായുക്തയുടെ അധികാരം കുറയ്ക്കുന്ന തരത്തിൽ നിയമം ഭേദഗതി ചെയ്യാനുള്ള സർക്കാർ ഓർഡിനൻസിൽ ഒപ്പുവെക്കരുതെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് കത്തയച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഓർഡിനൻസിലൂടെ സർക്കാർ ലോകായുക്തയുടെ പ്രസക്തി ഇല്ലാതാക്കിയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ലോകായുക്ത വിധി സര്‍ക്കാരിന് തള്ളുകയോ സ്വീകരിക്കുകയോ ചെയ്യാൻ അധികാരം നൽകുന്ന രീതിയിലാണ് ഭേദഗതി വരുന്നത്. അധികാരത്തിലുള്ള പൊതുപ്രവർത്തകർക്കും ഉദ്യോഗസ്ഥർക്കുമെതിരായ പരാതിയിൽ ലോകായുക്ത സർക്കാരിനോട് നടപടിക്ക് ആവശ്യപ്പെട്ടാലും സർക്കാരിനും മുഖ്യമന്ത്രിക്കും ഹിയറിങ് നടത്തി അത് തള്ളാൻ സാധിക്കും. ഇതോടെ ലോകായുക്തയ്ക്ക് പരാതി നൽകിയാൽ കാര്യവുമില്ലെന്ന നിലയിലേക്ക് വരും. ഇതിനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
സർക്കാരിനെതിരെയുള്ള കേസുകൾ ദുർബലപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നത്. സിപിഎമ്മിന്റെ കേന്ദ്ര നയത്തിന് വിരുദ്ധമാണ് ഈ ഓർഡിനൻസെന്നും കേരളത്തിലെ സിപിഎം പ്രാദേശിക സ്വഭാവമുള്ള പാര്‍ട്ടിയായി മാറിയെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
ലോകായുക്തയില്‍ നിന്നു കനത്ത തിരിച്ചടി ഉണ്ടാകുമെന്നു ഭയന്നാണ് സര്‍ക്കാര്‍ ലോകായുക്തയുടെ ചിറകരിയുന്നതെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ലോകായുക്തയുടെ ആവശ്യകതപോലും ഇല്ലാതാക്കുന്ന നടപടിയില്‍ നിന്ന് സര്‍ക്കാര്‍ അടിയന്തരമായി പിന്മാറണം.
സര്‍ക്കാരിന്റെ പല വഴിവിട്ട ഇടപാടുകളും ലോകായുക്തയുടെ പരിഗണനയിലാണ്. കെ റെയില്‍ പോലുള്ള ജനവിരുദ്ധ പദ്ധതികളെക്കുറിച്ചും ലോകായുക്തയ്ക്ക് പരാതി കിട്ടിയിട്ടുണ്ട്. ഇതില്‍ തിരിച്ചടി ഉണ്ടാകുമോയെന്ന ഭയമാണ് സര്‍ക്കാരിനെ അടിയന്തര ഭേദഗതിക്ക് പ്രേരിപ്പിച്ചത്.
മുഖ്യമന്ത്രിയായിരുന്നപ്പോള്‍ തനിക്കെതിരെ നിരവധി പരാതികള്‍ ലോകായുക്തയുടെ മുന്നില്‍ വന്നിരുന്നു. മടിയില്‍ കനമില്ലാത്തതിനാല്‍ ആ പരാതികളെ നിയമനടപടികളിലൂടെയാണു നേരിട്ടത്. പരാതി നൽകിയാൽ ആ സംവിധാനത്തെ തന്നെ ഇല്ലാതാക്കുന്ന നടപടി തികച്ചും ജനാധിപത്യ വിരുദ്ധമാണ്.
അഴിമതിക്കെതിരേ ഏറ്റവും കാര്യക്ഷമമായ സംവിധാനമാണ് ലോകായുക്ത. അതിനെ സര്‍ക്കാരിന്റെ വകുപ്പാക്കി മാറ്റി ദുര്‍ബലപ്പെടുത്താനുള്ള നടപടിയെ ജനങ്ങള്‍ അംഗീകരിക്കില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.