scorecardresearch

കൊല നടത്താൻ സിപിഎമ്മിൽ പ്രത്യേക ടീം, ആകാശ് തില്ലങ്കേരിയെ പാർട്ടിക്കും സർക്കാരിനും ഭയം: വി.ഡി.സതീശൻ

സിപിഎം ആളെക്കൊല്ലി പാർട്ടിയാണെന്ന് സംസ്ഥാന സെക്രട്ടറി തന്നെ പറയുന്നു

VD Satheeshan, congress, ie malayalam

കണ്ണൂർ: കൊലപാതകം നടത്താൻ സിപിഎമ്മിൽ പ്രത്യേക ടീമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. രാഷ്ട്രീയ എതിരാളികളെ ഇല്ലായ്മ ചെയ്യാൻ എന്തും ചെയ്യുന്ന പാർട്ടിയാണ് സിപിഎം. തീവ്രവാദ സംഘടനകൾ പോലും ചെയ്യാത്ത തരത്തിലുള്ള കൊലപാതകം സിപിഎമ്മിന് ചെയ്യാനാകുമെന്ന് സതീശൻ മനോരമ ന്യൂസിനോട് പറഞ്ഞു.

ആകാശ് തില്ലങ്കേരിയെ പാർട്ടി തന്നെ വിട്ടതാണ്. ഷുഹൈബ് കേസിലെ പ്രതികളെ മുഴുവൻ സംരക്ഷിച്ചു. കേസ് നടത്തിയത് പാർട്ടിയാണ്. പാർട്ടി നേതാക്കളുടെ നിർദേശപ്രകാരമാണ് ആകാശ് കൊല നടത്തിയത്. സിപിഎമ്മിന്റെ സംസ്ഥാന-ജില്ലാ നേതൃത്വം അറിയാതെ ഒരു കൊലപാതകവും നടക്കില്ല. ആകാശ് തില്ലങ്കേരിയെ സിപിഎമ്മിനും സർക്കാരിനും ഭയമാണ്. സിപിഎമ്മിലെ വിഭാഗീയതയുടെ ഭാഗമാണ് ആകാശിന്റെ വെളിപ്പെടുത്തൽ. കൊലപാതകം ഓർമിപ്പിച്ച് ആകാശ് പാർട്ടിയെ ബ്ലാക്ക്മെയിൽ ചെയ്യുകയാണെന്ന് സതീശൻ അഭിപ്രായപ്പെട്ടു.

സിപിഎം ആളെക്കൊല്ലി പാർട്ടിയാണെന്ന് സംസ്ഥാന സെക്രട്ടറി തന്നെ പറയുന്നു. സിപിഎമ്മിന് ആളുകളെ കൊല്ലാൻ ആകാശിന്റെ സഹായം വേണ്ടെന്നാണ് എം.വി.ഗോവിന്ദൻ പറഞ്ഞതിന്റെ അർഥം. ഗോവിന്ദൻ ജാഥ നടത്തിയതുകൊണ്ട് കൊലപാതകക്കറ മായ്ച്ചു കളയാൻ സാധിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

അതേസമയം, ആകാശിനെ പിന്തുണക്കുന്ന ഒരു വിഭാഗം പാർട്ടി പ്രവർത്തകർക്കും നേതാക്കൾക്കും സിപിഎം മുന്നറിയിപ്പ് നൽകിയിരുന്നു. ആകാശിനെ സഹായിക്കുന്നവ‍ർ പാർട്ടിയിലുണ്ടാകില്ലെന്നാണ് സിപിഎം തില്ലങ്കേരി ലോക്കൽ കമ്മറ്റി അംഗങ്ങൾക്ക് സിപിഎം നേതൃത്വം നൽകിയ താക്കീത്.

ഷുഹൈബ് വധം സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണെന്ന തരത്തിലുള്ള ആകാശ് തില്ലങ്കേരിയുടെ പോസ്റ്റ് വിവാദമായിരുന്നു. പാർട്ടിക്ക് വേണ്ടി കൊലപാതകം നടത്തിയെന്നായിരുന്നു ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതിയായ ആകാശ് തില്ലങ്കേരി ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തിയത്.

പാർട്ടിയുടെ സംരക്ഷണം ലഭിക്കാതായതോടെയാണു ക്വട്ടേഷൻ സംഘങ്ങളിലേക്കു വഴിമാറിപ്പോയതെന്നും തെറ്റുതിരുത്തിക്കാൻ ആരും ശ്രമിച്ചില്ലെന്നുമായിരുന്നു ആകാശ് വ്യക്തമാക്കിയത്. കൊലപാതകത്തിന് ആഹ്വാനം ചെയ്തവര്‍ക്ക് സഹകരണ സ്ഥാപനങ്ങളില്‍ ജോലികിട്ടിയെന്നും നടപ്പാക്കിയവര്‍ക്ക് പട്ടിണിയും പടിയടച്ച് പിണ്ഡംവെക്കലുമാണ് പ്രതിഫലമെന്നും ആകാശ് പറഞ്ഞിരുന്നു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Vd satheesan says special team in cpm for murder