തിരുവനന്തപുരം: ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തെ കുറ്റപ്പെടുത്തി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ചരിത്രത്തിലെ ഏറ്റവും മോശമായ നയപ്രഖ്യാപന പ്രസംഗമാണ് സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഗവര്‍ണര്‍ ഇന്ന് നിയമസഭയില്‍ അവതരിപ്പിച്ചത്. സര്‍ക്കാരുമായുള്ള ഒത്തുതീർപ്പിന്റെ ഫലമാണ് ഈ നയപ്രഖ്യാപന പ്രസംഗമെന്നും അതിലുള്ളത് വസ്തുതയ്ക്ക് നിരക്കാത്ത കാര്യങ്ങളാണെന്നും സതീശൻ പറഞ്ഞു.
സാമ്പത്തിക സ്ഥിതി ഭദ്രമെന്നത് ചിരിപ്പിക്കുന്ന പ്രസ്താവനയാണ്. ശമ്പളം പോലും കൊടുക്കാൻ പറ്റാത്ത അവസ്ഥയാണ്. ആ യാഥാർഥ്യത്തെ മറച്ചുവച്ചു ഗവർണറെ കൊണ്ട് ഇത് പറയിച്ചു. ഏറ്റവും മികച്ച പൊലീസ് കേരളത്തിലേതെന്നാണ് നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ പറഞ്ഞത്. കേരളത്തിലേത് ഏറ്റവും മോശം പൊലീസാണെന്നും സതീശൻ പറഞ്ഞു.
ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനത്തിന് തുടക്കമായിരുന്നു. സംസ്ഥാനത്തിന്റെ നേട്ടങ്ങള്‍ വിവരിച്ചുകൊണ്ടുള്ളതായിരുന്നു ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം. വേർതിരിവില്ലാത്ത സമൂഹമായി കേരളത്തിന് നിലനിൽക്കാൻ കഴിയുന്നുണ്ട്. നാനാത്വം അംഗീകരിച്ച് തന്നെയാണ് സംസ്ഥാനം മുന്നോട്ടു പോകുന്നതെന്ന് ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു.
പതിനഞ്ചാം നിയമസഭയുടെ എട്ടാം സമ്മേളനമാണിത്. ഫെബ്രുവരി മൂന്നിനാണ് ബജറ്റ് അവതരണം. മാർച്ച് 30 വരെയാണ് സഭ സമ്മേളിക്കുക. റിപ്പബ്ലിക് ദിനം മുതൽ 31 വരെ ഇടവേളയാണ്. ഫെബ്രുവരി ഒന്ന്, രണ്ട് തീയതികളിൽ ഗവർണറുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയചർച്ച നടക്കും. ഫെബ്രുവരി 6 മുതൽ 8 വരെ ബജറ്റിന്മേലുള്ള പൊതുചർച്ചയാണ് നടക്കുക. നിയമസഭാ കലണ്ടറിലെ ദൈര്‍ഘ്യമേറിയ സമ്മേളനമാണ് ഇത്.