ബദിയടുക്ക (കാസര്‍കോട്): ക്യാമറ ഇടപാടിനെയും വെല്ലുന്ന അഴിമതിയാണ് കെ ഫോണിന് പിന്നില്‍ നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. അതിന്റെ മുഴുവന്‍ വിവരങ്ങളും പ്രതിപക്ഷത്തിന്റെ കൈവശമുണ്ട്. അഴിമതി ക്യാമറ നടപ്പാക്കാന്‍ കെല്‍ട്രോണിനെയാണ് ഏല്‍പ്പിച്ചതെങ്കില്‍ കെ ഫോണില്‍ ഭാരത് ഇലക്ട്രോണിക്‌സിനെയാണ് (ബെല്‍) ചുമതലപ്പെടുത്തിയത്. 18 മാസത്തിനുള്ളില്‍ 20 ലക്ഷം വീടുകളില്‍ സൗജന്യ ഇന്റര്‍നെറ്റ് കണക്ഷനും 30,000 സര്‍ക്കാര്‍ ഓഫീസുകളില്‍ ഇന്റര്‍നെറ്റ് ശൃംഖലയും സജ്ജമാക്കുകയെന്നതായിരുന്നു 2017ല്‍ ആരംഭിച്ച കെ-ഫോണ്‍ പദ്ധതിയിലൂടെ വാഗ്ദാനം ചെയ്തത്. എന്നാല്‍ ആറ് വര്‍ഷം കഴിഞ്ഞിട്ടും പദ്ധതി നടപ്പാക്കാനായില്ല. 20 ലക്ഷം വീടുകളില്‍ സൗജന്യ ഇന്റര്‍നെറ്റെന്ന വാഗ്ദാനം 14000 മാക്കി ചുരുക്കിയിരിക്കുകയാണെന്ന് സതീശൻ പറഞ്ഞു.
1028.8 കോടി രൂപയായിരുന്നു പദ്ധതിയുടെ ആദ്യ എസ്റ്റിമേറ്റ്. ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ് അടങ്ങുന്ന കണ്‍സോര്‍ഷ്യത്തിനാണ് കരാര്‍ നല്‍കിയത്. 1028.8 കോടിയുടെ പദ്ധതി ഈ കണ്‍സോര്‍ഷ്യത്തിന് നല്‍കിയപ്പോള്‍ 1531 കോടി രൂപയായി ഉയര്‍ന്നു. അതായത് യഥാര്‍ത്ഥ എസ്റ്റിമേറ്റ് തുകയേക്കാള്‍ 520 കോടിയോളം രൂപയാണ് ടെന്‍ഡര്‍ എക്‌സസായി നല്‍കിയത്. സര്‍ക്കാര്‍ കരാറുകളില്‍ പത്ത് ശതമാനത്തില്‍ അധികം ടെന്‍ഡര്‍ എക്‌സസ് നല്‍കാന്‍ പാടില്ലെന്ന് അന്ന് ധനകാര്യ സെക്രട്ടറിയായിരുന്ന കെ.എം എബ്രഹാം ഇറക്കിയ ഉത്തരവിന് വിരുദ്ധമായാണ് 50 ശതമാനം ടെന്‍ഡര്‍ എക്‌സസ് നല്‍കിയത്. 103 കോടി കൊടുക്കേണ്ട സ്ഥാനത്താണ് 50 ശതമാനം ടെന്‍ഡര്‍ എക്‌സസ് നല്‍കിയത്.
എ.ഐ ക്യാമറാ വിവാദത്തിലേത് പോലെ ഇവിടെയും എല്ലാ വഴികളും അവസാനിക്കുന്നത് ഒരു പെട്ടിയിലേക്കാണ്. എ.ഐ ക്യാമറ ഇടപാടിലേത് പോലെ കെ ഫോണിലും കാര്‍ട്ടലുണ്ടാക്കിയാണ് കരാര്‍ നേടിയത്. അഴിമതി ക്യാമറ ഇടപാടില്‍ നടന്നതിന്റെ അതേ മാതൃകയാണ് കെ ഫോണിലും നടപ്പാക്കിയിരിക്കുന്നത്. ഒരേ കമ്പനികള്‍ക്കാണ് ഈ രണ്ട് പദ്ധതികളിലും ലാഭ വിഹിതം ലഭിക്കുന്നതും.
കെ ഫോണ്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പ്രതിപക്ഷം പുറത്ത് വിടും. എ.ഐ ക്യാമറ ഇടപാടിനും കെ ഫോണ്‍ പദ്ധതിക്കും പിന്നില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറുണ്ട്. അഴിമതി ക്യാമറ പോലെ ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് നടന്ന ഏറ്റവും വലിയ അഴിമതികളിലൊന്നാണ് കെ ഫോണ്‍. എന്നിട്ടും മുഖ്യമന്ത്രി ഇന്നലെയും മൗനം തുടര്‍ന്നു. മുഖ്യമന്ത്രി പദവിയില്‍ ഇരുന്ന് അധികാര ദുര്‍വിനിയോഗം നടത്തിയെന്ന ആരോപണം തനിക്കും കുടുംബത്തിനും എതിരെ ഉയര്‍ന്നിട്ടും മിണ്ടാതിരിക്കുന്ന രാജ്യത്തെ ആദ്യ ഭരണാധികാരിയാണ് പിണറായി വിജയന്‍.
പാര്‍ട്ടി പൊതുയോഗങ്ങളിലെ പ്രസംഗത്തില്‍ പ്രതിപക്ഷം പുകമറ സൃഷ്ടിക്കുകയാണെന്ന് പറയുന്ന മുഖ്യമന്ത്രിക്ക് ആ പുകമറ മാറ്റിത്തരാനുള്ള ഉത്തരവാദിത്തമുണ്ട്. ആരോപണങ്ങള്‍ ഉയരുമ്പോള്‍ ഭീരുവിനെ പോലെ ഒളിച്ചോടുന്ന ആദ്യ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. രേഖകള്‍ ഇല്ലാതെ ഒരു ആരോപണവും പ്രതിപക്ഷം ഇതുവരെ ഉന്നയിച്ചിട്ടില്ല. അതിന് മറുപടി നല്‍കാന്‍ മുഖ്യമന്ത്രി തയാറായില്ലെങ്കില്‍ പ്രതിപക്ഷം മറ്റ് മാര്‍ഗങ്ങള്‍ തേടുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.