തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുര്‍വിനിയോഗം ചെയ്‌തെന്ന പരാതിയില്‍ ലോകായുക്തയുടേത് വിചിത്രവിധിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേരളത്തിലെ ഏറ്റവും വലിയ അഴിമതിവിരുദ്ധ സംവിധാനമായ ലോകായുക്തയുടെ വിശ്വാസ്യത മുഴുവന്‍ തകര്‍ക്കുന്നതാണ് വിധിയെന്നും വി ഡി സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കേസില്‍ വിധി പറയാന്‍ ഒരു വര്‍ഷത്തെ കാലതാമാസം എന്തിനായിരുന്നുവെന്നതില്‍ അവക്തതയുണ്ട്. ഹൈക്കോടതി ഇടപെട്ടിലെങ്കില്‍ ഇപ്പോഴും തീരുമാനം ഉണ്ടാകുമായിരുന്നില്ല. ലോകയുക്തയെ ഭീഷണിപ്പെടുത്തി നേടിയ ഉത്തരവാണിതെന്നാണ് സംശയം. വിധി അനന്തമായി നീട്ടുകയാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യം. ഗവര്‍ണറുമായി ധാരണ ഉണ്ടാക്കിയാല്‍ ആ വിഷയത്തിലെ നിലവിലെ സാഹചര്യവും മാറുമെന്നും സതീശന്‍ പറഞ്ഞു.
പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ച് ഹൈക്കോടതി വീണ്ടും ലോകായുക്തയെ സമീപിക്കാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടില്ലായിരുന്നുവെങ്കില്‍ ഒരുകാലത്തും പുറത്തുവരാത്തൊരു വിധിയായി ഇത് മാറുമായിരുന്നു. കേസില്‍ രണ്ടുപേരുടേയും ഭിന്നാഭിപ്രായം അത്ഭുതപ്പെടുത്തുന്നുവെന്നും യഥാര്‍ഥത്തില്‍ ലോകായുക്തയെ ഭീഷണിപ്പെടുത്തി നേടിയ വിധിയാണ് ഇതെന്നും അദ്ദേഹം ആരോപിച്ചു.
ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന ഹര്‍ജിയില്‍ ലോകായുക്ത മൂന്നംഗ വിശാല ബെഞ്ചിന് വിട്ട് ഇന്നാണ് വിധി പറഞ്ഞത്. രണ്ടംഗ ബെഞ്ചില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്നും അതിനാല്‍ മൂന്നംഗ ബെഞ്ചിന് വിടുകയാണെന്നും ജസ്റ്റിസ് സിറിയക് ജോസഫ് അറിയിച്ചു.