കൊച്ചി: ഗോൾവാൾക്കർ പരാമർശത്തിൽ ആർ എസ് എസ് തനിക്കയച്ച നോട്ടീസ് അതർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ആർ എസ് എസിന്റേത് വിചിത്ര നോട്ടീസ് ആണെന്നും നിയമ നടപടി നേരിടാൻ തയ്യാറാണെന്നും സതീശൻ പറഞ്ഞു. പുസ്തകത്തിലെ വാക്യങ്ങൾ ഉദ്ധരിച്ചാണ് ഇക്കാര്യങ്ങൾ പറഞ്ഞതെന്നും വ്യക്തമാക്കി.
ഗോൾവാൾക്കറുടെ വിചാരധാരയിലെ വാക്കുകള്‍ സംബന്ധിച്ച് സതീശൻ നടത്തിയ പരാമർശങ്ങൾക്കെതിരെയാണ് ആർ എസ് എസ് നോട്ടീസ് അയച്ചത്. മുൻ മന്ത്രി സജി ചെറിയാന്റെ രാജിയിലേക്ക് നയിച്ച ഭരണഘടനാ വിരുദ്ധ പ്രസംഗത്തിലെ വാക്കുകൾ ഗോൾവാൾക്കറുടെ വിചാരധാരയിലേതിന് സമമാണെന്ന് ആയിരുന്നു വി.ഡി സതീശന്റെ പരാമർശം.
എന്നാല്‍ ഗോള്‍വാള്‍ക്കറുടെ വിചാരധാരയിൽ സജി ചെറിയാന് പറഞ്ഞ പോലുള്ള വാക്കുകളില്ലെന്നാണ് ആര് എസ് എസ് പ്രതിപക്ഷ നേതാവിന് അയച്ച നോട്ടീസില്‍ പറയുന്നത്. സജി ചെറിയാന് പറഞ്ഞ വാക്കുകള്‍ പുസ്തകത്തിൽ എവിടെയാണെന്ന് കാണിക്കണമെന്നും അതിന് സാധിക്കാത്ത പക്ഷം 24 മണിക്കൂറിനുള്ളിൽ പ്രസ്താവന പിന്‍വലിക്കണം. ഇല്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നുമായിരുന്നു നോട്ടീസിൽ. മേലിൽ ഇത്തരം പ്രസ്താവനകൾ നടത്തരുതെന്നും നോട്ടീസിൽ പറഞ്ഞിരുന്നു. ആര് എസ്എസ് പ്രാന്ത സംഘചാലക് കെ കെ ബലറാമാണ് നോട്ടീസ് അയച്ചത്.
ഇതിനെതിരെയാണ് കടുത്ത മറുപടിയുമായി സതീശൻ രംഗത്തെത്തിയത്. വിചാരധാരയിൽ പറഞ്ഞിരിക്കുന്ന കാര്യവും സജി ചെറിയാന് പറഞ്ഞിരിക്കുന്ന കാര്യവും ഒന്നുതന്നെയാണെന്നും അദ്ദേഹം ആവർത്തിച്ചു. ഭരണഘടനാവിരുദ്ധ പരാമര്‍ശം നടത്തിയ സജി ചെറിയാനെ പുകഴ്ത്താനാണ് പത്രസമ്മേളനത്തില്‍ കോടിയേരിയും ശ്രമിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
ഭരണഘടനാവിരുദ്ധ പരാമര്‍ശവും അംബേദ്ക്കര്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ ശില്പികള്ക്ക് എതിരായ അധിക്ഷേപവും സജി ചെറിയാന് ഇതുവരെ പിന്‍വലിച്ചിട്ടില്ല. പറഞ്ഞത് ശരിയാണെന്നും മാധ്യമങ്ങള്‍ വളച്ചൊടിച്ചെന്നുമാണ് രാജി പ്രഖ്യാപിച്ചു കൊണ്ട് നടത്തിയ പത്രസമ്മേളനത്തിലും പറഞ്ഞത്. പറഞ്ഞത് തള്ളിപ്പറയാത്ത സജി ചെറിയാനെ കോടിയേരി ബാലകൃഷ്ണനും ഉയര്‍ത്തിപ്പിടിക്കുകയാണ് ചെയ്തത്. ഭരണഘടനയെ തള്ളിപ്പറഞ്ഞയാള്‍ ജനാധിപത്യത്തിന്റെ ഉത്തമമാതൃകയാണെന്നാണ് പറയുന്നത്.
മന്ത്രി സ്ഥാനം രാജിവച്ചപ്പോള്‍ ഭരണഘടനയെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ തെറ്റാണെന്ന് പറയാന്‍ സജി ചെറിയാനോട് സി.പി.എം നിര്‍ദ്ദേശിക്കണമായിരുന്നു. പരാമര്‍ശം തെറ്റാണെന്ന് വ്യക്തതയോടെ പറയാന്‍ സി.പി.എമ്മും ഇതുവരെ തയാറായിട്ടില്ല. ഒരു മന്ത്രി രാജിവച്ച് പോയിട്ടും അതേക്കുറിച്ച് ഒന്നും പറയാത്ത ആദ്യ മുഖ്യമന്ത്രിയാണ് പിണറായി വിജയന്. അദ്ദേഹം തനിക്ക് ഇഷ്ടമുള്ളത് മാത്രമെ സംസാരിക്കൂ. ഇഷ്ടമില്ലാത്ത കാര്യങ്ങളില്‍ മുഖ്യമന്ത്രി മൗനം ആയുധമാക്കിയിരിക്കുകയാണെന്നും സതീശൻ ആരോപിച്ചു.
പത്തനംതിട്ട മല്ലപ്പള്ളിയിൽ നടത്തിയ പ്രസംഗത്തിലാണ് സജീ ചെറിയാൻ ഭരണഘടന വിരുദ്ധ പ്രസംഗം നടത്തിയത്. തൊഴിലാളി ചൂഷണത്തെ അംഗീകരിച്ച ഭരണഘടനയാണെന്നും ജനത്തെ കൊള്ളയടിക്കാൻ പറ്റിയ രീതിയിലാണ് ഇന്ത്യൻ ഭരണഘടന തയ്യാറാക്കിയിരിക്കുന്നതെന്നും ജനാധിപത്യം മതേതരത്വം കുന്തം കുടച്ചക്രം എന്നൊക്കെ പേരിനു എഴുതി വച്ചിരിക്കുകയാണെന്നുമായിരുന്നു പ്രസംഗം. ഇതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് സജി ചെറിയനെതിരെ പ്രതിഷേധം ശക്തമായതും ഒടുവിൽ മന്ത്രി സ്ഥാനം രാജിവെക്കുന്നതിലേക്ക് എത്തിയതും.