തിരുവനന്തപുരം: മുഖ്യമന്ത്രിയെ കേസില്‍ നിന്ന് രക്ഷപ്പെടുത്താനാണ് ലോകായുക്ത നിയമത്തില്‍ ഭേദഗതി കൊണ്ടുവരാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കമെന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്. വിഷയത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് ആദ്യം സര്‍ക്കാര്‍ മറുപടി കൊടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
പല്ലും നഖവുമുള്ള കാവല്‍ നായയെന്നാണ് 2019ല്‍ എഴുതിയ ലേഖനത്തില്‍ ലോകായുക്തയെക്കുറിച്ച് മുഖ്യമന്ത്രി പറഞ്ഞത്. 2022ല്‍ തനിക്കെതിരേ കേസ് വന്നപ്പോള്‍ ഇതിനു മാറ്റമുണ്ടായി. ലോകായുക്തയുടെ പല്ല് പറിച്ചെടുക്കാമെന്നാണ് മുഖ്യമന്ത്രി കരുതുന്നത്. അധികാരലെത്തിയപ്പോള് എന്തും ചെയ്യാമെന്ന ധാര്‍ഷ്ട്യമാണ് ഭേദഗതി നീക്കത്തിനു പിന്നില്‍. ലോക്പാലിന്റെ ചുവടുപിടിച്ചുള്ളതാണു ലോകായുക്ത. നേരത്തെ തള്ളിക്കളഞ്ഞ ഭേദഗതി 22 വര്‍ഷത്തിനുശേഷം പിന്‍വാതിലിലൂടെ കൊണ്ടുവരികയാണ്.
മുഖ്യമന്ത്രി പിണറായി വിജയനും ഉന്നതവിദ്യാഭ്യാസ മന്ത്രി ആര് ബിന്ദുവിനുമെതിരായ ക്കെതിരായ കേസ് ഫെബ്രുവരി നാലിന് ലോകായുക്തയില്‍ വരികയാണ്. ഈ സാഹചര്യത്തിലാണ് തിടുക്കപ്പെട്ട് നിയമം ഭേദഗതി ചെയ്യാന്‍ ശ്രമിക്കുന്നത്. 22 വര്‍ഷമായി എല്‍ഡിഎഫ് മുന്നോട്ടുവെയ്ക്കാത്ത ലോകായുക്തയിലെ ഭരണഘടനാ വിരുദ്ധതയെന്ന വാദം മുഖ്യമന്ത്രിക്കെതിരായ കേസ് വന്നപ്പോള്‍ മാത്രമാണ് അവര്‍ ഉന്നയിക്കുന്നത്. ഈ നീക്കം കേസില്‍നിന്ന് രക്ഷപ്പെടാനാണെന്നു വളരെ വ്യക്തമാണ്.
നിയമസഭ പാസാക്കിയ നിയമം ഭരണഘടനാ വിരുദ്ധമെന്ന് പറയുന്നതിന്റെ യുക്തിയെന്താണ്്? നിയമസഭ പാസാക്കിയ നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് പറയാന്‍ യോഗ്യതയുള്ള അധികാരം കോടതിക്കു മാത്രമാണ്. അത് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. കോടതി ഇത് ഭരണഘടനാവിരുദ്ധമെന്ന് പറഞ്ഞില്ലല്ലോ? ലോകായുക്ത നിയമം ഒരിക്കല്‍ രാഷ്ട്രപതിയുടെ അനുമതി കിട്ടിയതാണ്. അതിനാല്‍ വലിയ ഭേദഗതി വരുമ്പോള്‍ രാഷ്ട്രപതിയുടെ അനുമതിക്ക് അയയ്ക്കണം.
ലോകായുക്തയെ ദുര്‍ബലപ്പെടുത്താനുള്ള നീക്കത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മന്ത്രിമാരും ഉന്നയിക്കുന്ന വാദങ്ങള്‍ ന്യായീകരണം മാത്രമാണ്. കോടിയേരിയുടെ വ്യാഖ്യാനം പുതിയതാണ്. ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നതിലെ ദുരൂഹത സിപിഐ ഉയര്‍ത്തിയിട്ടുണ്ട്. വിഷയത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് സര്‍ക്കാരും കോടിയേരിയും ആദ്യം മറുപടി കൊടുക്കട്ടെ. സെക്രട്ടറിമാരുടെ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യാതെ മുന്നണിയില്‍ ചര്‍ച്ച ചെയ്യാതെ എടുത്ത തീരുമാനമാണിത്.
അട്ടപ്പാടിയിലെ മധുവിന്റെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന കുടുംബത്തിന്റെ ആവശ്യം ന്യായമാണെന്നും സതീശന് പറഞ്ഞു. കേസില്‍ തുടക്കം മുതല്‍ വീഴ്ചകളുണ്ടായിട്ടുണ്ട്. പഴുതടച്ചുള്ള പുനരന്വേഷണം വേണം. നിലവിലെ രീതിയില്‍ വിചാരണ മുന്നോട്ടു പോയാല്‍ പ്രതികള്‍ രക്ഷപ്പെടും. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കേസ് കൃത്യമായി നടത്താന്‍ കഴിയുന്നില്ല. പൊലീസ് തിരിഞ്ഞുനോക്കുന്നില്ല. നടിയെ ആക്രമിച്ച കേസില്‍ പഴയ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സില്‍വര്‍ ലൈന്‍ പദ്ധതിക്കതിരെ നിലപാടെടുത്ത സാംസ്കാരിക പ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണത്തിനെതിരെയും സതീശന് പ്രതികരിച്ചു. സാംസ്കാരിക പ്രവര്‍ത്തകരെ സിപിഎം സൈബര്‍ പ്രവര്‍ത്തകര്‍ ക്രൂരമായി ആക്രമിക്കുകയാണ്. ഗൗരിലങ്കേഷിനെ ആക്രമിച്ച സംഘപരിവാറും ഇവിടുള്ള സിപിഎം സൈബര്‍ സംഘവും തമ്മില്‍ എന്താണ് വ്യത്യാസമെന്നു ചോദിച്ച അദ്ദേഹം, ഇത് സ്റ്റാലിനിസ്റ്റ് റഷ്യയല്ല, ജനാധിപത്യ ഇന്ത്യയാണെന്നും ഓര്‍മപ്പെടുത്തി.