Latest News

സർക്കാരുകളുടേത് നികുതി ഭീകരത; സംസ്ഥാനം സബ്‌സിഡി നൽകണമെന്ന് വി.ഡി.സതീശൻ

കേന്ദ്രത്തിന്റെ ഇപ്പോഴത്തെ നികുതി കുറയ്ക്കൽ തട്ടിപ്പ് ഡിസ്‌കൗണ്ട് ആണെന്നും സതീശൻ പറഞ്ഞു

vd satheesan, congress, ie malayalam
ഫയൽ ചിത്രം

തിരുവനന്തപുരം: കേന്ദ്ര സംസ്ഥാന സർക്കാരുകൾ നടത്തുന്നത് നികുതി ഭീകരതയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കേന്ദ്രം നികുതി കുറച്ചതു പോലെ സംസ്ഥാനവും നികുതി കുറയ്ക്കണമെന്നും ഇപ്പോഴത്തെ വിലക്കുറവ് താത്കാലിക ആശ്വാസം മാത്രമാണെന്നും വി.ഡി.സതീശൻ പറഞ്ഞു.

ഇപ്പോൾ ഉണ്ടായിരിക്കുന്നത് നിസാര കുറവ് മാത്രമാണ്. വില ഇനിയും ഉയരും. യുഡിഎഫ് സമരവുമായി മുന്നോട്ട് പോകുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. കേന്ദ്രത്തിന്റെ ഇപ്പോഴത്തെ നികുതി കുറയ്ക്കൽ തട്ടിപ്പ് ഡിസ്‌കൗണ്ട് ആണെന്നും സതീശൻ പറഞ്ഞു. 50 രൂപയുടെ സാധനത്തിന് 75 രൂപ വിലയിട്ട് 70 രൂപയ്ക്ക് വിൽക്കുന്നത് പോലെയാണെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക ബാധ്യത മനസിലാക്കുന്നുവെന്നു പറഞ്ഞ സതീശൻ കേന്ദ്ര സർക്കാർ ഇന്ധനവില ഉയർത്തുമ്പോൾ ലഭിക്കുന്ന അധിക വരുമാനം ഫ്യൂവൽ സബ്‌സിഡിയായോ കുറച്ചോ നൽകാനാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ടാക്സി, മത്സ്യത്തൊഴിലാളി, സ്കൂൾ ബസ്, പ്രൈവറ്റ് ബസുകൾ എന്നിങ്ങനെ വിവിധ മേഖലകളിൽ സാഹചര്യമനുസരിച്ച് സബ്സിഡി ഏർപ്പെടുത്താൻ സർക്കാർ തയ്യാറാവണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Also Read: കേന്ദ്ര നടപടി പോക്കറ്റടിക്കാരന്റെ ന്യായം പോലെ, കേരളം നികുതി കുറയ്ക്കില്ല: ധനമന്ത്രി

അതേസമയം, എക്സൈസ് തീരുവ കുറച്ച കേന്ദ്ര നടപടിയെ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ സ്വാഗതം ചെയ്തു. വൈകിയെങ്കിലും സദ്ബുദ്ധി തോന്നിയതിന് കേന്ദ്രസര്‍ക്കാരിനോട് നന്ദിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാർ നികുതി കുറച്ചിട്ടും സംസ്ഥാന സർക്കാർ അതിനു തയ്യാറായില്ലെങ്കിൽ സമരം സർക്കാരിനെതിരെയാകുമെന്ന മുന്നറിയിപ്പും കെപിസിസി പ്രസിഡന്റ് നൽകി.

സംസ്ഥാന സർക്കാർ ഇന്ധന നികുതി കുറയ്ക്കാൻ തയ്യാറായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും പറഞ്ഞു. ഇന്ധനവിലയുടെ കാര്യത്തിൽ സംസ്ഥാനം കേന്ദ്ര സർക്കാരിനെ മാതൃകയാക്കണമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Vd satheesan on fuel tax reduction asks kerala govt to give fuel subsidy

Next Story
കേന്ദ്ര നടപടി പോക്കറ്റടിക്കാരന്റെ ന്യായം പോലെ, കേരളം നികുതി കുറയ്ക്കില്ല: ധനമന്ത്രിBudget 2021, KN Balagopal, Finance Minister
The moderation of comments is automated and not cleared manually by malayalam.indianexpress.com